| Friday, 6th May 2022, 1:44 pm

ശാസ്ത്രം കള്ളം പറയില്ല, പക്ഷേ മോദി പറഞ്ഞേക്കും: ലോകാരോഗ്യ സംഘടന പുറത്തുവിട്ട കൊവിഡ് മരണക്കണക്കില്‍ പ്രതികരിച്ച് രാഹുല്‍ ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ലോകത്തെ ആകെ കൊവിഡ് മരണങ്ങളില്‍ 47 ലക്ഷം പേര്‍ ഇന്ത്യയില്‍ നിന്നാണെന്ന ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പുറത്തുവന്നതിന് പിന്നാലെ കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി. ശാസ്ത്രം കള്ളം പറയില്ലെന്നും എന്നാല്‍ പ്രധാനമന്ത്രി മോദി പറഞ്ഞേക്കുമെന്നുമായിരുന്നു രാഹുലിന്റെ പ്രസ്താവന. കൊവിഡ് മൂലം മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് പ്രാഥമികമായി നല്‍കേണ്ട നാല് ലക്ഷം രൂപ ഉടന്‍ കൈമാറണമെന്നും രാഹുല്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടു.

ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളെ സമ്മര്‍ദ്ദത്തിലാക്കിയായിരുന്നു ലോകാരോഗ്യ സംഘടന യഥാര്‍ത്ഥ കൊവിഡ് മരണക്കണക്കുകള്‍ പുറത്തുവിട്ടത്. ലോകത്ത് ഇതുവരെ ഒന്നരക്കോടിയോളം പേര്‍ കൊവിഡ് ബാധിച്ച് മരിച്ചുവെന്നാണ് ഡബ്ല്യൂ.എച്ച്.ഒയുടെ പുതിയ കണക്കുകളില്‍ വ്യക്തമാക്കുന്നത്.

വിവിധ രാജ്യങ്ങള്‍ പുറത്തുവിട്ട കണക്കുപ്രകാരം 54 ലക്ഷം പേരാണ് ഇതുവരെ കൊവിഡ് മൂലം മരിച്ചത്. ഇതോടെ ലോകത്ത് ആകെ കൊവിഡ് ബാധിച്ചു മരിച്ചവരുടെ പുതിയ കണക്ക് നേരത്തെ റിപ്പോര്‍ട്ട് ചെയ്തതിന്റെ മൂന്നിരട്ടി വരും.

ഇന്ത്യ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം രാജ്യത്ത് ആകെ 4.8 ലക്ഷം പേരാണ് കൊവിഡ് മൂലം മരണപ്പെട്ടത്. ഡബ്ല്യൂ.എച്ച്.ഒ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഇത് 47 ലക്ഷമാണ്. സര്‍ക്കാര്‍ കണക്കിനേക്കാള്‍ ഒമ്പത് മടങ്ങ് അധികം. ലോകത്തെ കൊവിഡ് മരണങ്ങളുടെ മൂന്നിലൊന്ന് ഭാഗത്തോളം ഇന്ത്യയിലാണെന്നും ഡബ്ല്യൂ.എച്ച്.ഒ വ്യക്തമാക്കുന്നു.

11 ഇരട്ടി മരണമാണ് പുതിയ കണക്കുകള്‍ പ്രകാരം ഈജിപ്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയും റഷ്യയും ഉള്‍പ്പെടെയുള്ള രാജ്യങ്ങളും കൊവിഡ് മരണക്കണക്കില്‍ കൃത്യമായല്ല റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നതെന്നും ഡബ്ല്യൂ.എച്ച്.ഒ വ്യക്തമാക്കി.

2020 മുതല്‍ 2021 വരെയുള്ള കണക്കുകള്‍ പരിഗണിച്ച് അന്താരാഷ്ട്ര വിദഗ്ധ സംഘമാണ് ലോകാരോഗ്യ സംഘടനയ്ക്കായി കണക്ക് തയ്യാറാക്കിയത്. ഈ മരണങ്ങളെല്ലാം തന്നെ അംഗീകരിക്കപ്പെടണമെന്നും മറ്റൊരു പ്രതിസന്ധി ഉണ്ടാകുമ്പോള്‍ നന്നായി തയ്യാറെടുക്കാന്‍ ഇത് സഹായിക്കുമെന്നും ഡബ്ല്യു.എച്ച്.ഒ മേധാവി ടെഡ്രോസ് അഥാനൊം വ്യക്തമാക്കി.

അതേസമയം ലോകാരോഗ്യ സംഘടന പുറത്തുവിട്ട കണക്കുകള്‍ ഇന്ത്യ തള്ളി. കണക്കുകളുടെ മാതൃകാരൂപങ്ങള്‍ ഉപയോഗിച്ച് തയ്യാറാക്കിയ വിവരങ്ങള്‍ മാത്രമാണ് ലോകാരോഗ്യ സംഘടനയുടെ കയ്യിലുള്ളതെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട പ്രസ്താവനയിലെ വാദം.

നേരിട്ടും അല്ലാതെയും സംഭവിച്ച എല്ലാ മരണങ്ങളുടേയും കണക്കുകളും ഉള്‍പ്പെടുത്തിയാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍. ഡബ്ല്യൂ.എച്ച്.ഒ മരണം കണക്കാക്കിയ മാര്‍ഗം തെറ്റായതിനാല്‍ ഈ കണക്കുകള്‍ ശാസ്ത്രീയമല്ലെന്നും കേന്ദ്ര സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.

ജനന-മരണ കണക്കുകള്‍ രേഖപ്പെടുത്താന്‍ ഇന്ത്യയ്ക്ക് ശക്തമായ സംവിധാനങ്ങളുണ്ട്. അശാസ്ത്രീയ മാര്‍ഗങ്ങള്‍ ഉപയോഗിച്ചാണ് ലോകാരോഗ്യ സംഘടന കണക്കുകള്‍ തയ്യാറാക്കിയിരിക്കുന്നതെന്നും സര്‍ക്കാര്‍ ആരോപിച്ചു.

Content Highlight: Rahul Gandhi response on WHO covid death report in India, blames PM Modi

We use cookies to give you the best possible experience. Learn more