ന്യൂദല്‍ഹി: മഹാരാഷ്ട്രയിലെ ബദ്‌ലാപൂരിൽ നഴ്സറി വിദ്യാര്‍ത്ഥികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഏത് നിലയിലേക്കാണ് നമ്മുടെ സമൂഹം സഞ്ചരിക്കുന്നതെന്ന് ചോദ്യമുയര്‍ത്തിയാണ് രാഹുല്‍ ഗാന്ധി പ്രതികരിച്ചത്.
പശ്ചിമ ബംഗാള്‍, ഉത്തര്‍പ്രദേശ്, ബീഹാര്‍ എന്നിവയ്ക്ക് ശേഷം മഹാരാഷ്ട്രയിലെ പെണ്‍മക്കള്‍ക്ക് നേരെയുണ്ടായ ലജ്ജാകരമായ കുറ്റകൃത്യം ഇത്തരത്തില്‍ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നുവെന്നാണ് രാഹുല്‍ പറഞ്ഞത്.
ബദ്‌ലാപൂരില്‍ രണ്ട് കുഞ്ഞുങ്ങള്‍ക്ക് നേരെ നടന്ന കുറ്റകൃത്യത്തില്‍ പ്രതിഷേധിച്ച് പൊതുജനങ്ങള്‍ തെരുവിലിറങ്ങുന്നത് വരെ, വിദ്യാര്‍ത്ഥിനികള്‍ക്ക് നീതി ലഭിക്കാനുള്ള ആദ്യ ചുവടുവെപ്പ് അധികൃതരില്‍ നിന്ന് ഉണ്ടായില്ലെന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി. കേസില്‍ പ്രതികള്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പോലും പ്രതിഷേധിക്കേണ്ടി വരുമോയെന്നും അദ്ദേഹം ചോദിച്ചു.
‘നീതി ലഭ്യമാക്കുന്നതിന് പകരം കുറ്റകൃത്യങ്ങള്‍ മറച്ചുവെക്കാനാണ് ഭരണകൂടം ശ്രമിക്കുന്നത്. ഇത്തരം നടപടികളുടെ പ്രധാന ഇരകള്‍ എന്നുപറയുന്നത് സ്ത്രീകളും ദുര്‍ബലരായ വിഭാഗത്തിലെ ജനങ്ങളുമാണ്. എഫ്.ഐ.ആര്‍ ഫയല്‍ ചെയ്യാത്തത് ഇരകളെ നിരുത്സാഹപ്പെടുത്തുകയും കുറ്റവാളികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു,’ പ്രതിപക്ഷ നേതാവ് പറഞ്ഞു.
സമൂഹത്തില്‍ സ്ത്രീകള്‍ക്ക് സുരക്ഷിതമായ അന്തരീക്ഷം ഒരുക്കുന്നതിന് എന്ത് നടപടികളാണ് സ്വീകരിക്കേണ്ടതെന്ന് എല്ലാ സര്‍ക്കാരുകളും പൗരന്മാരും രാഷ്ട്രീയ പാര്‍ട്ടികളും ഗൗരവമായി ആലോചിക്കേണ്ടതുണ്ട്. നീതി എന്നത് ഓരോ പൗരന്റെയും അവകാശമാണെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി. നിലവില്‍ പൊലീസിന്റെയും ഭരണകൂടത്തിന്റെയും ഇച്ഛാശക്തിയെ ജനങ്ങള്‍ക്ക് ആശ്രയിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഓഗസ്റ്റ് 13നാണ് മഹാരാഷ്ട്രയിലെ ബദ്‌ലാപൂരില്‍ നഴ്സറി വിദ്യാര്‍ത്ഥികളായ മൂന്നും നാലും വയസുള്ള രണ്ട് പെണ്‍കുട്ടികളെ സ്ഥാപനത്തിലെ ശുചീകരണ തൊഴിലാളി ലൈംഗികമായി ആക്രമിച്ചത്. പെണ്‍കുട്ടികളിലൊരാള്‍ സ്‌കൂളില്‍ പോകാന്‍ വിസമ്മിച്ചതോടെയാണ് അതിക്രമ വിവരം വീട്ടുകാര്‍ അറിയുന്നത്.
തുടര്‍ന്ന് പരാതിയുമായി സ്റ്റേഷനില്‍ എത്തിയ പെണ്‍കുട്ടിയുടെ രക്ഷിതാക്കളൈ പതിനൊന്ന് മണിക്കൂര്‍ ഉദ്യോഗസ്ഥര്‍ പൊലീസ് സ്റ്റേഷനില്‍ കാത്തുനില്‍പ്പിച്ചു. കൂടാതെ പ്രതിയുടെ പേരില്‍ പോക്സോ കേസ് രജിസ്റ്റര്‍ ചെയ്യാനും പൊലീസ് വിസമ്മതിച്ചു. ഒടുവില്‍ ജില്ലാ വനിതാ ശിശുക്ഷേമ വകുപ്പിന്റെ ഇടപെടലിനെ തുടര്‍ന്നാണ് പൊലീസ് പ്രതിക്കെതിരെ പോക്സോ വകുപ്പ് ചുമത്തിയത്.
വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുണ്ടായ അതിക്രമത്തില്‍ പ്രതിഷേധിച്ച് 500ഓളം പ്രതിഷേധക്കാര്‍ ബദ്‌ലാപൂര്‍ റെയില്‍വേ സ്റ്റേഷന്‍ ഉപരോധിക്കുകയുണ്ടായി. പ്രതിഷേധത്തില്‍ ട്രെയിന്‍ സര്‍വീസുകള്‍ തടസപ്പെടുകയും സ്റ്റേഷന് നേരെ കല്ലേറ് ഉണ്ടാവുകയും ചെയ്തു.
മണിക്കൂറുകള്‍ക്ക് മുമ്പേ റെയില്‍വേ സ്റ്റേഷന്‍ ഉപരോധിച്ച ജനക്കൂട്ടത്തിനെതിരെ മഹാരാഷ്ട്ര പൊലീസ് കേസെടുത്തു. പ്രതിഷേധത്തില്‍ പങ്കെടുത്ത 40 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതുകൂടാതെ സംഭവത്തില്‍ 300ഓളം എഫ്.ഐ.ആറും രജിസ്റ്റര്‍ ചെയ്യുകയുണ്ടായി.
Content Highlight: Opposition leader Rahul Gandhi reacts to the case of harassment of nursery students in Maharashtra’s Badlapur