| Monday, 11th April 2022, 9:18 am

'ചൗക്കിദാര്‍ ചോര്‍ ഹേ'; ഇമ്രാന്‍ ഖാന്റെ പടിയിറക്കത്തിന് പിന്നാലെ പാകിസ്ഥാനിലെ റാലിയില്‍ രാഹുല്‍ ഗാന്ധിയുടെ മുദ്രാവാക്യം; വീഡിയോ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇസ്‌ലമാബാദ്: പാക്കിസ്ഥാന്‍ പ്രധാനമന്ത്രി സ്ഥാനത്ത് നിന്നും ഇമ്രാന്‍ ഖാനെ പുറത്താക്കിയതിന് പിന്നാലെ അദ്ദേഹത്തിന്റെ പാര്‍ട്ടിയായ പാക്കിസ്ഥാന്‍ തെഹരീക്ക് ഇ ഇന്‍സാഫ് നടത്തിയ റാലിയില്‍ ‘ചൗക്കിദാര്‍ ചോര്‍ ഹേ’ (കാവല്‍ക്കാരന്‍ കള്ളനാണ്) മുദ്രാവാക്യം വിളിച്ച് ജനകൂട്ടം. ഇമ്രാന്‍ ഖാനെ അനുകൂലിച്ച് നടത്തിയ റാലിയില്‍ പാക്കിസ്ഥാന്‍ സൈന്യത്തിനെതിരെയാണ് ഇമ്രാന്‍ അനുകൂലികള്‍ മുദ്രാവാക്യം മുഴക്കിയത്.

റാഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങിച്ചതുമായി ബന്ധപ്പെട്ട അഴിമതിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രാഹുല്‍ ഗാന്ധി ഉയര്‍ത്തിയ മുദ്രാവാക്യമായിരുന്നു കാവല്‍ക്കാരന്‍ കള്ളനാണ് എന്നത്.

പഞ്ചാബ് പ്രവശ്യയിലെ ലാല്‍ ഹവേലിയില്‍ തടിച്ചുകൂടിയ ജനക്കൂട്ടം സൈന്യം ഇമ്രാന്‍ ഖാന്റെ സ്ഥാനം തട്ടിയെടുത്തു എന്നാരോപിച്ചു. മുന്‍ ആഭ്യന്തര മന്ത്രി ഷെയ്ഖ് റാഷിദ് മുദ്രാവാക്യം വിളിക്കുന്നതില്‍ നിന്നും ജനക്കൂട്ടത്തെ പിന്തിരിപ്പിക്കാന്‍ നോക്കിയെങ്കിലും സാധിച്ചില്ല.

പാകിസ്ഥാന്‍ സമയം ശനിയാഴ്ച രാവിലെ 10:30യോട് കൂടിയായിരുന്നു ഇമ്രാന്‍ ഖാനെതിരായ അവിശ്വാസ പ്രമേയത്തിന്റെ അസംബ്ലി നടപടികള്‍ ആരംഭിച്ചത്. പ്രമേയത്തിന്മേല്‍ ചര്‍ച്ച ആരംഭിച്ചിരുന്നെങ്കിലും പിന്നീട് ഉച്ചക്ക് 12:30 വരെ അസംബ്ലി നടപടികള്‍ നിര്‍ത്തിവെച്ചിരുന്നു.

പിന്നീട് ഒരു മണി കഴിഞ്ഞ് സഭ ചേര്‍ന്നെങ്കിലും റംസാന്‍ വ്രതത്തിന്റെ ഭാഗമായി ഇഫ്താര്‍ നടക്കാനുള്ളതിനാല്‍ അതിന് ശേഷം ചേരാനായി വീണ്ടും സഭ പിരിയുകയായിരുന്നു. പിന്നീട് രാത്രി വൈകിയാണ് അസംബ്ലി ചേര്‍ന്നതും അര്‍ധരാത്രി കഴിഞ്ഞ് വോട്ടെടുപ്പ് നടന്നതും.

342 അംഗങ്ങളുള്ള പാകിസ്ഥാന്‍ നാഷണല്‍ അസംബ്ലിയില്‍ ഭൂരിപക്ഷം തെളിയിക്കണമെങ്കില്‍ 172 അംഗങ്ങളുടെ പിന്തുണയയിരുന്നു വേണ്ടത്. എന്നാല്‍ പ്രതിപക്ഷത്തിന് 174 അംഗങ്ങളുടെ പിന്തുണ ലഭിച്ചു. ഇതോടെ പാകിസ്ഥാന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 95 പ്രകാരം ഇമ്രാന് പ്രധാനമന്ത്രി സ്ഥാനത്ത് നിന്നും പുറത്താവുകയായിരുന്നു.

പാകിസ്ഥാനില്‍ പുതിയ പ്രധാനമന്ത്രിയെ തിങ്കളാഴ്ച തെരഞ്ഞെടുക്കും. ഞായറാഴ്ച ഉച്ചതിരിഞ്ഞ് രണ്ട് മണിക്കുള്ളില്‍ പുതിയ പ്രധാനമന്ത്രിയെ നിയമിക്കേണ്ടതിന്റെ നോമിനേഷന്‍ പേപ്പറുകള്‍ സമര്‍പ്പിക്കാമെന്ന് പാകിസ്ഥാന്‍ മുസ്ലിം ലീഗ് (നവാസ്) നേതാവ് അയാസ് സാദിഖ് വ്യക്തമാക്കി.

മൂന്ന് മണിക്കുള്ളില്‍ നോമിനേഷനുകളുടെ പരിശോധന നടത്തുമെന്നും തിങ്കളാഴ്ച രാവിലെ 11 മണിക്ക് പാകിസ്ഥാന്‍ ദേശീയ അസംബ്ലി പുതിയ പ്രധാനമന്തിയെ തെരഞ്ഞെടുക്കാന്‍ സമ്മേളിക്കുമെന്നും സാദിഖ് അറിയിച്ചു.

പ്രതിപക്ഷ നേതാവും മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ സഹോദരനുമായ ഷെഹബാസ് ഷെരീഫായിരിക്കും അടുത്ത പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെടുക. അവിശ്വാസ പ്രമേയം അവതരിപ്പിച്ച സമയത്ത് തന്നെ തങ്ങളുടെ പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള നോമിനിയായി പി.എം.എല്‍-എന്‍ നേതാവ് ഷഹബാസ് ഷെരീഫിനെ പ്രതിപക്ഷം തെരഞ്ഞെടുത്തിരുന്നു.

Content Highlight: Rahul Gandhi’s slogan at a rally in Pakistan after Imran Khan’s ouster

We use cookies to give you the best possible experience. Learn more