ന്യൂദല്‍ഹി: സര്‍ക്കാര്‍ വിഭാവനം ചെയ്യുന്ന പുതിയ ഇന്ത്യ ചൈനയിലാണോ എന്ന പരിഹാസവുമായി എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയും എം.പിയുമായ രാഹുല്‍ ഗാന്ധി. ഹൈദരാബാദില്‍ പുതുതായി ഉദ്ഘാടനം ചെയ്ത സമത്വത്തിന്റെ പ്രതിമ (Statue of Equality) പൂര്‍ണമായും ചൈനയില്‍ നിര്‍മിച്ചതാണെന്നതിന്റെ പശ്ചാത്തലത്തിലാണ് രാഹുല്‍ ഗാന്ധി പരിഹാസവുമായി രംഗത്തെത്തിയിരിക്കുന്നത്.
ട്വിറ്ററിലൂടെയായിരുന്നു രാഹുല്‍ ഗാന്ധിയുടെ പരിഹാസം.
‘സ്റ്റാച്യൂ ഓഫ് ഇക്വാലിറ്റി ഈസ് മേഡ് ഇന്‍ ചൈന. ന്യൂ ഇന്ത്യ ഈസ് ചൈന നിര്‍ഭര്‍’ എന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്.
ചൈനയിലെ ഒരു കമ്പനിയാണ് 216 അടിയില്‍ പഞ്ചലോഹത്തില്‍ തീര്‍ത്ത രാമാനുജാചാര്യന്റെ പ്രതിമ നിര്‍മിച്ചിരിക്കുന്നതെന്ന് പ്രൊജക്ട് വെബ്‌സൈറ്റ് തന്നെ വ്യക്തമാക്കുന്നുണ്ട്. ചൈനയിലെ എയ്‌റോസണ്‍ കോര്‍പ്പറേഷന്‍ എന്ന കമ്പനിയുമായി 135 കോടി രൂപയ്ക്കായിരുന്നു പ്രതിമ നിര്‍മാണത്തിന് ഇന്ത്യന്‍ സര്‍ക്കാര്‍ കരാറിലെത്തിയത്. 2015ലായിരുന്നു കരാര്‍.
ഇതോടൊപ്പം തന്നെ രാഹുല്‍ ഗാന്ധി പാര്‍ലമെന്റിലും മോദിയുടെ വിദേശ നയങ്ങള്‍ക്കെതിരെ രാഹുല്‍ ഗാന്ധി ആഞ്ഞടിച്ചിരുന്നു. ചൈനയെയും പാകിസ്ഥാനെയും ഒന്നിച്ചു കൊണ്ടുവരാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
‘ചൈനയെയും പാകിസ്ഥാനേയും അകറ്റി നിര്‍ത്തുക എന്നതായിരിക്കണം ഇന്ത്യയുടെ തന്ത്രപ്രധാനമായ ലക്ഷ്യം. എന്നാല്‍ സര്‍ക്കാര്‍ അവരെ ഒന്നിപ്പിച്ചു നിര്‍ത്താനാണ് ശ്രമിക്കുന്നത്. എന്തിനെയാണ് നമുക്ക് നേരിടാനുള്ളത് എന്ന കാര്യം നമ്മള്‍ വിലകുറച്ചു കാണരുത്. ഇത് ഇന്ത്യയെ സംബന്ധിച്ച് ഗുരുതര ഭീഷണിയാണ്,’ എന്നായിരുന്നു രാഹുല്‍ ഗാന്ധി പറഞ്ഞത്.
ഹൈദരാബാദില്‍ സ്ഥാപിച്ച സ്റ്റാച്യൂ ഓഫ് ഇക്വാലിറ്റിക്കെതിരെ വ്യാപകമായ വിമര്‍ശനങ്ങള്‍ നേരത്തെ ഉയര്‍ന്നു വന്നിരുന്നു.
ഫെബ്രുവരി 5നായിരുന്നു പ്രധാനമന്ത്രി സ്റ്റാച്യു ഓഫ് ഇക്വാലിറ്റി ഉദ്ഘാടനം ചെയ്തത്. ഹിന്ദു സന്യാസിയായ രാമാനുജാചാര്യന്റെ പഞ്ചലോഹപ്രതിമയാണ് ഉദ്ഘാടനം ചെയ്തത്.
216 അടി ഉയരമുള്ള പ്രതിമ, പൂര്‍ണമായും പഞ്ചലോഹത്തിലാണ് നിര്‍മിച്ചിരിക്കുന്നത്. സ്വര്‍ണം, വെള്ളി, ഇരുമ്പ്, ചെമ്പ്, ഈയം തുടങ്ങിയ ലോഹങ്ങളാണ് പഞ്ചലോഹത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. 135 കോടിയാണ് ചൈനയില്‍ നിര്‍മിക്കപ്പെട്ട പ്രതിമയുടെ നിര്‍മാണ ചെലവ്.
‘ഭദ്ര വേദി’ എന്ന് പേരിട്ടിരിക്കുന്ന 54 അടി ഉയരമുള്ള മണ്ഡപത്തിന് മുകളിലാണ് പ്രതിമ നിര്‍മിച്ചിരിക്കുന്നത്. ഇതിനുള്ളില്‍ വേദിക് ഡിജിറ്റല്‍ ലൈബ്രറി, റിസേര്‍ച്ച് സെന്റര്‍, പൗരാണിക ഗ്രന്ഥങ്ങള്‍, തിയേറ്റര്‍, എജ്യുക്കേഷനല്‍ ഗാലറി എന്നിവയും ഒരുക്കിയിട്ടുണ്ട്.
അതേസമയം, പ്രധാനമന്ത്രി പങ്കെടുത്ത എല്ലാ ചടങ്ങുകളില്‍ നിന്നും തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു വിട്ടുനിന്നിരുന്നു. പ്രധാനമന്ത്രി എയര്‍ പോര്‍ട്ടില്‍ വന്നിറങ്ങിയത് മുതല്‍ പ്രതിമയുടെ ഉദ്ഘാടനമടക്കമുള്ള എല്ലാ ചടങ്ങുകളില്‍ നിന്നുമായിരുന്നു കെ.സി.ആര്‍ വിട്ടുനിന്നത്.
പനിയായതിനാലാണ് കെ.സി.ആര്‍ പരിപാടികളില്‍ നിന്നും വിട്ടുനില്‍ക്കുന്നതെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസ് പ്രധാനമന്ത്രിയുടെ ഓഫീസിനെ അറിയിച്ചിരിക്കുന്നത്. എന്നാല്‍ പ്രധാനമന്ത്രിയുടെ പരിപാടിയില്‍ നിന്നും വിട്ടു നില്‍ക്കാനുള്ള ഒഴിവുകഴിവ് മാത്രമായും വിലയിരുത്തുന്നുണ്ട്.