| Thursday, 11th August 2022, 10:27 am

'ബ്ലാക്ക് മാജിക്' പരാമര്‍ശം; പ്രധാനമന്ത്രി പദത്തിന്റെ അന്തസ് കളയരുത്: രാഹുല്‍ ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ‘ബ്ലാക്ക് മാജിക്’ പരിഹാസത്തില്‍ മോദിക്ക് മറുപടിയുമായി രാഹുല്‍ ഗാന്ധി. നിങ്ങളുടെ കള്ളത്തരങ്ങള്‍ മറയ്ക്കാന്‍ പ്രധാന മന്ത്രി പദത്തിന്റെ അന്തസ് കളയരുതെന്ന് രാഹുല്‍ ഗാന്ധി മോദിയുടെ പ്രസ്താവനക്കെതിരെ പറഞ്ഞു.

‘ബ്ലാക്ക് മാജിക്’ പോലുള്ള അന്ധവിശ്വാസങ്ങള്‍ പറഞ്ഞ് മോദി സ്വന്തം കൊള്ളരുതായ്മകള്‍ മറച്ചുവെക്കുന്നുവെന്നും രാഹുല്‍ ഗാന്ധി ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമര്‍ശിച്ചു.

വിലക്കയറ്റവും തൊഴിലില്ലായ്മയും മോദി കാണുന്നില്ലെയെന്നും, പൊതു പ്രശ്‌നങ്ങളില്‍ മറുപടി പറയേണ്ടിവരുമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, വിലക്കയറ്റത്തിനെതിരായി രാജ്യവ്യാപകമായി കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി പരിഹസിച്ചിരുന്നു.

രാജ്യത്തുണ്ടാകുന്ന വിലക്കയറ്റത്തിനെതിരെ കറുത്ത വസ്ത്രം ധരിച്ചുകൊണ്ട് പ്രതിഷേധിച്ച കോണ്‍ഗ്രസിന്റെ രീതിയെ ദുര്‍മന്ത്രവാദവുമായി (Black Magic) താരതമ്യപ്പെടുത്തിക്കൊണ്ടാണ് മോദി പരാമര്‍ശിച്ചത്.

‘ബ്ലാക്ക് മാജിക്കില്‍ വിശ്വസിക്കുന്നവര്‍ക്ക് ഒരിക്കലും ജനങ്ങളുടെ വിശ്വാസം നേടാന്‍ കഴിയില്ല. ചിലര്‍ നിരാശയിലും നെഗറ്റിവിറ്റിയിലും മുങ്ങി മന്ത്രവാദം നടത്തുന്നു. ബ്ലാക്ക് മാജിക് പ്രചരിപ്പിക്കാനുള്ള ശ്രമം നടന്നത് ഓഗസ്റ്റ് അഞ്ചിന് നമ്മള്‍ കണ്ടതാണ്. കറുത്ത വസ്ത്രം ധരിച്ചതുകൊണ്ട് നിരാശയുടെ സമയം അവസാനിക്കുമെന്നാണ് ഇക്കൂട്ടര്‍ കരുതുന്നത്.’ മോദി പറഞ്ഞു.

അതേസമയം, അയോധ്യയിലെ രാമക്ഷേത്ര ശിലാസ്ഥാപന ചടങ്ങിനെതിരെയാണ് കോണ്‍ഗ്രസിന്റെ പ്രതിഷേധമെന്നായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആരോപിച്ചത്. ശിലാസ്ഥാപനത്തിന്റെ വാര്‍ഷികമായിരുന്നു ഓഗസ്റ്റ് അഞ്ച്.

വിലക്കയറ്റത്തിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി കോണ്‍ഗ്രസ് ‘ചലോ രാഷ്ട്രപതി ഭവന്‍’ മാര്‍ച്ച് ആസൂത്രണം ചെയ്തിരുന്നു. എന്നാല്‍ പ്രതിഷേധത്തിന് ദല്‍ഹി പൊലീസ് അനുമതി നിഷേധിക്കുകയും രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയുമുള്‍പ്പെടെയുള്ള നേതാക്കളെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ഇതിന് പിന്നാലെ പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്നും കേന്ദ്ര സര്‍ക്കാരിനെതിരെ കടുത്ത പ്രതിഷേധമായിരുന്നു ഉയര്‍ന്നത്.

Content Highlight: Rahul Gandhi’s Reaction about PM Narendra Modi’s Black Magic Statement

Latest Stories

We use cookies to give you the best possible experience. Learn more