| Wednesday, 9th February 2022, 8:37 am

എന്റെ മുത്തച്ഛന് ആരുടെയും സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല; വിമര്‍ശിക്കാം, പക്ഷെ സ്വന്തം ജോലി കൃത്യമായി ചെയ്താല്‍ മതി; മോദിക്ക് മറുപടി നല്‍കി രാഹുല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കോണ്‍ഗ്രസിനെയും മുന്‍ പ്രധാനമന്ത്രി നെഹ്‌റുവിനെയും വിമര്‍ശിച്ച് സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ തിരിച്ചടിച്ച് രാഹുല്‍ ഗാന്ധി.

തന്റെ മുത്തച്ഛന്റെ കാര്യത്തില്‍ തനിക്ക് ആരുടെയും സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് പറഞ്ഞ രാഹുല്‍, പ്രധാനമന്ത്രിക്ക് കോണ്‍ഗ്രസിനെയും നെഹ്‌റുവിനെയും വേണ്ടുവോളം അപമാനിക്കാമെന്നും എന്നാല്‍ തന്റെ ജോലി അദ്ദേഹം കൃത്യമായി ചെയ്താല്‍ മതിയെന്നും പറഞ്ഞു.

”എന്റെ മുത്തച്ഛന്‍ ഈ രാജ്യത്തെ സേവിച്ചയാളാണ്. തന്റെ ജീവിതം മുഴുവന്‍ അദ്ദേഹം രാജ്യത്തിന് വേണ്ടി സമര്‍പ്പിച്ചു. അദ്ദേഹത്തിന് വേണ്ടി എനിക്ക് ആരുടെയും സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല,” രാഹുല്‍ ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞു.

മോദി കോണ്‍ഗ്രസിനെ ആക്രമിക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന്, കോണ്‍ഗ്രസ് സത്യം പറയുന്നത് കൊണ്ട് മോദിക്ക് കോണ്‍ഗ്രസിനെ ഭയമാണെന്നും മോദിയുടെ കോണ്‍ഗ്രസിനെതിരെയും നെഹ്‌റുവിനെതിരെയുമുള്ള ആക്രമണം തന്നെ ബാധിക്കുന്നില്ലെന്നും രാഹുല്‍ പ്രതികരിച്ചു.

”അദ്ദേഹത്തിന് അല്‍പം ഭയമുണ്ട്. കാരണം കോണ്‍ഗ്രസ് സത്യം തുറന്ന് പറയും. അദ്ദേഹത്തിന്റെ മുഴുവന്‍ ബിസിനസും കിടക്കുന്നത് മാര്‍ക്കറ്റിങ്ങിലാണ്.

അദ്ദേഹത്തിന് ബന്ധങ്ങളുണ്ട്, സുഹൃത്തുക്കളുണ്ട്, അതുകൊണ്ട് ഉള്ളില്‍ ഭയമുണ്ടാകും. അതാണ് പാര്‍ലമെന്റില്‍ കണ്ടതും.

ആ മുഴുവന്‍ പ്രസംഗവും കോണ്‍ഗ്രസിനെക്കുറിച്ചായിരുന്നു. കോണ്‍ഗ്രസ് ചെയ്യാതിരുന്ന കാര്യങ്ങളെക്കുറിച്ച്. എന്നാല്‍ ബി.ജെ.പി ചെയ്ത കാര്യങ്ങളെക്കുറിച്ച് പ്രധാനമന്ത്രി ഒന്നും മിണ്ടിയില്ല. അദ്ദേഹത്തിന് ഭയമാണ്,” രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

എന്താണ് രാജ്യത്തിന്റെ പ്രധാനമന്ത്രി ചെയ്തുകൊണ്ടിരിക്കുന്നത് എന്ന് ഇവിടത്തെ ജനങ്ങള്‍ അറിയേണ്ടത് പ്രധാനമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

പ്രസിഡന്റിന്റെ ലോക്‌സഭയിലെ പ്രസംഗത്തിനുള്ള നന്ദിപ്രമേയത്തിനിടെയായിരുന്നു കഴിഞ്ഞദിവസം മോദി കോണ്‍ഗ്രസിനെയും നെഹ്‌റു-ഗാന്ധി കുടുംബത്തെയും വിമര്‍ശിച്ച് സംസാരിച്ചത്.


Content Highlight: Rahul Gandhi’s reply to Modi for his criticism against Congress and the Nehru-Gandhi family

We use cookies to give you the best possible experience. Learn more