മഹാഭാരതയുദ്ധം അവസാനിക്കുന്നു. കൗരവരൊന്നടങ്കം കൊല്ലപ്പെടുന്നു. അവശേഷിക്കുന്നത്, ഏതോ കയത്തിലൊളിച്ച ദുര്യോധനനും പാണ്ഡവ പടകുടീരങ്ങള്‍ക്ക് തീകൊടുത്ത് കാട്ടിലേയ്ക്കു മറഞ്ഞ അശ്വത്ഥാമാവും. ദുര്യോധനനെ തേടിച്ചെന്ന പഞ്ചപാണ്ഡവരും ശ്രീകൃഷ്ണനും അയാള്‍ ഒളിച്ചിരിക്കുന്ന കയത്തിനടുത്തെത്തുന്നു. യുധിഷ്ഠിരന്‍ ദുര്യോധനനെ വെല്ലുവിളിക്കുന്നു. നീ പുറത്തുവന്ന് ഞങ്ങളിലാരോടെങ്കിലും യുദ്ധംചെയ്ത് ജയിച്ചാല്‍ നീ രാജാവ്.
മണ്ടത്തരങ്ങളുടെ ഘോഷയാത്രയില്‍ യുധിഷ്ഠിരന്റെ മറ്റൊരു മരമണ്ടത്തരമായിരുന്നു ആ വെല്ലുവിളി. ദുര്യോധനന്‍ പുറത്തുവരുന്നു. പക്ഷേ തിരഞ്ഞെടുക്കുന്നത് ഭീമനെയാണ്. ദുര്യോധനനെ ജയിക്കാനോ പിടിച്ചുനില്‍ക്കാനോ ഭീമനുപോലും കഴിയില്ല. എന്നിട്ടും അയാള്‍ തിരഞ്ഞെടുക്കുന്നത് ഭീമനെയാണ്. തനിക്കൊത്ത പടയാളിയെയാണ്. രാജ്യം വേണമായിരുന്നുവെങ്കില്‍ ചുമ്മാ അര്‍ജ്ജുനനെയോ നകുലനെയോ യുധിഷ്ഠിരനെയോ വിളിച്ചാമതിയായിരുന്നു.പക്ഷേ അയാള്‍ വിളിച്ചത് ഭീമനെയാണ്.
ആയോധനമുറയില്‍ തെറ്റായ പ്രയോഗത്തിലൂടെയാണ് പക്ഷേ ഭീമന്‍ ദുര്യോധനനെ കീഴടക്കുന്നത്. പറയുമ്പോ ധര്‍മ്മയുദ്ധമെന്നാണ് പറയുക. മഹാഭാരതം വായിച്ച അനേകം പണ്ഡിതര്‍ ചോദിച്ച ചോദ്യമുണ്ട് എന്ത് ധര്‍മ്മം? ധര്‍മ്മയുദ്ധമാണോ നടന്നത് എന്ന്.എക്കാലത്തും അധര്‍മ്മം തന്നെയാണ് നടക്കുന്നത്.
കോടികള്‍ ഉപയോഗിച്ച് ജനസമ്മതിയെ വിലയ്ക്കുവാങ്ങുന്ന സംഘപരിവാര നയങ്ങള്‍ ഇവിടെ ചര്‍ച്ചയാകാതെ പോവുകയാണ്.
എല്ലാവരും അത് ധര്‍മ്മമായി കണക്കാക്കുകയാണ്. ഒന്നിനുപിറകെയൊന്നായി, കോണ്‍ഗ്രസ് എംപിമാരേയും എം.എല്‍.എമാരേയും ഇന്ത്യയിലെ ഹിന്ദുത്വഫാഷിസവും ഇവിടുത്തെ മൂലധനാധികാരവും രാജ്യത്തെ വിറ്റുതുലച്ച കങ്കാണിപ്പണത്തിനുതന്നെ വിലയ്‌ക്കെടുത്ത് വിലയ്‌ക്കെടുത്തു പോകുമ്പോഴും ഈ മനുഷ്യന്‍ മുന്നോട്ടുപോവുകയാണ്.
3700 കിലോമീറ്റര്‍ നടക്കാന്‍ കാണിച്ച ആ രാഷ്ട്രീയ സ്ഥൈര്യത്തെ ആര്‍ജ്ജവത്തെ ആദരിക്കാതെ വയ്യ. സ്വാതന്ത്ര്യസമര കാലത്തുപോലും കോണ്‍ഗ്രസ് ഇന്ത്യയാകെ ഇത്രയും ദൂരം നടന്നുകാണില്ല. വിജയിക്കുമോ പരാജയപ്പെടുമോ എന്നത് രണ്ടാമത്തെ കാര്യമാണ്. ലക്ഷ്യമാണ് പ്രധാനം. മാര്‍ഗമാണ് പ്രധാനം.ജയവും തോല്‍വിയുമെന്നത് ആപേക്ഷികമാണ്.
