| Saturday, 14th November 2020, 9:37 am

ഒബാമയുടെ ഭാര്യ മിഷേലിനെ പറ്റി അന്ന് രാഹുല്‍ ഗാന്ധി പറഞ്ഞത്; ചര്‍ച്ചയായത് രാഹുല്‍ ഉദാസീനനെന്ന ഒബാമയുടെ പരാമര്‍ശത്തിനു പിന്നാലെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ പറ്റി മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ തന്റെ പുസ്തകത്തില്‍ പരാമര്‍ശിച്ചത് കഴിഞ്ഞ ദിവസം വന്‍ വാര്‍ത്തയായിരുന്നു. രാഹുല്‍ ഒരു വിഷയത്തിലും താല്പര്യമില്ലാത്ത ഒരാളെന്നാണ് രാഹുല്‍ ഗാന്ധിയെക്കുറിച്ച് ഒബാമ പറഞ്ഞിരുന്നത്.

ഇതിനിടെ മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒബാമയുടെ ഭാര്യ മിഷേല്‍ ഒബാമയെ പറ്റി രാഹുല്‍ ഗാന്ധി നടത്തിയ വിവാദ പരാമര്‍ശം ഇപ്പോള്‍ വീണ്ടും ചര്‍ച്ചയാവുകയാണ്. 2017 ല്‍ രാഹുല്‍ഗാന്ധി കോണ്‍ഗ്രസിന്റെ വൈസ് പ്രസിഡന്റായിരുന്ന സമയത്ത് ഉത്തര്‍പ്രദേശില്‍ നടത്തിയ ഒരു റാലിയില്‍ നടത്തിയ പരാമര്‍ശമാണ് വിവാദമായത്.

ഉത്തര്‍പ്രദേശ് നിര്‍മ്മിത ഉല്‍പന്നങ്ങള്‍ക്ക് വരും വര്‍ഷങ്ങളില്‍ വിദേശ മാര്‍ക്കറ്റില്‍ വന്‍ സ്വീകാര്യത ലഭിക്കുമെന്ന് പറഞ്ഞുകൊണ്ടായിരുന്നു രാഹുല്‍ മിഷേലിനെ പറ്റി സംസാരിച്ചത്.

‘ ഒബാമയുടെ ഭാര്യ അടുക്കളയില്‍ ഭക്ഷണം പാകം ചെയ്യുന്ന സമയത്ത് അവര്‍ അടുക്കള സാമഗ്രികളെ ആരാധിക്കും, ആ അടുക്കള പാത്രങ്ങളില്‍ മേഡ് ഇന്‍ ജയ്പൂര്‍ എന്ന വാക്ക് കൊത്തി വെച്ചിരിക്കും,’ രാഹുല്‍ ഗാന്ധി പറഞ്ഞു.

അമേരിക്കയുടെ പ്രഥമ വനിതയായിരുന്ന മിഷേല്‍ ഒബാമയെ രാഹുല്‍ ഗാന്ധി അടുക്കളയില്‍ ഒതുക്കുക്കൊണ്ട് പരാമര്‍ശം നടത്തി എന്നായിരുന്നു അന്ന് ഉയര്‍ന്നു വന്ന വിമര്‍ശനം. രാഹുലിനെതിരെ നിരവധി ട്രോളുകളും അന്ന് വന്നിരുന്നു.

എ പ്രോംമിസ്ഡ് ലാന്‍ഡ് എന്ന പുസ്തകത്തിലായിരുന്നു ഒബാമ രാഹുല്‍ ഗാന്ധിയെ പറ്റി പരാമര്‍ശിച്ചത്. ഒരു വിഷയത്തിലും താല്പര്യമില്ലാത്ത ഒരാളെന്നാണ് രാഹുല്‍ എന്നാണ് ഒബാമ പറഞ്ഞിരിക്കുന്നത്. അധ്യാപകനില്‍ മതിപ്പ് ഉണ്ടാക്കാന്‍ തീവ്രമായി ആഗ്രഹിക്കുന്ന വിദ്യാര്‍ഥിയാണെങ്കിലും ആ വിഷയത്തില്‍ മുന്നിട്ട് നില്‍ക്കാനുള്ള അഭിരുചിയോ ഉത്സാഹമോ ഇല്ലാത്ത ഒരാളാണ് രാഹുലെന്നും ഒബാമ പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ  ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Rahul Gandhi’s remark for Michelle Obama back in focus after Obama book

We use cookies to give you the best possible experience. Learn more