| Monday, 12th August 2019, 9:12 am

'രാഹുലിന്റെ വാക്കുകള്‍ പാക്കിസ്ഥാന്റെ കാതുകളില്‍ സംഗീതം പോലെ'- കശ്മീര്‍ വിഷയത്തില്‍ കേന്ദ്ര സഹമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ജമ്മു കശ്മീര്‍ വിഷയത്തില്‍ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഭയം ജനിപ്പിക്കുകയാണെന്നും അദ്ദേഹത്തിന്റെ വാക്കുകള്‍ പാക്കിസ്ഥാന്റെ കാതുകളില്‍ സംഗീതം പോലെയാണെന്നും കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിങ്. ഇങ്ങനെ ഭയം ജനിപ്പിച്ചാണ് കോണ്‍ഗ്രസും നാഷണല്‍ കോണ്‍ഫറന്‍സും ഇത്രകാലം അതിജീവിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യാ ടുഡേയോട് സംസാരിക്കവെയായിരുന്നു സിങ് ഇക്കാര്യം പറഞ്ഞത്. ശനിയാഴ്ച കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗത്തിനിടെ മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു കശ്മീരിനെക്കുറിച്ചുള്ള രാഹുലിന്റെ പരാമര്‍ശം.

കശ്മീരില്‍ ആളുകള്‍ മരിച്ചുകൊണ്ടിരിക്കുകയാണ് എന്നായിരുന്നു രാഹുല്‍ പറഞ്ഞത്. എന്നാല്‍ കശ്മീരിലെ സ്ഥിതി മെച്ചപ്പെടരുതെന്ന ആഗ്രഹത്തില്‍ നിന്നാണ് കോണ്‍ഗ്രസ് ഇതൊക്കെ പറയുന്നതെന്ന് സിങ് കുറ്റപ്പെടുത്തി.

‘തങ്ങള്‍ക്കു മാത്രമേ കശ്മീര്‍ ജനതയെ രക്ഷിക്കാനാകൂ എന്ന അന്തരീക്ഷം സൃഷ്ടിക്കാനാണ് കോണ്‍ഗ്രസ് മനപ്പൂര്‍വം ഇത്തരത്തില്‍ പറയുന്നത്. ഭയം ജനിപ്പിച്ച് നേട്ടമുണ്ടാക്കുക എന്നതാണ് അവരുടെയും സഖ്യകക്ഷികളുടെയും രീതി. സ്ഥിതി മെച്ചപ്പെടരുതെന്നാണ് അവര്‍ ആഗ്രഹിക്കുന്നത്.’- സിങ് പറഞ്ഞു.

കശ്മീര്‍ താഴ്‌വരയില്‍ ഭയമുണ്ടാക്കുകയും ഭീകരാക്രമണ ഭീഷണി ഉയര്‍ത്തുകയും ചെയ്യുകയാണ് പാക്കിസ്ഥാനെന്നും സിങ് ആരോപിച്ചു. കശ്മീര്‍ ഇന്ത്യയുടെ ഭാഗമാണ് എന്നംഗീകരിക്കാന്‍ പാക്കിസ്ഥാന് കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ആര്‍.എസ്.എസിനെ വിമര്‍ശിച്ച പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെയും സിങ് രൂക്ഷമായി വിമര്‍ശിച്ചു. മുന്‍ഗാമികളായ സുല്‍ഫിക്കര്‍ അലി ഭൂട്ടോ, ബേനസീര്‍ ഭൂട്ടോ, നവാസ് ഷെരീഫ് എന്നിവരുടെ അതേ വിധിയായിരിക്കും തനിക്കെന്ന് ഖാന്‍ വിചാരിക്കുന്നുണ്ടെന്നും അതുകൊണ്ടാണ് അദ്ദേഹം അതു പറഞ്ഞതെന്നും സിങ് ആരോപിച്ചു.

നേരത്തേ ആര്‍.എസ്.എസിനെ നാസികളോട് ഖാന്‍ ഉപമിച്ചിരുന്നു. ആര്‍.എസ്.എസിന്റെ പ്രത്യയശാസ്ത്രം നാസികള്‍ക്കു തുല്യമാണെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം.

പാക്കിസ്ഥാന്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന ഭീകരവാദത്തിനെതിരെ സര്‍ക്കാരിനു കൃത്യമായ നയമുണ്ടെന്നും അത് മിന്നലാക്രമണങ്ങളില്‍ തെളിഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു.

കശ്മീരില്‍ വന്‍ പ്രതിഷേധങ്ങള്‍ നടന്നെന്നും സുരക്ഷാ സൈനികരുടെ ഭാഗത്തുനിന്നു വെടിവെപ്പ് ഉണ്ടായെന്നുമുള്ള വാര്‍ത്തകള്‍ അദ്ദേഹം തള്ളിയിട്ടുണ്ട്.

കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ കശ്മീരില്‍ ഒരു വെടി പോലും പൊട്ടിയിട്ടില്ല.ചില പ്രതിഷേധങ്ങള്‍ നടന്നിട്ടുണ്ട്. പക്ഷേ വെടിവെപ്പുണ്ടായിട്ടില്ല. അരക്ഷിതാവസ്ഥ സൃഷ്ടിക്കാനാണു വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

We use cookies to give you the best possible experience. Learn more