ന്യൂദല്‍ഹി: അപകീര്‍ത്തി കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് സുപ്രീം കോടതിയിൽ നിന്ന് അനുകൂല വിധി. വിചാരണ കോടിയുടെ പരമാവധി ശിക്ഷക്ക് സുപ്രീം കോടതി സ്‌റ്റേ അനുവദിച്ചു. ഇതോടെ എം.പി സ്ഥാനത്ത് നിന്നുള്ള അയോഗ്യത നീങ്ങും.
ജസ്റ്റിസ് ബി.ആര്‍. ഗവായി അധ്യക്ഷനായ ബെഞ്ചാണ് രാഹുലിന്റെ ഹരജി പരിഗണിച്ചത്. പരാമവധി ശിക്ഷ നല്‍കുന്നത് വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്ന് കോടതി നിരീക്ഷിച്ചു.
പരമാവധി ശിക്ഷ നല്‍കിയത് കൊണ്ട് മാത്രമാണ് രാഹുലിന് എം.പി സ്ഥാനം നഷ്ടപ്പെട്ടിരുന്നത്. രണ്ട് വര്‍ഷം ശിക്ഷയില്‍ ഒരു ദിവസം കുറഞ്ഞിരുന്നെങ്കില്‍ രാഹുല്‍ അയോഗ്യനാകില്ലായിരുന്നു. ഇത് നിരീക്ഷിച്ചുകൂടിയാണ് സുപ്രീം കോടതി ഇടപെടല്‍.
തെരഞ്ഞെടുത്ത ജനങ്ങളുടെ അവകാശത്തെ കൂടി വിധി ബാധിച്ചെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു.
അഡ്വ. മനു അഭിഷേക് സിങ്‌വിയാണ് രാഹുലിനായി കോടതിയില്‍ ഹാജരായത്. പ്രകടിപ്പിച്ചത് ജനാധിപത്യ വിയോജിപ്പാണന്നും രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായിട്ടാണ് കേസെന്നും രാഹുലിന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. പരാതിക്കാരന്‍ ബി.ജെപിക്കാരനാണെന്നും മനു അഭിഷേക് സിങ്‌വി പറഞ്ഞു. പരമാവധി ശിക്ഷ നല്‍കാന്‍ കൊലക്കേസോ ബലാത്സംഗക്കേസോ അല്ല ഇതെന്നും
അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.
മഹേഷ് ജഠ്മലാനിയാണ് പരാതിക്കാരനു വേണ്ടി ഹാജരായത്. ഗുജറാത്തിലെ ബിജെപി എം.എല്‍.എ പൂര്‍ണേശ് മോദിയാണ് പരാതിക്കാരന്‍. പ്രധാനമന്ത്രിയോടുള്ള വിരോധം ഒരു സമുദായത്തെ അധിക്ഷേപിക്കാന്‍ ഉപയോഗിച്ചെന്നും രാഹുല്‍ മനപ്പൂര്‍വം നടത്തിയ പരാമര്‍ശമാണിതെന്നും വാദിച്ചിരുന്നു.