സൂറത്ത്: അപകീര്‍ത്തി കേസിലെ രണ്ട് വര്‍ഷത്തെ തടവ് ശിക്ഷ സ്റ്റേ ചെയ്യണമെന്ന രാഹുല്‍ ഗാന്ധിയുടെ ഹരജി തള്ളി ഗുജറാത്ത് ഹൈക്കോടതി. ഇതോടെ രാഹുലിന്റെ പാര്‍ലമെന്റ് അംഗത്വത്തിനുള്ള അയോഗ്യത തുടരും. താന്‍ കുറ്റക്കാരനല്ലെന്ന രാഹുലിന്റെ വാദം ഹൈക്കോടതി തള്ളി. ജസ്റ്റിസ് ഹേമന്ത് പ്രച്ഛക് ആണ് സുപ്രധാന വിധി പുറപ്പെടുവിച്ചത്.
സ്‌റ്റേ ചോദിക്കാന്‍ രാഹുലിന് അര്‍ഹതയില്ലെന്നും രാഹുലിനെതിരെ നിരവധി സമാനമായ കേസുകളുണ്ടെന്നും കോടതി ഉത്തരവില്‍ പറയുന്നുണ്ട്. വിധി സ്റ്റേ ചെയ്യാന്‍ മതിയായ കാരണങ്ങളില്ല. പത്തിലധികം കേസുകള്‍ രാഹുലിനെതിരെ ഉണ്ട്.
സൂറത്ത് കോടതി ശിക്ഷിച്ച ശേഷവും രാഹുല്‍ ഗാന്ധി സമാന കുറ്റകൃത്യങ്ങള്‍ തുടര്‍ന്നു. സവര്‍ക്കര്‍ക്കെതിരെ പരാമര്‍ശം നടത്തിയതിന് രാഹുലിനെതിരെ കേസുണ്ട്. സൂറത്ത് വിചാരണ കോടതിയുടെ ഉത്തരവ് ഉചിതമാണെന്നും ഹൈക്കോടതി ഉത്തരവില്‍ ചൂണ്ടിക്കാട്ടി.
അതേസമയം, ഹൈക്കോടതി വിധിക്കെതിരെ രാഹുല്‍ സുപ്രീം കോടതിയെ സമീപിക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു. വിധി സ്വാഗതം ചെയ്യുന്നതായി രാഹുലിനെതിരെ കോടതിയെ സമീപിച്ച എതിര്‍കക്ഷിക്കാരന്‍ പൂര്‍ണേഷ് മോദി മാധ്യമങ്ങളോട് പറഞ്ഞു.
ലോക്‌സഭ തെരഞ്ഞെടുപ്പ് വരാനിരിക്കെ രാഹുല്‍ ഗാന്ധിക്കും കോണ്‍ഗ്രസിനും വലിയ തിരിച്ചടിയാണ് ഈ ഹൈക്കോടതി വിധി. വിചാരണ കോടതിവിധി ഹൈക്കോടതി ശരി വെച്ചതോടെ വയനാട് മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പിനായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടികള്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.
2019 ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ കര്‍ണാടകയിലെ കോലാറില്‍ നടത്തിയ മോദി പരാമര്‍ശത്തിലാണ് കേസ്. ‘മോദിമാരെല്ലാം കള്ളന്മാരാണ്’ എന്ന പ്രസംഗമാണ് രാഹുലിന് തിരിച്ചടിയായത്.
നേരത്തെ രാഹുലിന് ഇടക്കാല സംരക്ഷണം നല്‍കാന്‍ വിസമ്മതിച്ച കോടതി കേസില്‍ വിധി പറയാന്‍ മാറ്റിവയ്ക്കുകയായിരുന്നു. വിചാരണ കോടതി വിധിക്കെതിരായ രാഹുലിന്റെ അപ്പീല്‍ ജില്ലാ കോടതി തള്ളിയിരുന്നു.