നീറ്റ് പരീക്ഷയിൽ ചർച്ചയില്ല; ലോക്സഭയിൽ രാഹുൽ ഗാന്ധിയുടെ മൈക്ക് ഓഫ് ചെയ്ത് സ്‌പീക്കർ
national news
നീറ്റ് പരീക്ഷയിൽ ചർച്ചയില്ല; ലോക്സഭയിൽ രാഹുൽ ഗാന്ധിയുടെ മൈക്ക് ഓഫ് ചെയ്ത് സ്‌പീക്കർ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 28th June 2024, 3:06 pm

ന്യൂദൽഹി: നീറ്റ് പരീക്ഷ വിവാദം ഉയർത്തിയുള്ള പ്രതിപക്ഷ പ്രതിഷേധത്തിനിടയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ മൈക്ക് ഓഫ് ചെയ്ത് സ്‌പീക്കർ. ലോക്സഭയിൽ സഭാ നടപടികൾ നിർത്തി വെച്ച് വിഷയം ചർച്ച ചെയ്യണമെന്ന കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികളുടെ ആവശ്യത്തിൽ സഭ സ്തംഭിക്കുകയും ഉച്ചയ്ക്ക് 12 മണി വരെ സഭ നടപടികൾ നിർത്തിവെക്കുകയും ചെയ്തിരുന്നു.

Also Read: റോഡ് സൈഡിൽ അവന്റെ ഫ്ലക്സ് ഉയർന്നു നിൽക്കുന്നു അതും പ്രേമിച്ചുകൊണ്ട്, എനിക്ക് ശരിക്കും അഭിമാനം തോന്നി: റോഷൻ മാത്യു

നീറ്റ് വിഷയം ചർച്ച ചെയ്യണമെന്ന ആവശ്യത്തിൽ സ്പീക്കർ അനുകൂല നയം സ്വീകരിച്ചിരുന്നില്ല. രാഷ്‌ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചർച്ച നടക്കേണ്ടതിനാൽ വിഷയം ഇന്ന് ചർച്ച ചെയ്യാനാവില്ലെന്നാണ് സ്പീക്കർ ഓം ബിർള പറഞ്ഞത്. എന്നാൽ പ്രതിപക്ഷം ഈ ആവശ്യം അംഗീകരിക്കാൻ തയ്യാറാവാതെ വരികയും ലോക്സഭയിൽ പ്രതിഷേധിക്കുകയുമായിരുന്നു.

രാജ്യത്തെ യുവാക്കളുടെ ഭാവിയെ ബാധിക്കുന്ന പ്രശ്നത്തിന് അടിയന്തര പ്രാധാന്യം നൽകണമെന്നു പറഞ്ഞു കൊണ്ടാണ് രാഹുൽ ഗാന്ധി വിഷയം അവതരിപ്പിച്ചത്. എന്നാൽ വിഷയത്തിൽ പ്രതികരണം നടത്താൻ തുടങ്ങിയപ്പോഴേക്കും മൈക്ക് ഓഫ് ചെയ്യുകയായിരുന്നു.

രാഹുൽ ഗാന്ധി സ്പീക്കർ ഓം ബിർളയോട് മൈക്രോഫോൺ ആക്‌സസ് ചെയ്യാൻ അഭ്യർത്ഥിക്കുന്ന വീഡിയോ കോൺഗ്രസ് എക്‌സിൽ പങ്കിട്ടു.
നീറ്റ് വിവാദത്തിൽ സംവാദം വേണമെന്നും സർക്കാരിനോട് പ്രസ്താവന വേണമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

രാജ്യസഭയിലും സഭ നിർത്തി വെച്ച് കൊണ്ട് വിഷയം ചർച്ച ചെയ്യണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷം നോട്ടീസ് നൽകിയിരുന്നു. ചട്ടം 262 പ്രകാരം സഭ നിർത്തി വെച്ച് വിഷയം ചർച്ച ചെയ്യണമെന്ന് രാജ്യസഭയിൽ കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ആവശ്യപ്പെട്ടു. വിഷയത്തിൽ കേന്ദ്ര വിദ്യഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയും പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.

Content Highlight: Rahul Gandhi’s mic muted as he raised NEET issue in Lok Sabha, claims Congress