നാഗര്‍കോവില്‍: ഭാരത് ജോഡോ യാത്രക്കിടെ രാഹുല്‍ ഗാന്ധി ക്രിസ്ത്യന്‍ വൈദികരുമായി നടത്തിയ സംവാദം രാഷ്ട്രീയ ആയുധമാക്കി ബി.ജെ.പി. പാസ്റ്റര്‍ ജോര്‍ജ് പൊന്നയ്യ അടക്കമുള്ളവരുമായി രാഹുല്‍ ഗാന്ധി നടത്തിയ സംവാദ വീഡിയോയുടെ ഒരു ഭാഗം കട്ട് ചെയ്താണ് ബി.ജെ.പി ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ പങ്കുവെച്ചിരിക്കുന്നത്.
രാഹുല്‍ ഗാന്ധിയുടെ ചോദ്യത്തിന് പാസ്റ്റര്‍ ‘ശക്തി’യേക്കുറിച്ച് പറയുന്ന വാക്കുകള്‍ ‘ഇതാണോ ഭാരത് ജോഡോ യാത്ര?’ എന്ന പരിഹാസത്തോടെയാണ് ബി.ജെ.പി ട്വീറ്റ് ചെയ്തിരിക്കുന്നത്.
അതേസമയം, രാഹുല്‍ ഗാന്ധി ശക്തിയെ അപമാനിച്ചെന്ന ആരോപണവുമായി ബി.ജെ.പി ദേശീയ വക്താവ് സാംബിത് പാത്രയും രംഗത്തെത്തി. കോണ്‍ഗ്രസ് ഹിന്ദുമതത്തെ അവഹേളിക്കുന്നത് തുടരുകയാണെന്ന് സാംബിത് പാത്ര ആരോപിച്ചു.
‘അമ്മ ശക്തിയുമായി ബന്ധപ്പെട്ട ഈ വിഷയമാകട്ടെ, ശ്രീരാമ ഭഗവാന്‍ ജീവിച്ചിരുന്നതിന് തെളിവു ചോദിച്ചതാകട്ടെ, ഇത് ആദ്യമായല്ല കോണ്‍ഗ്രസും സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഹിന്ദു മതത്തിനെതിരെ അപമര്യാദയോടെ പരാമര്‍ശങ്ങള്‍ നടത്തുന്നത്,’ സാംബിത് പാത്ര കുറ്റപ്പെടുത്തി.
തമിഴ്നാട്ടിലെ മുളക്മൂഡില്‍ നിന്ന് പാറശ്ശാലയിലേക്കുള്ള കാല്‍നട പര്യടനത്തിനിടെയാണ് രാഹുല്‍ ഗാന്ധി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ പാസ്റ്റര്‍മാരെ കണ്ടത്. കൂടിക്കാഴ്ച്ചയ്ക്കിടെ ക്രൈസ്തവ മത വിശ്വാസത്തിലെ ‘പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ്’ സങ്കല്‍പ്പത്തെക്കുറിച്ച് കൂടുതലറിയാന്‍ രാഹുല്‍ ഗാന്ധി താല്‍പര്യം കാണിച്ചു. തങ്ങളുടെ സഭാ വിശ്വാസപ്രകാരം യേശു ആരാണെന്ന് ഫാ. ജോര്‍ജ് പൊന്നയ്യ രാഹുല്‍ ഗാന്ധിക്ക് വിശദീകരിച്ച് നല്‍കി.
ദൈവം മനുഷ്യനായി ജനിച്ചതാണ് ക്രിസ്തുവെന്ന് പറയുന്നതിനിടെയാണ് പാസ്റ്റര്‍ ജോര്‍ജ് പൊന്നയ്യ ശക്തിയേക്കുറിച്ച് താരതമ്യം ചെയ്ത് പരാമര്‍ശം നടത്തുന്നത്. (ഹിന്ദു പുരാണ പ്രകാരം ശക്തീ ദേവി മനുഷ്യസ്ത്രീയായി ഭൂമിയില്‍ അവതരിച്ചതാണ് പാര്‍വതി ദേവി). ഈ പരാമര്‍ശമാണ് ബി.ജെ.പി വലിയ തോതില്‍ വിവാദമാക്കിയിരിക്കുന്നത്.
Is this “Bharat Jodo”?
Denouncing one religion for the appeasement of the other..
This “Hindu Hatred” of the Congress in general & Rahul in particular is no more a clandestine affair …Rahul wears it on his sleeves with pride!
“Bharat-Todo” indeed by Rahul Gandhi! pic.twitter.com/mY31IDC6DU
ബി.ജെ.പി വിവാദമാക്കിയ രാഹുല്‍ ഗാന്ധിയും പാസ്റ്റര്‍ ജോര്‍ജ് പൊന്നയ്യയുമായി നടന്ന സംഭാഷണം:
രാഹുല്‍ ഗാന്ധി: യേശു ക്രിസ്തു ദൈവത്തിന്റെ ഒരു രൂപമാണ്? അല്ലേ?
പാ. ജോര്‍ജ് പൊന്നയ്യ: യേശുവാണ് യഥാര്‍ത്ഥ ദൈവം. യഥാര്‍ത്ഥ മനുഷ്യനായാണ് ദൈവം സ്വയം വെളിപ്പെടുത്തിയത്. ശക്തിയേപ്പോലെയോ മറ്റോ അല്ല. ഒരു മനുഷ്യനെപ്പോലെ പിറവിയെടുത്തു.