| Monday, 2nd December 2019, 7:10 pm

കോണ്‍ഗ്രസില്‍ സ്വാധീനം കൈവിടാതെ രാഹുല്‍ ഗാന്ധി; മഹാരാഷ്ട്രയില്‍ അത് തെളിഞ്ഞു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സോണിയാ ഗാന്ധി കോണ്‍ഗ്രസ് അദ്ധ്യക്ഷയായി വീണ്ടും വന്നതോടെ രാഹുല്‍ ഗാന്ധിക്ക് സംഘടനക്കകത്തെ സ്വാധീനം ഇടിയുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പാര്‍ട്ടിക്കകത്ത് രാഹുല്‍ ഗാന്ധിക്ക് ഇപ്പോഴും ശക്തമായ സ്വാധീനമുണ്ടെന്ന് തെളിയിക്കുന്നതാണ് മഹാരാഷ്ട്രയില്‍ നിന്നുള്ള കാഴ്ചകള്‍.

രാഹുല്‍ ഗാന്ധിയുടെ അടുത്ത അനുയായികളായ രണ്ട് പേര്‍ക്കാണ് മഹാരാഷ്ട്ര സര്‍ക്കാരില്‍ ഉയര്‍ന്ന സ്ഥാനങ്ങള്‍ ലഭിച്ചത്. ഇത് രാഹുല്‍ ഗാന്ധിയ്ക്ക് ഇപ്പോഴും പാര്‍ട്ടിയിലുള്ള സ്വാധീനം തെളിയിക്കുന്നതാണെന്നാണ് വിലയിരുത്തല്‍.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

നാനാ പടോളിനും നിതിന്‍ റാവത്തിനുമാണ് പ്രധാന സ്ഥാനങ്ങള്‍ ലഭിച്ചത്. നാനാ പടോളിന് സ്പീക്കര്‍ സ്ഥാനം ലഭിച്ചപ്പോള്‍ നിതിന്‍ റാവത്തിന് മന്ത്രി സ്ഥാനമാണ് ലഭിച്ചത്. മന്ത്രിസഭ രൂപീകരണത്തില്‍ ആദ്യം തന്നെ ഇരുവര്‍ക്കും സ്ഥാനങ്ങള്‍ ലഭിച്ചു.

നാനാ പടോളിനെയും നിതിന്‍ റാവത്തിനെയും ദേശീയ രാഷ്ട്രീയത്തിലേക്ക് കൊണ്ടു വരുന്നത് രാഹുല്‍ ഗാന്ധിയുടെ കാലത്താണ്. എസ്.സി-എസ്.ടി ഡിപ്പാര്‍ട്‌മെന്റ് അഖിലേന്ത്യ അദ്ധ്യക്ഷനായാണ് നിതിന്‍ റാവത്തിനെ നിയമിച്ചതെങ്കില്‍ നാനാ പടോളിനെ കിസാന്‍ സെല്‍ അദ്ധ്യക്ഷനായാണ് നിയമിച്ചത്.

കോണ്‍ഗ്രസിന്റെ പ്രധാന കാര്യങ്ങളില്‍ ഇപ്പോഴും രാഹുല്‍ ഗാന്ധിയുടെ ഇടപെടലുണ്ട് എന്ന് തെളിയിക്കുന്നതാണ് എ.ഐ.സി.സി കെ.സി വേണുഗോപാലിന് നല്‍കുന്ന ഉത്തരവാദിത്വങ്ങള്‍. മഹാരാഷ്ട്രയിലെ ഓരോ നീക്കങ്ങള്‍ക്ക് പുറകിലും കെ.സി വേണുഗോപാലുണ്ടായിരുന്നു. രാഹുല്‍ ടീമിലെ പ്രധാനപ്പെട്ട മറ്റ് രണ്ടംഗങ്ങള്‍ അഹമ്മദ് പട്ടേലും മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമാണ്.

നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന ജാര്‍ഖണ്ഡില്‍ പ്രചരണത്തിലാണിപ്പോള്‍ രാഹുല്‍. സംസ്ഥാനത്ത് കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രാജസ്ഥാന്‍, മധ്യപ്രദേശ്, ചത്തീസ്ഗഡ് എന്നിവിടങ്ങളിലേത് പോലെ കാര്‍ഷിക കടങ്ങള്‍ എഴുതിതള്ളുമെന്ന് രാഹുല്‍ പ്രചരണത്തില്‍ പറഞ്ഞു. രാഹുല്‍ ഗാന്ധി ജാര്‍ഖണ്ഡില്‍ പ്രചരണത്തിനുണ്ടെങ്കിലും പ്രിയങ്ക ഗാന്ധിയില്ല. യു.പി വിട്ട് മറ്റെങ്ങോട്ടും ഇല്ലെന്നാണ് പ്രിയങ്കയുടെ നിലപാടെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ ഇതിനു കാരണമായി പറയുന്നത്.

We use cookies to give you the best possible experience. Learn more