ചരിത്രം ഈ ജാഥയില്‍ ആരംഭിച്ച് ഈ ജാഥയില്‍ അവസാനിക്കുന്ന ഒന്നല്ല. അങ്ങനെയൊരു ചരിത്രവും അവസാനിച്ചിട്ടുമില്ല. അനേകായിരങ്ങളുടെ രക്തസാക്ഷിത്വത്തിലൂടെ പടുത്തുയര്‍ത്തപ്പെട്ട ഇന്ത്യന്‍ സ്വാതന്ത്ര്യസമരം വിജയമായിരുന്നോ ? രാഷ്ട്രപിതാവിന്റെ ഘാതകര്‍ക്ക് അധികാരമേല്‍പ്പിച്ചുകൊടുക്കുന്ന ഒരു തലമുറയെ ഉണ്ടാക്കിയെന്നതാണോ അതിന്റെ വിജയം ? പുന്നപ്ര സമരം വിജയമായിരുന്നോ, കയ്യൂരും കരിവെള്ളൂരും നല്‍കിയത് വിജയത്തിന്റെ പാഠങ്ങളായിരുന്നോ ? തേഭാഗയും തെലുങ്കാനയും നല്‍കിയ ചരിത്രപാഠങ്ങള്‍ എന്തായിരുന്നു ?
ഒരു മരണത്തിന് ഒരു ജയമെന്ന ചരിത്രപാഠം നിങ്ങളെവിടെനിന്നാണ് പഠിച്ചതെന്ന് യു.പി. ജയരാജ് ചോദിക്കുന്നുണ്ട്. ആരെങ്കിലും കൂടെയുണ്ടാകുമോ, തനിക്കു പിറകെയുണ്ടോയെന്നു നോക്കിയുമല്ല ആ മനുഷ്യന്‍ നടക്കാന്‍ തീരുമാനിച്ചത്. തനിക്ക് ശരിയെന്നു തോന്നിയകാര്യംചെയ്യുന്നു. അതിനൊരു ടൂള്‍ ആയി സംഘടനയെ ഉപയോഗിക്കുന്നു.
സംഘപരിവാര ഫാസിസത്തിനുനേരെ ഇതുവരെയുണ്ടായ ഏറ്റവും വലിയ ജനകീയ മുന്നേറ്റത്തിനാണ് രാഹുല്‍ഗാന്ധി നേതൃത്വം നല്‍കുന്നതെന്ന്, ഫാഷിസത്തിനെതിരായ് ഉയരുന്ന അതിശക്തമായ കാല്‍വെപ്പുകളാണതെന്ന് ഭാവിചരിത്രം വിലയിരുത്തുകതന്നെചെയ്യും അന്നീ ഒറ്റമനുഷ്യന്‍ നടന്നുതീര്‍ത്ത ദൂരങ്ങള്‍ അടയാളപ്പെടുകതന്നെ ചെയ്യും.
കേവലം അധികാരത്തിനുവേണ്ടി മാത്രമാണ് അതെന്നുവിചാരിക്കുന്നത് മൗഢ്യമായിരിക്കും. നന്നേ ചെറുപ്പകാലത്തിലേ അതൊക്കെ കരതലാമലകംപോലെ നിസ്സാരമായി കൈവരിക്കാവുന്നതായിരുന്നു. ഇന്നും നിസ്സാരമായി നടന്നെത്താവുന്ന ദൂരം മാത്രമായിരുന്നു അയാള്‍ക്ക് അധികാരം. എന്നിട്ടും അതില്‍നിന്നെല്ലാം അയാള്‍വിട്ടുനിന്നു.
ആധുനിക ഇന്ത്യ കെട്ടിപ്പടുത്ത പ്രപിതാമഹന്റെ ഓര്‍മ്മകള്‍ ആ അബോധത്തെ അലോസരപ്പെടുത്തില്ലേ ? രക്തസാക്ഷിത്വത്തിന്റെ കുടുംബവഴികള്‍ ആ ജീവിതത്തിന്റെ ഓര്‍മ്മകളുടെ അടരുകളില്‍ ചരിത്രച്ചാലുകള്‍ തീര്‍ക്കില്ലേ ?സ്വാതന്ത്ര്യസമരത്തോളം ചെന്നെത്തുന്ന പാരമ്പര്യത്തിന്റെ അവസാന കണ്ണികളിലൊരാള്‍… അയാളുടെ കാലത്ത് അയാള്‍ ഇതുവഴി നടന്നുപോയി….
ഒട്ടോ റെനെ കാസ്റ്റിലോ പറഞ്ഞതുമാത്രമേ ഇവിടേയും കുറിക്കാനുള്ളൂ….’ഏകാന്തവും ചെറുതുമായ ഒരു ജ്വാല പോലെരാജ്യം ക്രമേണ മരിച്ചു കൊണ്ടിരുന്നപ്പോള്‍ എന്ത് ചെയ്തു എന്നവര്‍ ചോദ്യം ചെയ്യപ്പെടും…യാതനകളില്‍ ദരിദ്രന്റെ ജീവിതവും സ്വപ്‌നവും കത്തിയെരികയായിരുന്നപ്പോള്‍ എന്ത് ചെയ്യുകയായിരുന്നു നിങ്ങള്‍?”എന്തുചെയ്തു എന്നുതന്നെയാണ് ചരിത്രത്തോട് നല്‍കാവുന്ന നീതിബോധത്തോടെയുള്ള ഉത്തരം..രാഹുല്‍….ആരും തോറ്റുമടങ്ങുന്നില്ല. അഭിവാദ്യങ്ങള്‍ പ്രിയപ്പെട്ടവനെ.
content highlights: Rahul Gandhi’s bharath jode yathra and Karnataka Elections