|

രാഹുല്‍ ഗാന്ധിയുടെ ട്വിറ്റര്‍ അക്കൗണ്ട് താല്‍ക്കാലികമായി നീക്കം ചെയ്യപ്പെട്ടുവെന്ന് കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ട്വിറ്റര്‍ അക്കൗണ്ട് താല്‍ക്കാലികമായി സസ്‌പെന്‍ഡ് ചെയ്യപ്പെട്ടുവെന്ന് കോണ്‍ഗ്രസ് നേതൃത്വം. പാര്‍ട്ടിയുടെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ ഇക്കാര്യം അറിയിച്ചത്.

രാഹുലിന്റെ അക്കൗണ്ട് പുനസ്ഥാപിക്കാനുള്ള നടപടിക്രമങ്ങള്‍ നോക്കിവരികയാണെന്നും പാര്‍ട്ടി നേതൃത്വം പറഞ്ഞു.

‘രാഹുല്‍ ഗാന്ധിയുടെ ട്വിറ്റര്‍ അക്കൗണ്ട് താല്‍ക്കാലികമായി സസ്‌പെന്‍ഡ് ചെയ്യപ്പെട്ടിരിക്കുന്നു. അക്കൗണ്ട് പുനസ്ഥാപിക്കാനുള്ള നടപടികളെ പറ്റി ആലോചിച്ച് വരികയാണ്. അതുവരെ സോഷ്യല്‍ മീഡിയയിലെ മറ്റ് പ്ലാറ്റ്‌ഫോമുകളില്‍ കൂടി അദ്ദേഹം നിങ്ങളോട് സംവദിക്കുന്നതായിരിക്കും,’ കോണ്‍ഗ്രസ് പാര്‍ട്ടി ട്വീറ്റ് ചെയ്തു.

നേരത്തെ ദല്‍ഹിയില്‍ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ദളിത് ബാലികയുടെ മാതാപിതാക്കളുടെ ചിത്രം രാഹുല്‍ ട്വീറ്റ് ചെയ്തതും വിവാദമായിരുന്നു. ഇതേത്തുടര്‍ന്ന് രാഹുലിന്റെ ട്വീറ്റ് ട്വിറ്റര്‍ നീക്കം ചെയ്യുകയായിരുന്നു.

ദേശീയ ബാലാവകാശ സംരക്ഷണ വകുപ്പിന്റെ നിര്‍ദ്ദേശപ്രകാരമാണ് ട്വിറ്ററിന്റെ നടപടി. രാഹുലിന്റെ ട്വീറ്റ് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ബാലാവകാശ സംരക്ഷണ വകുപ്പ് ആഗസ്റ്റ് 4 ന് ട്വിറ്ററിന് നോട്ടീസ് അയച്ചിരുന്നു.

രാഹുല്‍ ട്വീറ്റ് ചെയ്ത ചിത്രം പെണ്‍കുട്ടിയെ തിരിച്ചറിയാന്‍ കാരണമാകുമെന്നും അത് നീക്കം ചെയ്യണമെന്നുമാണ് ബാലാവകാശ കമ്മീഷന്റെ നോട്ടീസില്‍ പറയുന്നത്. അക്കൗണ്ടിനെതിരെ നടപടിയെടുക്കണമെന്നും ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശിക്കുന്നുണ്ട്.

നിലവില്‍ രാഹുലിന്റെ ട്വിറ്ററില്‍ ആ ചിത്രം കാണാന്‍ സാധിക്കുന്നില്ല. നോ ലോങര്‍ അവയ്ലെബിള്‍ എന്നാണ് കാണുന്നത്.

കൊല്ലപ്പെട്ട ഒന്‍പതുകാരിയുടെ മാതാപിതാക്കളുടെ ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ച സംഭവത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ കേസ് എടുത്തിരുന്നു. ദല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അഭിഭാഷകന്‍ വിനീത് ജിന്‍ഡാല്‍ നല്‍കിയ പരാതിയിലായിരുന്നു നടപടി. പരാതിയില്‍ പോക്സോ നിയമത്തിലെ വകുപ്പ് 23 പ്രകാരവും ശിശുസംരക്ഷണ നിയമത്തിലെ 74-ാം വകുപ്പ്, ഐ.പി.സി 228 എ വകുപ്പുകള്‍ പ്രകാരവും കുറ്റകരമായ കാര്യമാണ് രാഹുല്‍ ചെയ്തതെന്നാണ് പറയുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights; Rahul Gandhi’s Twitter account temporarily suspended, says Congress