Advertisement
national news
പട്ടിണി സൂചികയിലും സന്തോഷ സൂചികയിലും പിന്നിലായെങ്കില്‍ എന്ത്, അടുത്ത് തന്നെ വിദ്വേഷ സൂചികയില്‍ ഒന്നാമതെത്തുമല്ലോ: രാഹുല്‍ ഗാന്ധി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Mar 19, 04:26 pm
Saturday, 19th March 2022, 9:56 pm

ന്യൂദല്‍ഹി: കഴിഞ്ഞ ദിവസം യു.എന്‍ അന്താരാഷ്ട്ര സന്തോഷ സൂചികാ പട്ടിക പുറത്തുവിട്ടതിന് പിന്നാലെ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. സന്തോഷ സൂചികയില്‍ പിന്നിലായെങ്കിലും വിദ്വേഷ സൂചികയില്‍ അടുത്ത് തന്നെ ഒന്നാമതെത്തുമെന്നായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.

ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

‘പട്ടിണി സൂചികയില്‍ 101ാമത്, സ്വാതന്ത്ര്യ സൂചികയില്‍ 119ാമത്, സന്തോഷ സൂചികയില്‍ 136ാം സ്ഥാനത്ത്. പക്ഷേ നമ്മള്‍ ഉടന്‍ തന്നെ വിദ്വേഷ സൂചികയില്‍ ഒന്നാമതെത്തും എന്ന കാര്യം ഉറപ്പാണ്.

യു.എന്നിന്റെ അന്താരാഷ്ട്ര സന്തോഷ സൂചിക പട്ടികയില്‍ 136ാം സ്ഥാനമായിരുന്നു ഇന്ത്യയ്ക്കുണ്ടായിരുന്നത്. 146 രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യ 136ാം സ്ഥാനത്തെത്തിയിരിക്കുന്നത്. പുറത്തുവിട്ടത്.

പാകിസ്ഥാനും ബംഗ്ലാദേശുമടക്കമുള്ള ഇന്ത്യയുടെ അയല്‍ രാജ്യങ്ങള്‍ സന്തോഷ സൂചികയില്‍ ഇന്ത്യയെക്കാള്‍ മുന്നിലാണ്. 103ാം സ്ഥാനമാണ് പാകിസ്ഥാനുള്ളതെങ്കില്‍ 99ാം സ്ഥാനത്താണ് ബംഗ്ലാദേശ്.

കഴിഞ്ഞ തവണയും അവസാന പത്തിലായിരുന്നു ഇന്ത്യയുടെ സ്ഥാനം. 2021ലെ റിപ്പോര്‍ട്ട് അനുസരിച്ച് 149 രാജ്യങ്ങളുടെ പട്ടികിയില്‍ 139ാം സ്ഥാനമായിരുന്നു ഇന്ത്യയ്ക്കുണ്ടായിരുന്നത്.

ആറ് പ്രധാന വേരിയബിളുകള്‍ (Variables) ഉപയോഗിച്ചാണ് സന്തോഷ പട്ടിക യു.എന്‍ തയ്യാറാക്കുന്നത്. വരുമാനം, ആയുര്‍ദൈര്‍ഘ്യം, പ്രശ്ന സമയങ്ങളിലെ പരാശ്രയം, മഹാമനസ്‌കത, സ്വാതന്ത്ര്യം, വിശ്വാസം, (Income, Healthy life expectancy, Having someone to count on in times of trouble, Generosity, Freedom and Trust) എന്നിവയാണ് ആ വേരിയബിളുകള്‍. ഇതുകൂടാതെ സര്‍ക്കാരിലെ അഴിമതിയില്ലായ്മയെയും ഹാപ്പിനെസ് ഇന്‍ഡെക്സ് കണക്കാക്കാന്‍ യു.എന്‍ ഉപയോഗിക്കുന്നു.

ഫിന്‍ലാന്‍ഡാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത്. തുടര്‍ച്ചയായ അഞ്ചാം തവണയാണ് ഫിന്‍ലാന്‍ഡ് പട്ടികയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തുന്നത്. 7.842 പോയിന്റാണ് ഫിന്‍ലാന്‍ഡിനുള്ളത്. അഫ്ഗാനിസ്ഥാനാണ് പട്ടികയിലെ അവസാന സ്ഥാനക്കാര്‍.

ഫിന്‍ലാന്‍ഡ്, ഡെന്‍മാര്‍ക്ക്, ഐസ്ലാന്‍ഡ്, സ്വിറ്റ്സര്‍ലാന്‍ഡ്, നെതര്‍ലാന്‍ഡ്, ലക്സംബര്‍ഗ്, സ്വീഡന്‍, നോര്‍വേ, ഇസ്രഈല്‍, ന്യൂസിലാന്‍ഡ് എന്നിവരാണ് സന്തോഷ സൂചികയിലെ ആദ്യ പത്ത് സ്ഥാനക്കാര്‍.

സാംബിയ (137), മലാവി (138), ടാന്‍സാനിയ (139), സിയേറ ലിയോണ്‍ (140), ലെസോത്തോ (141), ബോട്സ്വാന (142), റുവാണ്ട (143), സിംബാബ്വേ (144), ലെബനന്‍ (145), അഫ്ഗാനിസ്ഥാന്‍ (146) എന്നീ രാജ്യങ്ങളാണ് പട്ടികയില്‍ ഏറ്റവും അവസാന സ്ഥാനങ്ങളില്‍ ഇടംപിടിച്ചിരിക്കുന്നത്.

 

Content Highlight: Rahul Gandhi’s jibe against central government after UN Publishes the World’s Happiness Index