ചെന്നൈ: ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിന് വേണ്ടി വയനാട്ടില്‍ എത്തിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ഹെലികോപ്റ്ററില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരിശോധന. വയനാട്ടിലെ കോണ്‍ഗ്രസിന്റെ ലോക്‌സഭാ സ്ഥാനാര്‍ത്ഥിയായ രാഹുല്‍ ഗാന്ധി തിങ്കളാഴ്ചയാണ് കേരളത്തില്‍ എത്തിയത്.
രാഹുല്‍ ഗാന്ധി സഞ്ചരിച്ച ഹെലികോപ്റ്റര്‍ തമിഴ്‌നാട്ടിലെ നീലഗിരി കോളേജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സില്‍ എത്തിയപ്പോള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഹെലികോപ്റ്റര്‍ നീലഗിരി കോളേജില്‍ വന്നിറങ്ങിയപ്പോള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഫ്‌ളയിങ് സ്‌ക്വാഡ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ പരിശോധനയുടെ കാരണം എന്താണെന്ന് വ്യക്തമാക്കിയിട്ടില്ല.
തെരഞ്ഞെടുപ്പ് പ്രചരണത്തിന് വേണ്ടി കേരളത്തിലേക്ക് വരുന്നതിനിടെയാണ് സംഭവം. നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതിന് ശേഷം ഇതാദ്യമായാണ് രാഹുല്‍ ഗാന്ധി വയനാട്ടില്‍ പ്രചരണത്തിന് എത്തിയത്. വയനാട്ടില്‍ നടന്ന യു.ഡി.എഫിന്റെ റോഡ് ഷോയിലും അദ്ദേഹം പങ്കെടുത്തു.
ഇതിന് പുറമേ വടകര, കോഴിക്കോട് ലോക്‌സഭാ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി രാഹുല്‍ ഗാന്ധി വോട്ട് അഭ്യര്‍ത്ഥിക്കുമെന്നും അറിയിച്ചിട്ടുണ്ട്. പ്രചരണത്തിന്റെ ഭാഗമായി കോഴിക്കോട് തിങ്കളാഴ്ച വൈകീട്ട് നടക്കുന്ന യു.ഡി.എഫിന്റെ റാലിയിലും അദ്ദേഹം പങ്കെടുക്കും.
Content Highlight: Rahul Gandhi’s helicopter searched by EC officials in Nilgiri