| Tuesday, 20th October 2020, 4:18 pm

കേന്ദ്ര ഏജന്‍സികളെ മോദി രാഷ്ട്രീയ ഉപകരണമാക്കി മാറ്റുന്നു, ഞാനടക്കം അതിന്റെ ഇര; സ്വര്‍ണക്കടത്ത് കേസില്‍ സത്യം തെളിയുമെന്നും രാഹുല്‍ ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

വയനാട്: കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ പ്രധാനമന്ത്രിയുടെ സ്വകാര്യ ഉപകരണമല്ലെന്ന് എം. പി രാഹുല്‍ ഗാന്ധി. അന്വേഷണ ഏജന്‍സികള്‍ രാജ്യത്തെ ജനങ്ങളുടെ നീതി ഉറപ്പാക്കാന്‍ വേണ്ടിയാണ് പ്രവര്‍ത്തിക്കേണ്ടതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘ഈ സര്‍ക്കാര്‍ കേന്ദ്ര ഏജന്‍സികളെ രാഷ്ട്രീയ ഉപകരണമാക്കി മാറ്റുന്ന ഒരു രീതി ഇപ്പോഴുണ്ട്. സര്‍ക്കാരിന്റെ ഇഷ്ടത്തിന് വിരുദ്ധമായി ആരെങ്കിലും എന്തെങ്കിലും ചെയ്താല്‍ അവര്‍ക്കെതിരെ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് സമ്മര്‍ദ്ദം ചെലുത്തുകയും ഭീഷണപ്പെടുത്തുകയും ചെയ്യുന്ന രീതിയാണ് കണ്ട് വരുന്നത്. ഇത് ഫാറൂഖ് അബ്ദുള്ളയ്ക്ക് മാത്രം സംഭവിക്കുന്ന കാര്യമല്ല, പലര്‍ക്കും സംഭവിക്കുന്നുണ്ട്. ഞാനും വ്യക്തിപരമായി ഇതേ ആക്രമണം നേരിടുന്നുണ്ട്. ഇത് ഒരിക്കലും ശരിയായ രീതിയല്ല.

ഇത്തരം നടപടികള്‍ സ്വീകരിക്കുന്നത് ഈ സ്ഥാപനങ്ങളെ ഇല്ലാതാക്കാനേ ഉപകരിക്കൂ. ഈ സ്ഥാപനങ്ങളൊക്കെ രാജ്യത്തെ ജനങ്ങള്‍ക്ക് നീതി ഉറപ്പാക്കാനാണ് പ്രവര്‍ത്തിക്കേണ്ടത്. അല്ലാതെ രാഷ്ട്രീയ ഉപകരണമായല്ല. പ്രത്യേകിച്ചും ഇത് രാജ്യത്തിന് വേണ്ടി പ്രവര്‍ത്തിക്കേണ്ടതാണ്, അല്ലാതെ പ്രധാനമന്ത്രിയുടെ സ്വകാര്യ ഉപകരണമായല്ല,’ രാഹുല്‍ പറഞ്ഞു.

സി.ബി.ഐയെയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെയും ഇത്തരത്തില്‍ ഉപയോഗിക്കുന്നതിനെ ഒരിക്കലും പ്രോത്സാഹിപ്പിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളത്തിലെ സ്വര്‍ണക്കടത്ത് കേസില്‍ സത്യം പുറത്ത് വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

‘സ്വര്‍ണക്കടത്ത് കേസില്‍ എന്‍.ഐ.എ തുടങ്ങി മറ്റ് കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം നടത്തുന്നുണ്ട്. ആ അന്വേഷണങ്ങള്‍ എങ്ങനെയാണ് പോകുന്നതെന്ന് നോക്കാം. എല്ലാത്തിനും ഒടുവില്‍ സത്യം പുറത്ത് വരും,’ രാഹുല്‍ ഗാന്ധി പറഞ്ഞു.

മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കമല്‍നാഥിന്റെ ഐറ്റം പരാമര്‍ശത്തെയും രാഹുല്‍ ഗാന്ധി എതിര്‍ത്തു. അത്തരം ഒരു പരാമര്‍ശത്തോട് യോജിക്കുന്നില്ലെന്നും രാഹുല്‍ഗാന്ധി പറഞ്ഞു.

കൊവിഡിനെതിരെ പോരാടുന്നതില്‍ കേരളത്തിന് വീഴ്ചയുണ്ടായെന്ന കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്റെ പ്രസ്താവന നിര്‍ഭാഗ്യകരമെന്നും രാഹുല്‍ ഗാന്ധി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു.

കേന്ദ്രമന്ത്രി ഹര്‍ഷവര്‍ധന്റെ ഭാഗത്ത് നിന്നുണ്ടായ പ്രസ്താവന നിര്‍ഭാഗ്യകരമാണെന്നും രാജ്യം കൊവിഡിനെതിരെ ഒരുമിച്ചാണ് പോരാടുന്ന ഘട്ടത്തില്‍ ഒരു ഭാഗത്തെ മാത്രം ചൂണ്ടു വിരലുയര്‍ത്തി കുറ്റം പറയുന്നത് ശരിയായ നടപടിയല്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. കേരളത്തിലും വയനാട്ടിലും കൊവിഡ് പ്രതിരോധം മികച്ച രീതിയിലാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായാണ് രാഹുല്‍ ഗാന്ധി വയനാട്ടിലെത്തിയത്. കഴിഞ്ഞ ദിവസമാണ് രാഹുല്‍ തന്റെ മണ്ഡലത്തിലെത്തിയത്. കൊവിഡുമായി ബന്ധപ്പെട്ട് രാഹുല്‍ മലപ്പുറം ജില്ലാ കളക്ടറുമായും വയനാട് ജില്ലാ കളക്ടറുമായും കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Rahul Gandhi said central investigation agencies are not Modi’s personal instrument

We use cookies to give you the best possible experience. Learn more