രാഹുലിന്റെ രാജി ബി.ജെ.പിയുടെ കെണിയില്‍ വീഴുന്നതിന് തുല്യം; ആത്മഹത്യാപരമെന്നും ലാലു
D' Election 2019
രാഹുലിന്റെ രാജി ബി.ജെ.പിയുടെ കെണിയില്‍ വീഴുന്നതിന് തുല്യം; ആത്മഹത്യാപരമെന്നും ലാലു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 28th May 2019, 11:39 am

 

ന്യൂദല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ പദവിയില്‍ നിന്നും രാഹുല്‍ ഗാന്ധി രാജിവെക്കരുതെന്ന് രാഷ്ട്രീയ ജനതാ ദള്‍ നേതാവ് ലാലു പ്രസാദ് യാദവ്.

ബി.ജെ.പിയുടെ കെണിയില്‍ വീഴുന്നതിന് തുല്യമാണ് ഇതെന്നും കോണ്‍ഗ്രസിന് മാത്രമല്ല സംഘപരിവാറിെതിരെ പോരാടുന്ന എല്ലാ രാഷ്ട്രീയ സാമൂഹ്യ ശക്തികള്‍ക്കും ഇത് തിരിച്ചടിയാണെന്നും ലാലു പറഞ്ഞു.

ഗാന്ധി കുടുംബത്തില്‍ നിന്നല്ലാത്ത ഒരാള്‍ അധ്യക്ഷ പദവിയില്‍ വന്നാല്‍ തന്നെ അയാളെ ഒരു പാവയാക്കി വെച്ചിരിക്കുകയാണെന്ന ആരോപണം ഉയരും. എന്തിനാണ് അത്തരമൊരു ആരോപണം കൂടി പ്രതിപക്ഷത്തിന് ഉന്നയിക്കാനുള്ള അവസരം നല്‍കുന്നതെന്നും ലാലു പ്രസാദ് യാദവ് ചോദിച്ചു.

മോദി സര്‍ക്കാരിന്റെ വിജയം പ്രതിപക്ഷം അംഗീകരിക്കണം. എവിടെയാണ് പിഴവ് വന്നതെന്ന് പ്രതിപക്ഷം ഒന്നടങ്കം ചര്‍ച്ച ചെയ്യണം. കൃത്യമായ തീരുമാനങ്ങളിലെത്തണം- ലാലു പ്രസാദ് പറഞ്ഞു.

രാഹുല്‍ ഗാന്ധി രാജി തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുന്ന സാഹചര്യക്കില്‍ പുതിയ അധ്യക്ഷനെ തേടുകയാണ് കോണ്‍ഗ്രസ് എന്നും റിപ്പോര്‍ട്ടുണ്ട്. സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും പുതിയ അധ്യക്ഷനുവേണ്ടിയുള്ള ചര്‍ച്ചകള്‍ക്കമായി കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി ഈ ആഴ്ച ചേരുമെന്നാണ് അറിയുന്നത്.

സ്ഥാനമൊഴിയാനുള്ള തന്റെ തീരുമാനത്തില്‍നിന്ന് രാഹുല്‍ ഗാന്ധി പിന്നോട്ട് പോയിട്ടില്ല. എങ്കിലും തീരുമാനം പുന:പരിശോധിക്കാന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ രാഹുല്‍ഗാന്ധിയില്‍ ശ്രമം സമ്മര്‍ദം തുടരുകയാണ്.

സോണിയ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കരുതെന്നും രാഹുല്‍ ഗാന്ധി നിര്‍ബന്ധം പിടിക്കുന്നുണ്ട്. ഗാന്ധി കുടുംബത്തില്‍നിന്നല്ലാതെ പാര്‍ട്ടിയെ നയിക്കാന്‍ പുതിയ ആള്‍ വരണമെന്നാണ് രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശം.

അധ്യക്ഷ പദവി ഒഴിഞ്ഞാലും പാര്‍ട്ടിയുടെ മുന്‍നിരയില്‍ താന്‍ സജീവമായി ഉണ്ടാകുമെന്ന് രാഹുല്‍ ഗാന്ധി നേതാക്കള്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്. രാഹുല്‍ ഗാന്ധിയുടെ രാജി തീരുമാനത്തെ തുടര്‍ന്ന് അധ്യക്ഷ പദവി ഏറ്റെടുക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ സോണിയ ഗാന്ധിയില്‍ സമ്മര്‍ദം ചെലുത്തുന്നുണ്ട്.