കോണ്‍ഗ്രസ്സ് സംസാരിക്കുന്നത് ലഷ്‌കര്‍ ഇ ത്വയിബയുടെ ഭാഷയില്‍; തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മാത്രമേ രാഹുല്‍ ക്ഷേത്രങ്ങളെക്കുറിച്ച് ഓര്‍ക്കാറുള്ളൂവെന്നും ആദിത്യനാഥ്
National
കോണ്‍ഗ്രസ്സ് സംസാരിക്കുന്നത് ലഷ്‌കര്‍ ഇ ത്വയിബയുടെ ഭാഷയില്‍; തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മാത്രമേ രാഹുല്‍ ക്ഷേത്രങ്ങളെക്കുറിച്ച് ഓര്‍ക്കാറുള്ളൂവെന്നും ആദിത്യനാഥ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 25th June 2018, 11:33 am

കനൗജ്: തെരഞ്ഞെടുപ്പ് അടുക്കുന്ന സമയങ്ങളില്‍ മാത്രമേ രാഹുല്‍ ഗാന്ധി ക്ഷേത്രങ്ങളെക്കുറിച്ച് ഓര്‍ക്കാറുള്ളൂവെന്ന് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ക്ഷേത്രദര്‍ശനം നടത്തേണ്ടത് ഭക്തിപരമായ കാരണങ്ങളാലാണ്, അല്ലാതെ രാഷ്ട്രീയലാഭത്തിനായല്ലെന്നും ആദിത്യനാഥ് കനൗജില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്തു സംസാരിക്കവേ പറഞ്ഞു.

“കോണ്‍ഗ്രസ്സ് അധ്യക്ഷന് തെരഞ്ഞെടുപ്പ് അടുക്കുന്ന സമയങ്ങളില്‍ മാത്രമേ ക്ഷേത്രങ്ങളെക്കുറിച്ച് ഓര്‍മ വരാറുള്ളൂ. നാലു തലമുറകളായി രാഹുലിന്റെ കുടുംബം ഹിന്ദുക്കള്‍ ധരിക്കുന്ന വിശുദ്ധ ചരടായ “ജനേവു” ധരിക്കാറില്ല. പക്ഷേ തെരഞ്ഞെടുപ്പ് അടുക്കുന്ന സമയങ്ങളില്‍ മാത്രം അദ്ദേഹം തന്റെ ജനേവു പുറത്തെടുക്കും.”


Also Read: ജസ്‌നയെ തട്ടിക്കൊണ്ടുപോയതല്ലെന്ന് എന്ത് അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്; സര്‍ക്കാരിനെതിരെ ജസ്‌നയുടെ ബന്ധുക്കള്‍


” നാലു തലമുറകളായി അദ്ദേഹത്തിന്റെ കുടുംബത്തില്‍ നിന്നാരും ക്ഷേത്രങ്ങള്‍ ആരാധനയ്ക്കായി സന്ദര്‍ശിച്ചിട്ടില്ല. ഭക്തിയാലാണ് ക്ഷേത്ര സന്ദര്‍ശനം നടത്തണ്ടത്, രാഷ്ട്രീയ ലാഭത്തിനായോ പ്രകടനപരതയ്ക്കായോ അല്ല.” ആദിത്യനാഥ് പറയുന്നു.

ഇന്ത്യന്‍ സൈന്യത്തിന്റെ നിര്‍വ്യാജമായ പ്രവൃത്തികളെ കാരണമില്ലാതെ ചോദ്യം ചെയ്യുകയാണ് കോണ്‍ഗ്രസ്സ് നേതാക്കള്‍ എന്നാണ് ആദിത്യനാഥിന്റെ ആരോപണം.

“സൈനികര്‍ തീവ്രവാദികള്‍ക്കെതിരെ നിറയൊഴിക്കുമ്പോള്‍ രാഹുല്‍ ഗാന്ധിയും മറ്റു കോണ്‍ഗ്രസ്സ് നേതാക്കളും സൈന്യത്തെയാണ് ചോദ്യം ചെയ്യുന്നത്. തീവ്രവാദ പ്രവര്‍ത്തനങ്ങളെ തീര്‍ത്തും ഉന്മൂലനം ചെയ്യാനും വിഘടനവാദത്തെ ക്രിയാത്മകമായി നേരിടാനും ബി.ജെ.പി നയിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ കിണഞ്ഞു പരിശ്രമിക്കുകയാണ്. ഇതാണ് കോണ്‍ഗ്രസ്സിനെ ആശങ്കയിലാഴ്ത്തിയിരിക്കുന്നത്.” ആദിത്യനാഥ് പറഞ്ഞു.


Also Read: ആസ്സാമില്‍ വീണ്ടും സദാചാര അതിക്രമം: യുവതീയുവാക്കളെ തല്ലിച്ചതച്ചു; യുവതിയുടെ തല മുണ്ഡനം ചെയ്തു


“ലഷ്‌കര്‍ ഇ ത്വയിബയുടെ ഭാഷയിലാണ് കോണ്‍ഗ്രസ്സ് സംസാരിക്കുന്നത്. ഇവരില്‍ നിന്നും രാജ്യത്തെ പൂര്‍ണമായും മുക്തമാക്കേണ്ടതുണ്ട്”

രാജീവ് ഗാന്ധിക്ക് രാഷ്ട്രീയം പാരമ്പര്യ വഴിക്ക് ലഭിച്ചതാണെന്നും ആദിത്യനാഥ് പറയുന്നുണ്ട്. “ഞങ്ങള്‍ രാഷ്ട്രീയത്തില്‍ മുന്നോട്ടു വന്നത് കടുത്ത പോരാട്ടങ്ങളിലൂടെയാണ്. ഞങ്ങള്‍ രാഷ്ട്രീയത്തെ സേവനമായി കാണുമ്പോള്‍, രാഹുല്‍ പെരുമാറുന്നത് യുവരാജാവിനെപ്പോലെയാണ്.”

ഉത്തര്‍ പ്രദേശ് വര്‍ഗ്ഗീയാതിക്രമങ്ങളില്‍ നിന്നും പൂര്‍ണമായി മോചനം നേടിക്കഴിഞ്ഞുവെന്നും മുഖ്യമന്ത്രി പറയുന്നുണ്ട്. “അഴിമതിക്ക് ഇനി സംസ്ഥാനത്ത് സ്ഥാനമില്ല. വ്യക്തവും സുതാര്യവുമായ ഉദ്ദേശങ്ങളോടെയാണ് ബി.ജെ.പി. സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്.”


Also Read: മുത്തലാഖ് വിഷയത്തില്‍ തുറന്ന സമീപനം; സോണിയ ഗാന്ധി, മായാവതി, മമതാ ബാനര്‍ജി എന്നിവരുടെ പിന്തുണ തേടി കേന്ദ്രസര്‍ക്കാര്‍


നരേന്ദ്രമോദിയുടെ പ്രവൃത്തികളും ജനപ്രീതിയും കണ്ട് കോണ്‍ഗ്രസ്സ് ഭയന്നിരിക്കുകയാണെന്ന് ഉത്തര്‍പ്രദേശ് ബി.ജെ.പി. അദ്ധ്യക്ഷന്‍ മഹേന്ദ്ര നാഥ് പാണ്ഡേയും അഭിപ്രായപ്പെട്ടു. ഇതേ ചടങ്ങില്‍ സംബന്ധിച്ച് സംസാരിക്കുകയായിരുന്നു പാണ്ഡേ.