| Thursday, 8th October 2020, 8:48 am

വീഡിയോ: 'ഹാത്രാസ് കാണുക'; യോഗിയുടെ പൊലീസിനെ മറികടന്ന് ഹാത്രാസ് കുടുംബത്തെ സന്ദര്‍ശിച്ച വീഡിയോ പുറത്ത് വിട്ട് രാഹുല്‍ ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലക്‌നൗ: ഹാത്രാസില്‍ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിച്ച വീഡിയോ പുറത്തുവിട്ട് രാഹുല്‍ ഗാന്ധി. ‘ഹാത്രാസ് കാണുക’ എന്ന പേരിലാണ് രാഹുല്‍ വീഡിയോ പുറത്തു വിട്ടത്.

പെണ്‍കുട്ടിയുടെ കുടുംബത്തെ സര്‍ക്കാര്‍ ചൂഷണം ചെയ്യുകയും അടിച്ചമര്‍ത്തുകയും ചെയ്‌തെന്ന് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. ഹാത്രാസ് കുടുംബത്തോട് ചെയ്ത് അനീതി ഓരോ ഇന്ത്യക്കാരനെ സംബന്ധിച്ചും പ്രധാനമാണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

നേരത്തെ ഹാത്രാസ് പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ പോകുന്നതിനിടെ കോണ്‍ഗ്രസ് നേതാക്കളായ പ്രിയങ്ക ഗാന്ധിയേയും രാഹുല്‍ ഗാന്ധിയേയും പൊലീസ് തടയുകയും ഇരുവര്‍ക്കുമെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു.

ഹാത്രാസ് സംഭവത്തില്‍ രാഹുല്‍ ഗാന്ധിയുടെ ഇടപെടല്‍ ഏറെ ചര്‍ച്ചയായിരുന്നു. കുടുംബത്തെ സംരക്ഷിക്കേണ്ട സര്‍ക്കാര്‍ അവരോട് ഒരന്യായത്തിന് പുറമെ മറ്റൊരു അന്യായം, അതിനു മുകളില്‍ അടുത്തൊരന്യായം എന്ന രീതിയിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് രാഹുല്‍ പറയുന്നത് വീഡിയോയില്‍ കാണാം.

ഈ കുടുംബം ഒരു വിധത്തിലുള്ള തെറ്റും ചെയ്തിട്ടില്ല പക്ഷേ എല്ലാ ദുരിതവും അനുഭവിക്കുന്നത് അവരാണെന്നും രാഹുല്‍ വീഡിയോയില്‍ പറയുന്നു.

നിരോധനാജ്ഞ മറികടന്നാണ് രാഹുലും പ്രിയങ്കയും പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിച്ചത്.

യു.പിയിലേത് ജംഗിള്‍രാജ് ആണെന്നും പെണ്‍കുട്ടികളെ സംരക്ഷിക്കുക എന്നതല്ല, സത്യം മറച്ചുവെച്ച് അധികാരം നിലനിര്‍ത്തുക എന്നതാണ് ബി.ജെ.പിയുടെ മുദ്രാവാക്യമെന്നും നേരത്തെ രാഹുല്‍ പ്രതികരിച്ചിരുന്നു.

ഹാത്രാസില്‍ സെപ്തംബര്‍ 14നായിരുന്നു 19 വയസ്സുള്ള ദളിത് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായത്. വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള തീറ്റ ശേഖരിക്കാന്‍ പോയ സമയത്താണ് നാല് പേര്‍ ചേര്‍ന്ന് കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത്.

കുട്ടിയെ കാണാതായതോടെ കുടുംബാംഗങ്ങള്‍ പ്രദേശം മുഴുവന്‍ തെരച്ചില്‍ നടത്തി. ഒടുവില്‍ ആളൊഴിഞ്ഞ സ്ഥലത്ത് അവശനിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു. ക്രൂരമായി ആക്രമിക്കപ്പെട്ട പെണ്‍കുട്ടി ദല്‍ഹിയിലെ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. പെണ്‍കുട്ടിയുടെ നാവ് മുറിച്ച നിലയിലായിരുന്നു. ബലാത്സംഗത്തിന് ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താനും ശ്രമിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Rahul Gandhi Releases Video of Hatras Visit

We use cookies to give you the best possible experience. Learn more