ന്യൂദല്‍ഹി: രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ കേസില്‍ സുപ്രീം കോടതിയില്‍ തടസ ഹരജി നല്‍കി പരാതിക്കാരന്‍. അപകീര്‍ത്തിക്കേസിലെ പരാതിക്കാരനായ പൂര്‍ണേഷ് മോദിയാണ് തടസ ഹരജി നല്‍കിയിരിക്കുന്നത്. ജൂലൈ ഏഴിനാണ് പൂര്‍ണേഷ് മോദി ഹരജിയുമായി സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ അപ്പീല്‍ സുപ്രീം കോടതിക്ക് മുമ്പില്‍ എത്തിയാല്‍ ഹരജിയില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് തന്റെ വാദം കേള്‍ക്കണമെന്നാവശ്യപ്പെട്ടാണ് പൂര്‍ണേഷ് മോദി ഹരജി നല്‍കിയിരിക്കുന്നത്.
അപകീര്‍ത്തി കേസിലെ രണ്ട് വര്‍ഷത്തെ തടവ് ശിക്ഷ സ്റ്റേ ചെയ്യണമെന്ന രാഹുല്‍ ഗാന്ധിയുടെ ഹരജി വെള്ളിയാഴ്ച ഗുജറാത്ത് ഹൈക്കോടതി തള്ളിയിരുന്നു. ഗുജറാത്ത് ഹൈക്കോടതി വിധിക്ക് ശേഷം സുപ്രീം കോടതിയെ സമീപിക്കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പൂര്‍ണേഷ് മോദി തടസ ഹരജിയുമായി സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.
ജസ്റ്റിസ് ഹേമന്ത് പ്രച്ഛക് ആണ് വിധി പറഞ്ഞത്. ഇതോടെ രാഹുലിന്റെ പാര്‍ലമെന്റ് അംഗത്വത്തിനുള്ള അയോഗ്യത തുടരുകയാണ്. സ്റ്റേ ചോദിക്കാന്‍ രാഹുലിന് അര്‍ഹതയില്ലെന്നും രാഹുലിനെതിരെ നിരവധി സമാനമായ കേസുകളുണ്ടെന്നും കോടതി ഉത്തരവില്‍ പറഞ്ഞിരുന്നു. വിധി സ്റ്റേ ചെയ്യാന്‍ മതിയായ കാരണങ്ങളില്ല. പത്തിലധികം കേസുകള്‍ രാഹുലിനെതിരെ ഉണ്ട്. സൂറത്ത് കോടതി ശിക്ഷിച്ച ശേഷവും രാഹുല്‍ ഗാന്ധി സമാന കുറ്റകൃത്യങ്ങള്‍ തുടര്‍ന്നുവെന്നും കോടതി പറയുന്നു. സവര്‍ക്കര്‍ക്കെതിരെ പരാമര്‍ശം നടത്തിയതിന് രാഹുലിനെതിരെ കേസുണ്ട്. സൂറത്ത് വിചാരണ കോടതിയുടെ ഉത്തരവ് ഉചിതമാണെന്നും ഹൈക്കോടതി ഉത്തരവില്‍ പറയുന്നുണ്ട്.
2019 ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ കര്‍ണാടകയിലെ കോലാറില്‍ നടത്തിയ മോദി പരാമര്‍ശത്തിലാണ് കേസ്. മോഷ്ടാക്കള്‍ക്കെല്ലാം മോദിയെന്ന് പേരുള്ളത് എന്തുകൊണ്ടാണെന്ന പ്രസംഗത്തിന്റെ പശ്ചാത്തലത്തിലാണ് രാഹുലിനെതിരെ കേസെടുത്തത്.
Content Highlight: Rahul Gandhi’s disqualification case; Purnesh Modi filed a Restraining order in the Supreme Court