വാഗ്ദാനങ്ങളെല്ലാം ഇന്ന് മുതല്‍ നടപ്പിലാക്കും, കര്‍ണാടകയിലേത് അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് വേണ്ടി നിലകൊണ്ടതിന്റെ വിജയം: രാഹുല്‍
national news
വാഗ്ദാനങ്ങളെല്ലാം ഇന്ന് മുതല്‍ നടപ്പിലാക്കും, കര്‍ണാടകയിലേത് അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് വേണ്ടി നിലകൊണ്ടതിന്റെ വിജയം: രാഹുല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 20th May 2023, 6:13 pm

ബെംഗളൂരു: കര്‍ണാടകയിലെ കോണ്‍ഗ്രസിന്റെ വിജയം അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കൊപ്പം നിന്ന് പാര്‍ട്ടി നയത്തിന് ലഭിച്ച അംഗീകാരമാണെന്ന് രാഹുല്‍ ഗാന്ധി. പാവപ്പെട്ടവര്‍ക്കും ദുര്‍ബലര്‍ക്കും പിന്നോക്കാവസ്ഥയിലുള്ളവര്‍ക്കും ദളിതര്‍ക്കും വേണ്ടി നിലനില്‍ക്കാനുള്ള പാര്‍ട്ടിയുടെ തീരുമാനം കൊണ്ടാണ് ജയിക്കാനായതെന്നും കര്‍ണാടകയിലെ പുതിയ ഗവണ്‍മെന്റിന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു.

‘കോണ്‍ഗ്രസ് എന്തുകൊണ്ട് വിജയിച്ചു എന്നത് വിശകലനം ചെയ്ത് മാധ്യമങ്ങള്‍ ധാരാളം എഴുതിയിട്ടുണ്ട്. ഒരുപാട് വിശകലനങ്ങളും സിദ്ധാന്തങ്ങളും വന്നിട്ടുണ്ട്. എന്നാല്‍ അതിന് ഒരു കാരണമേ ഉണ്ടായിരുന്നുള്ളൂ. അത് കര്‍ണാടകയിലെ പാവപ്പെട്ടവര്‍ക്കും ദുര്‍ബലര്‍ക്കും പിന്നോക്കാവസ്ഥയിലുള്ളവര്‍ക്കും ദലിതര്‍ക്കും വേണ്ടിയാണ് കോണ്‍ഗ്രസ് പോരാടിയത് എന്നതാണ്. ഞങ്ങളുടെ കൂടെ സത്യവും പാവപ്പെട്ട ജനങ്ങളുടെ ശക്തിയും മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ മറു വശത്ത്, ബി.ജെ.പിയുടെ കൂടെ പണക്കാരും പൊലീസും പണവും ഉണ്ടായിരുന്നു. എന്നാല്‍ കര്‍ണാടകയിലെ ജനങ്ങള്‍ ഇതിനെയെല്ലാം,അവരുടെ അഴിമതിയെയും വെറുപ്പിനെയുമെല്ലാം തോല്‍പ്പിച്ചു,’ രാഹുല്‍ ഗാന്ധി പറഞ്ഞു.

കഴിഞ്ഞ അഞ്ച് വര്‍ഷമായി ജനങ്ങള്‍ അനുഭവിച്ച് കൊണ്ടിരിക്കുന്ന ദുരിതങ്ങളെക്കുറിച്ച് തനിക്ക് അറിയാമെന്ന് കര്‍ണാടകയിലെ ജനങ്ങളെ അഭിനന്ദിച്ചു കൊണ്ട് രാഹുല്‍ഗാന്ധി പറഞ്ഞു. കര്‍ണാടകയില്‍ സ്നേഹം പൂവണിയുമെന്ന് ഭാരത് ജോഡോ യാത്രക്കിടെ പറഞ്ഞതു പോലെ ഇപ്പോള്‍ സംഭവിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയായി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രിയായി ഡി.കെ ശിവകുമാറും സത്യ പ്രതിജ്ഞ ചെയ്തപ്പോള്‍ ഇലക്ഷനു മുമ്പ് പാര്‍ട്ടി നല്‍കിയ അഞ്ച് വാഗ്ദാനങ്ങളെ കുറിച്ച് രാഹുല്‍ ഗാന്ധി വിശദീകരിച്ചു.

‘ ഞങ്ങള്‍ തെറ്റായ വാഗ്ദാനങ്ങള്‍ നല്‍കുന്നില്ല എന്ന് ഞാന്‍ നിങ്ങളോട് പറഞ്ഞതു പോലെ, മന്ത്രിസഭാ യോഗം ചേരുന്നതോടെ അഞ്ച് തെരഞ്ഞെടുപ്പ്‌ വാഗ്ദാനങ്ങളും ഇന്ന് പാസാക്കും. പറഞ്ഞതെന്താണോ അതിലേക്ക് ഞങ്ങള്‍ എത്തിച്ചേരും. മിഡില്‍ ക്ലാസ് ജനങ്ങളുടെ ക്ഷേമം സര്‍ക്കാര്‍ നടപ്പാക്കും. ഞങ്ങള്‍ നിങ്ങള്‍ക്ക് വൃത്തിയായ, അഴിമതി രഹിതമായ ഒരു ഗവണ്‍മെന്റിനെ തരും,’ രാഹുല്‍ ഗാന്ധി പറഞ്ഞു.

എന്‍.സി.പി അദ്ധ്യക്ഷന്‍ ശരദ് പവാര്‍, തമിഴ് നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍, നാഷണല്‍ കോണ്‍ഫെറന്‍സ് ലീഡര്‍ ഫറൂഖ് അബ്ദുള്ള, പി.ഡി.പി ലീഡര്‍ മെഹബൂബ മുഫ്തി, കമല്‍ ഹാസന്‍, ബീഹാര്‍ ഉപമുഖ്യമന്ത്രി നിതീഷ് കുമാര്‍, തേജസ്വി യാദവ്, സി.പി.എം ലീഡര്‍ സീതാറാം യെച്ചൂരി എന്നിവരും സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുത്തു.

CONTENT HIGHLIGHT: Rahul Gandhi’s speech at the swearing-in ceremony in Karnataka