ബി.ജെ.പിയുടെത് 'ഡബിള്‍ എഞ്ചിന്‍' അഴിമതി; തെരഞ്ഞെടുപ്പിന് മുമ്പ് അഴിമതിക്കെതിരെ സംസാരിക്കുന്നവര്‍, ശേഷം മാധ്യമപ്രവര്‍ത്തകര്‍ക്ക് കൈക്കൂലി നല്‍കുന്നു: രാഹുല്‍ ഗാന്ധി
national news
ബി.ജെ.പിയുടെത് 'ഡബിള്‍ എഞ്ചിന്‍' അഴിമതി; തെരഞ്ഞെടുപ്പിന് മുമ്പ് അഴിമതിക്കെതിരെ സംസാരിക്കുന്നവര്‍, ശേഷം മാധ്യമപ്രവര്‍ത്തകര്‍ക്ക് കൈക്കൂലി നല്‍കുന്നു: രാഹുല്‍ ഗാന്ധി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 29th October 2022, 7:54 pm

ന്യൂദല്‍ഹി: കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ ഉദ്യോഗസ്ഥന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് പണം നല്‍കിയെന്ന ആരോപണത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.

തെരഞ്ഞെടുപ്പിന് മുമ്പ് അഴിമതിക്കെതിരെ സംസാരിച്ചവര്‍ തെരഞ്ഞെടുപ്പിന് ശേഷം മാധ്യമപ്രവര്‍ത്തകര്‍ക്ക് കൈക്കൂലി നല്‍കുകയും 40 ശതമാനം കമ്മീഷന്‍ വാങ്ങുകയുമാണെന്ന് അദ്ദേഹം പറഞ്ഞു.

കേന്ദ്രത്തിലും ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലും ഡബിള്‍ എഞ്ചിന്‍ അഴിമതിയാണ് നടക്കുന്നതെന്നും രാഹുല്‍ ഗാന്ധി പരിഹസിച്ചു. തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെയായിരുന്നു രാഹുലിന്റെ പ്രതികരണം.

‘തെരഞ്ഞെടുപ്പിന് മുമ്പ് – അഴിമതി ചെയ്യില്ലെന്നും, ആരെയും അഴിമതിക്കായി അനുവദിക്കില്ലെന്നും പ്രഖ്യാപനം. തെരഞ്ഞെടുപ്പിന് ശേഷം – 40 ശതമാനം കമ്മീഷന്‍ വാങ്ങിക്കും, പിന്നെ ദീപാവലിക്ക് മധുരങ്ങള്‍ക്കൊപ്പം കര്‍ണാടകയിലെ മാധ്യമങ്ങള്‍ക്ക് കൈക്കൂലി അയക്കും.

‘പേ സി.എം’, ‘പേ പി.എം’ പോളിസിയാണ് ബി.ജെ.പി സര്‍ക്കാരുകള്‍ കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും നടപ്പാക്കുന്നത്. രാജ്യത്തുടനീളം ‘ഡബിള്‍ എഞ്ചിന്‍’ അഴിമതിയാണ് നടക്കുന്നത്,’ എന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്.

അതേസമയം, ബസവരാജ് ബൊമ്മൈയുടെ ഓഫീസിലെ ഒരു ഉദ്യോഗസ്ഥന്‍ ദീപാവലി മധുരത്തിനൊപ്പം ചില മാധ്യമപ്രവര്‍ത്തകര്‍ക്ക് സമ്മാനമായി ഒരു ലക്ഷം രൂപ വരെ നല്‍കിയെന്നാണ് ആരോപണം.

ദീപാവലി മധുരങ്ങളടങ്ങിയ പെട്ടിക്കൊപ്പമാണ് പണം നല്‍കിയെന്ന പരാതിയുള്ളത്. പണം ലഭിച്ചെന്ന് ആരോപിക്കപ്പെട്ട പന്ത്രണ്ട് മാധ്യമപ്രവര്‍ത്തകരില്‍ രണ്ട് പേര്‍ ഇത്തരത്തില്‍ പണം വിതരണം നടന്നതായി സ്ഥിരീകരിച്ചു. ദി ന്യൂസ് മിനിട്ടാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്

‘മുഖ്യമന്തിയുടെ ഓഫീസില്‍ നിന്ന് കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് ദീപാവലി മധുരപലഹാരം എനിക്ക് ലഭിക്കുന്നത്. അത് തുറന്നപ്പോള്‍ അതില്‍ പണമുള്ള ഒരു കവര്‍ കണ്ടു. എത്രയുണ്ടെന്ന് എണ്ണാന്‍ പോയില്ല. ഉടന്‍ തന്നെ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് തന്നെ തിരിച്ചയച്ചു.

പണം മുഖ്യമന്ത്രിയുടെ ഓഫീസില്‍ തിരിച്ചെത്തിയെന്ന് ഉറപ്പാക്കുകയും അതൃപ്തി അറിയിക്കുകയും ചെയ്തു,’ ഇത്തരത്തില്‍ പണം ലഭിച്ച ഒരു മാധ്യമപ്രവര്‍ത്തകന്‍ പറഞ്ഞു.

സംഭവം വിവാദമായതോടെ മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് ‘സ്വീറ്റ് ബോക്‌സ് കോഴ’ നടന്നതായി കോണ്‍ഗ്രസ് ആരോപിച്ചു. വിഷയത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. സംഭവത്തില്‍ മുഖ്യമന്ത്രിയിടെ മാധ്യമ ഉപദേഷ്ടാവിനെതിരെ കര്‍ണാടക ലോകായുക്ത പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്.