| Friday, 24th March 2023, 12:55 pm

രാഹുൽ ​ഗാന്ധിയുടേത് ദയനീയമായ ജാതീയ ചിന്താ​ഗതി: ജെ.പി നദ്ദ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: മോദി പരാമർശത്തിന് പിന്നാലെ രാഹുൽ ഗാന്ധിയെ വിമർശിച്ച് ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ. ഒ.ബി.സി സമുദായങ്ങളെ കള്ളന്മാരോട് ഉപമിച്ചത് വഴി രാഹുൽ ഗാന്ധിയുടെ ജാതീയ ചിന്താഗതിയെക്കുറിച്ച് ജനങ്ങൾക്ക് വ്യക്തമായെന്നാണ് നദ്ദയുടെ വാദം.

‘ചൗക്കിദാർ ചോർ ഹേ’, റഫാൽ ഇടപാടിലെ അഴിമതികൾ തുടങ്ങി പ്രധാനമന്ത്രിക്കെതിരെ രാഹുൽ ഗാന്ധി നടത്തിയ പരാമർശങ്ങൾ നിലവാരമില്ലാത്തതാണെന്നും നദ്ദ കൂട്ടിച്ചേർത്തു.

‘ഒ.ബി.സി വിഭാഗങ്ങളെ കള്ളന്മാരോട് ഉപമിച്ചതിലൂടെ രാഹുൽ ഗാന്ധിയുടെ ജാതീയ ചിന്താഗതി എത്രത്തോളമാണെന്ന് വ്യക്തമായി. അദ്ദേഹത്തിന്റെ പുതിയ പരാമർശത്തിൽ അതിശയിക്കാൻ പാകത്തിന് ഒന്നുമില്ല. കഴിഞ്ഞ ഏതാനും വർഷങ്ങളായി അദ്ദേഹം നടത്തുന്ന പരാമർശങ്ങൾ രാഷ്ട്രീയ നിലവാരമില്ലാത്തവയാണ്.

നുണകളും, അപവാദങ്ങളും, വിദ്വേഷ പ്രചരണങ്ങളും രാഹുൽ ഗാന്ധിയുടെ അഭിവാജ്യഘടകങ്ങളാണ്. 2019ന് മുമ്പുള്ള കാലഘട്ടം നോക്കിയാൽ അന്ന് രാഹുൽ ഗാന്ധിയുടെ പ്രധാന വിഷയം റഫാൽ ആയിരുന്നു. എവിടെ പോയാലും റഫാലിനെക്കുറിച്ച് സംസാരിക്കും.

തെരഞ്ഞെടുപ്പിന് മുമ്പ് അദ്ദേഹം എല്ലായിടത്തും പോയി റഫാലിനെ കുറിച്ച് സംസാരിച്ചിരുന്നു. അന്ന് ഇന്ത്യയിലെ ജനങ്ങൾ അദ്ദേഹത്തോട് ക്ഷമിച്ചില്ല. 2024ൽ രാഹുൽ ഗാന്ധിക്കുള്ള ശിക്ഷ പഴയതിനേക്കാൾ ഭയാനകമായിരിക്കും,’ നദ്ദ പറഞ്ഞു.

2019ലെ തെരഞ്ഞെടുപ്പ് റാലിക്കിടെ മോദി എന്ന പേരിനെ അപമാനിച്ച് സംസാരിച്ചെന്ന കേസിൽ രാഹുൽ ​ഗാന്ധി കുറ്റക്കാരനാണെന്ന് സൂറത്ത് കോടതി വിധിച്ചിരുന്നു. രണ്ട് വർഷം തടവിനാണ് കോടതി ഉത്തരവിട്ടത്. ഇതിന് പിന്നാലെ കോടതി ​രാഹുൽ ​ഗാന്ധിക്ക് ജാമ്യം അനുവദിച്ചു.

ഗുജറാത്ത് മുൻ മന്ത്രി പൂർണേഷ് മോദി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് രാഹുലിനെതിരെ കേസ് ഫയൽ ചെയ്തത്. രാജ്യത്തെ കള്ളന്മാർക്കൊക്കെ എന്തുകൊണ്ടാണ് മോദിയെന്ന സർനെയിം ഉള്ളതെന്നായിരുന്നു രാഹുൽ പറഞ്ഞത്. ലളിത് മോദിയെയും നീരവ് മോദിയെയും പരാമർശിച്ചായിരുന്നു രാഹുലിന്റെ പ്രസംഗം. കേസിൽ ഐ.പി.സി 499, 500 വകുപ്പുകൾ പ്രകാരമാണ് ഗുജറാത്ത് പൊലീസ് രാഹുലിനെതിരെ കേസെടുത്തിരുന്നത്.

2019ൽ കർണാടകയിലെ കോലാറിൽ നടത്തിയ തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു രാഹുലിന്റെ വിവാദ പരാമർശമുണ്ടായത്. സൂറത്ത് കോടതിയുടെ വിധിക്ക് പിന്നാലെ പതിനായിരം രൂപയുടെ ബോണ്ടിലാണ് രാഹുലിന് ജാമ്യം അനുവദിച്ചിരിക്കുന്നത്.

സിറ്റിങ് എം.പി എന്ന നിലക്ക് വിധിയിൽ അടിയന്തര നടപടി സ്വീകരിക്കേണ്ടതില്ലെന്നും 30 ദിവസത്തിനുള്ളിൽ വിധിക്കെതിരെ അപ്പീൽ നൽകാമെന്നും സൂറത്ത് ചീഫ് മജിസ്‌ട്രേറ്റ് കോടതി അറിയിച്ചിട്ടുണ്ട്. ഈ വർഷം ഫെബ്രുവരിയിലാണ് കേസിൽ രാഹുൽ നേരിട്ട് ഹാജരാകണമെന്ന് കോടതി വിധിച്ചത്.

Content Highlight: Rahul Gandhi’s pathetic caste mentality: JP Nadda

We use cookies to give you the best possible experience. Learn more