വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ രാഹുല്‍ ഗാന്ധി അവഗണിക്കുന്നതാണ് കോണ്‍ഗ്രസിന്റെ തകര്‍ച്ചക്ക് കാരണം: ബിപ്ലബ് കുമാര്‍ ദേബ്
national news
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ രാഹുല്‍ ഗാന്ധി അവഗണിക്കുന്നതാണ് കോണ്‍ഗ്രസിന്റെ തകര്‍ച്ചക്ക് കാരണം: ബിപ്ലബ് കുമാര്‍ ദേബ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 11th February 2022, 8:46 am

അഗര്‍ത്തല: രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ്. രാഹുല്‍ ഗാന്ധിയുടെ അശ്രദ്ധയാണ് രാജ്യത്തിന്റെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന് കോണ്‍ഗ്രസ് തുടച്ചുനീക്കപ്പെടാന്‍ കാരണമായതെന്ന് ബിപ്ലബ് കുമാര്‍ ദേബ് ട്വീറ്റ് ചെയ്തു.

തന്റെ ട്വീറ്റുകളില്‍ രാഹുല്‍ ഗാന്ധി വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ പരാമര്‍ശിക്കാത്തതിനെതിരെയാണ് ബിപ്ലബ് കുമാര്‍ ദേബ് രംഗത്തെത്തിയാത്.

തന്റെ മുതുമുത്തച്ഛന്‍ ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിനെ പോലെ രാഹുല്‍ ഗാന്ധിയും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ഒഴിവാക്കിയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘രാഹുല്‍ ഗാന്ധി നമ്മുടെ മനോഹരമായ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ മറന്നു. തന്റെ മുത്തച്ഛനെപ്പോലെ, അദ്ദേഹവും ഞങ്ങളുടെ പ്രദേശത്തെ ഒഴിവാക്കി. ഞങ്ങളും ഇന്ത്യയുടെ അഭിമാന ഭാഗമാണ്. നിങ്ങളുടെ അജ്ഞതയാണ് നിങ്ങളുടെ പാര്‍ട്ടിയെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന് മൊത്തത്തില്‍ തുടച്ചുനീക്കുന്നതിന് കാരണമാകുന്നത്,’ ദേബ് ഒരു ട്വീറ്റില്‍ പറഞ്ഞു.

വടക്ക് കിഴക്കന്‍ മേഖലയെക്കുറിച്ച് പരാമര്‍ശിക്കാത്തതില്‍ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയും രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ചിരുന്നു.

ഗാന്ധി തന്റെ ട്വീറ്റില്‍ വടക്കുകിഴക്കന്‍ മേഖലയെക്കുറിച്ച് മറന്നുവെന്നും ഗുജറാത്ത് മുതല്‍ പശ്ചിമ ബംഗാള്‍ വരെ നീളുന്ന ഇന്ത്യയെക്കുറിച്ചാണ് സംസാരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യ എന്നത് ഒരു കൂട്ടായ്മ മാത്രമല്ലെന്നും രാഷ്ട്രം, ദേശീയത, ദേശസ്‌നേഹം, എന്നിവയുമായി കോണ്‍ഗ്രസ് നേതാവിന് എന്താണിത്ര പ്രശ്നമെന്നും ബിശ്വ ശര്‍മ ചോദിച്ചിരുന്നു.

വിഭജന മനോഭാവമാണ് രാഹുല്‍ ഗാന്ധിക്കുള്ളത് എന്നാല്‍ ഇന്ത്യയെ അതിന് കീഴില്‍ ബന്ദിയാക്കാന്‍ സാധിക്കില്ലെന്നും ശര്‍മ പറഞ്ഞിരുന്നു.

‘ഇന്ത്യ കേവലം ഒരു യൂണിയന് അതീതമാണ്. നിങ്ങളുടെ തുക്ഡെ തുക്ഡെ തത്വചിന്തയില്‍ ഭാരതത്തെ ബന്ദിയാക്കാന്‍ കഴിയില്ല. രാഷ്ട്രം, ദേശീയത, ദേശസ്‌നേഹം എന്നിവയുമായി നിങ്ങള്‍ക്ക് എന്താണ് പ്രശ്നം? ഹലോ- ബംഗാളിനപ്പുറം ഞങ്ങള്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളും ഉണ്ട്,’ ശര്‍മ ട്വീറ്റില്‍ പറഞ്ഞു.

ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഇന്ത്യയുടെ ആത്മാവിനെ അപമാനിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി നേരത്തെ ട്വീറ്റ് ചെയ്തിരുന്നു.

‘നമ്മുടെ കൂട്ടായ്മയില്‍ ശക്തിയുണ്ട്. നമ്മുടെ സംസ്‌കാരങ്ങളുടെ കൂട്ടായ്മ. നമ്മുടെ വൈവിധ്യങ്ങളുടെ കൂട്ടായ്മ. നമ്മുടെ ഭാഷകളുടെ കൂട്ടായ്മ. നമ്മുടെ ജനങ്ങളുടെ, നമ്മുടെ സംസ്ഥാനങ്ങളുടെ കൂട്ടായ്മ. കശ്മീര്‍ മുതല്‍ കേരളം വരെ ഗുജറാത്ത് മുതല്‍ പശ്ചിമ ബംഗാള്‍ വരെ. ഇന്ത്യ അതിന്റെ എല്ലാ കാര്യത്തിലും മനോഹരമാണ്. ഇന്ത്യയുടെ ആത്മാവിനെ അപമാനിക്കരുത്,’ രാഹുല്‍ ഗാന്ധി പറഞ്ഞു.


Content Highlights: Rahul Gandhi’s ignorance is responsible for wiping out Congress: Biplab Kumar Deb