ന്യൂദല്‍ഹി: മണിപ്പൂര്‍ കാലപത്തെക്കുറിച്ച് പ്രമേയം പാസാക്കിയ യൂറോപ്യന്‍ യൂണിയന്‍(ഇ.യു) നടപടിയില്‍ കേന്ദ്ര സര്‍ക്കാരിനെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. യൂറോപ്യന്‍ യൂണിയന്‍ ഇന്ത്യയുടെ ആഭ്യന്തര കാര്യം ചര്‍ച്ച ചെയ്യുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനിയാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.
മണിപ്പൂര്‍ വിഷയം ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്ന കേന്ദ്ര സര്‍ക്കാരിന്റെ വാദത്തെ സൂചിപ്പിച്ചാണ് രാഹുലിന്റെ പരിഹാസം.
രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാന്‍സില്‍ എത്തിയതും മണിപ്പൂര്‍ വിഷയവും ബന്ധപ്പെടുത്തിയായിരുന്നു രാഹുലിന്റെ ട്വീറ്റ്.
‘മണിപ്പൂര്‍ കത്തുന്നു. യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റ് ഇന്ത്യയുടെ ആഭ്യന്തര കാര്യം ചര്‍ച്ച ചെയ്യുന്നു. പ്രധാനമന്ത്രി ഒന്നും മിട്ടിയിട്ടില്ല!
അതിനിടയിൽ, റാഫേലിന് ബാസ്റ്റില്‍ ഡേ പരേഡിലേക്കുള്ള ഒരു ടിക്കറ്റ് അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്,’ രാഹുല്‍ ഗാന്ധി പറഞ്ഞു.
മണിപ്പൂര്‍ കലാപത്തില്‍ കഴിഞ്ഞ ദിവസമാണ് യൂറോപ്യന്‍ യൂണിയന്‍ പ്രമേയം പാസാക്കിയിരുന്നത്. സംഘര്‍ഷത്തില്‍ അടിയന്തരമായി പരിഹാരം കാണണമെന്ന് യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റ് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നത്.
എല്ലാ മതന്യൂനപക്ഷങ്ങളെയും സംരക്ഷിക്കണം, സംഘര്‍ഷത്തില്‍ സ്വതന്ത്ര അന്വേഷണം നടത്തണം, സുരക്ഷാ സേനക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണം, പ്രകോപനപരമായ പരാമര്‍ശങ്ങള്‍ക്കെതിരെ നടപടി വേണമെന്നും യൂറോപ്യന്‍ യൂണിയന്‍ ആവശ്യപ്പെട്ടിരുന്നു.
ഇന്ത്യയുടെ എതിര്‍പ്പിനെ അവഗണിച്ചാണ് പ്രമേയം അംഗീകരിച്ചത്. മണിപ്പൂരില്‍ ഉണ്ടായ ആക്രമണങ്ങള്‍, മരണങ്ങള്‍, നാശനഷ്ടങ്ങള്‍ എന്നിവയെ യൂറോപ്യന്‍ യൂണിയന്‍ പലപിക്കുകയും ചെയ്തു.