|

'എന്റെ ഉള്ളില്‍ അദ്ദേഹം ഇപ്പോഴുമുണ്ട്, നിങ്ങളോട് എന്നിലൂടെ സംസാരിക്കുന്നത് എന്റെ പിതാവാണ്'; രാജീവ് ഗാന്ധിയുടെ ഓര്‍മ്മകളില്‍ രാഹുല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പുതുച്ചേരി: തന്റെ പിതാവ് രാജീവ് ഗാന്ധി എപ്പോഴും തനിക്കൊപ്പമുണ്ടെന്ന് രാഹുല്‍ ഗാന്ധി. പുതുച്ചേരിയില്‍ കോളേജ് വിദ്യാര്‍ത്ഥികളുമായുള്ള സംസാരത്തിനിടയിലായിരുന്നു രാഹുലിന്റെ പരാമര്‍ശം.

‘അദ്ദേഹം എപ്പോഴും തനിക്കൊപ്പമുണ്ട്. അദ്ദേഹമാണ് എന്നിലൂടെ സംസാരിക്കുന്നത്’, രാഹുല്‍ പറഞ്ഞു. ഹിംസ കൊണ്ട് നിങ്ങള്‍ക്കുള്ളിലുള്ള ഒന്നിനേയും ഇല്ലാക്കാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തന്റെ പിതാവിന്റെ കൊലപാതകത്തിന് കാരണക്കാരായവരോട് തനിക്ക് വിദ്വേഷമോ പകയോ ഇല്ലെന്നും രാഹുല്‍ പറഞ്ഞു.

‘നിങ്ങളുടെ പിതാവ് എല്‍.ടി.ടി.ഇ തീവ്രവാദികളാല്‍ കൊല്ലപ്പെടുകയായിരുന്നു. അവരോടുള്ള നിങ്ങളുടെ പ്രതികരണം എന്താണ്?’, എന്നായിരുന്നു വിദ്യാര്‍ത്ഥികളിലൊരാളുടെ ചോദ്യം.

‘എനിക്ക് ആരോടും ദേഷ്യമോ വെറുപ്പോ ഇല്ല. അതെ എനിക്കെന്റെ പിതാവിനെ നഷ്ടപ്പെട്ടു. തീര്‍ച്ചയായും അത് വളരെ ബുദ്ധിമുട്ടേറിയ ദിവസങ്ങളായിരുന്നു. പക്ഷെ ഞാന്‍ എല്ലാം ക്ഷമിച്ചു’, രാഹുല്‍ പറഞ്ഞു.

1991 മേയ് 21 നാണ് രാജീവ് ഗാന്ധി കൊല്ലപ്പെടുന്നത്.

മൂന്നു പതിറ്റാണ്ടായി ജയില്‍ ശിക്ഷയനുഭവിക്കുന്ന രാജീവ് ഗാന്ധി വധക്കേസ് പ്രതികളെ വിട്ടയയ്ക്കണമെന്ന് തമിഴ്‌നാട് മന്ത്രിസഭാ ആവശ്യപ്പെട്ടിരുന്നു.

പേരറിവാളന്‍, നളിനി, ഭര്‍ത്താവ് മുരുകന്‍, ശാന്തന്‍, റോബര്‍ട്ട് പയസ്, ജയകുമാര്‍, രവിചന്ദ്രന്‍ എന്നിവരാണു കേസിലെ പ്രതികള്‍. നേരത്തെ ഇവര്‍ക്ക് വധശിക്ഷ വിധിച്ചിരുന്നെങ്കിലും പിന്നീട് ജീവപര്യന്തമായി ഇളവു ചെയ്യുകയായിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Rahul Gandhi Remembers Rajiv Gandhi