| Tuesday, 2nd July 2019, 8:57 am

'ഈ സാഹചര്യത്തെയും നേരിടും'; ഗെഹ്‌ലോട്ടിനും കമല്‍നാഥിനും രാഹുലിന്റെ മറുപടി; യോഗത്തില്‍ അമരീന്ദര്‍സിങിന് പ്രശംസ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ പദവിയില്‍ തുടരില്ലെന്ന തീരുമാനത്തില്‍ ഉറച്ച് രാഹുല്‍ഗാന്ധി. ഇന്നലെ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരുമായി നടത്തിയയോഗത്തിലും രാഹുല്‍ തന്റെ തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു.

രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്, മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ്, പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍സിംഗ്, ചത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബഘേല്‍, പോണ്ടിച്ചേരി മുഖ്യമന്ത്രി വി. നാരായണസ്വാമി എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്.

അശോക് ഗെഹ്‌ലോട്ടും കമല്‍നാഥും രാഹുല്‍ഗാന്ധിയെ രാജിയില്‍ നിന്നും പിന്മാറ്റാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. മെയ് 25ന് ചേര്‍ന്ന കോണ്‍ഗ്രസ് പ്രര്‍ത്തക സമിതി യോഗത്തില്‍ കമല്‍നാഥും അശോക് ഗെഹ്ലോട്ടും മക്കള്‍ക്ക് വേണ്ടി മാത്രമാണ് പ്രചാരണം നടത്തിയതെന്നും പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിച്ചില്ലെന്നും രാഹുല്‍ വിമര്‍ശിച്ചിരുന്നു.

മധ്യപ്രദേശിലും രാജസ്ഥാനിലും ചത്തിസ്ഗഢിലും പ്രതീക്ഷയുണ്ടായിരുന്നെങ്കിലും പാര്‍ട്ടി പരാജയപ്പെടുകയാണ് ഉണ്ടായതെന്നായിരുന്നായിരുന്നു രാഹുലിന്റെ മറുപടി.

നേതാക്കള്‍ നിര്‍ബന്ധിച്ചപ്പോള്‍ രാജിക്കാര്യം പുനപരിശോധിക്കാന്‍ തയ്യാറല്ലെന്നായിരുന്നു രാഹുല്‍ പറഞ്ഞു.

യോഗത്തില്‍ ബി.ജെ.പിക്കെതിരെ രൂക്ഷവിമര്‍ശങ്ങളായിരുന്നു ഉയര്‍ന്നത്. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തുന്നതിന് പകരം വ്യാജ ദേശീയത ഉയര്‍ത്തിയാണ് ബി.ജെ.പി തെരഞ്ഞെടുപ്പിനെ നേരിട്ടത് എന്ന് കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ ചൂണ്ടികാട്ടി.

ഇതിന് രാഹുലിന്റെ മറുപടി ഈ സാഹചര്യത്തെയും മറികടക്കുമെന്നായിരുന്നു. ആര് എന്ത് പറയുന്നു എന്നതിനെ പരിഗണിക്കേണ്ടതില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. നമ്മള്‍ ഇനിയും പോരാടും.ഈ സമയത്ത് മാത്രമല്ല എല്ലായ്‌പ്പോഴും നിങ്ങളുടെ ഒപ്പമുണ്ടാവും.

തോല്‍വിയുടെ ഉത്തരവാദിത്തം ആരും ഏറ്റെടുക്കേണ്ടതില്ലെന്നും നമ്മള്‍ പല മണ്ഡലങ്ങളിലും ഇതിലും കൂടുതല്‍ വിജയം പ്രതീക്ഷിരുന്നെങ്കിലും അവിടെ പോലും തോല്‍വിയാണ് നേരിടേണ്ടിവന്നതെന്നും രാഹുല്‍ പറഞ്ഞു.

പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിനെ രാഹുല്‍ അഭിനന്ദിച്ചു. നല്ല പ്രകടനം കാഴ്ച്ചവെച്ചതിനായിരുന്നു പ്രശംസ

Latest Stories

We use cookies to give you the best possible experience. Learn more