'രാജ്യത്ത് നോണ്‍ സ്റ്റോപ്പ് പേപ്പര്‍ ചോര്‍ച്ച'; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കൈവശപ്പെടുത്തി ബി.ജെ.പി: രാഹുല്‍ ഗാന്ധി
national news
'രാജ്യത്ത് നോണ്‍ സ്റ്റോപ്പ് പേപ്പര്‍ ചോര്‍ച്ച'; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കൈവശപ്പെടുത്തി ബി.ജെ.പി: രാഹുല്‍ ഗാന്ധി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 20th June 2024, 4:17 pm

ന്യൂദല്‍ഹി: കേന്ദ്ര പരീക്ഷകളിലെ ക്രമക്കേടില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ് എം.പി രാഹുല്‍ ഗാന്ധി. രാജ്യത്ത് നടക്കുന്നത് നോണ്‍ സ്റ്റോപ്പ് പേപ്പര്‍ ചോര്‍ച്ചയാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

ബി.ജെ.പി നടപ്പിലാക്കിയ നയങ്ങള്‍ തകര്‍ത്തത് രാജ്യത്തെ യുവാക്കളുടെ ഭാവിയും വിദ്യാഭ്യാസ മേഖലയേയുമാണെന്ന് രാഹുല്‍ വാര്‍ത്താ സമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.  ഉക്രൈൻ-റഷ്യ യുദ്ധം തടഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ചോദ്യ പേപ്പർ ചോർച്ച തടയാൻ കഴിയില്ലേയെന്നും രാഹുൽ ചോദിച്ചു.

ഭാരത് ജോഡോ ന്യായ് യാത്രക്കിടെ ആയിരക്കണക്കിന് ചോദ്യ പേപ്പര്‍ ചോര്‍ച്ചയെ കുറിച്ച പരാതിപ്പെട്ടിരുന്നെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ആ വിഷയം ഗൗരവത്തോടുകൂടി സര്‍ക്കാരിന് മുമ്പില്‍ ചൂണ്ടിക്കാട്ടിയിരുന്നെന്നും രാഹുല്‍ വ്യക്തമാക്കി. ചോദ്യ പേപ്പര്‍ ചോര്‍ച്ച തടയാന്‍ കേന്ദ്ര സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ലെന്നും രാഹുല്‍ വിമര്‍ശിച്ചു. കേന്ദ്രം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കൈക്കലാക്കാന്‍ ശ്രമിക്കുകയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

‘പഠിക്കുകയും കഠിനാധ്വാനം ചെയ്യുകയും സത്യസന്ധത പുലര്‍ത്തുകയും ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ ഇന്ത്യയില്‍ കഷ്ടപ്പെടുകയാണ്. വഞ്ചിക്കുന്നവര്‍ക്ക് ജീവിതകാലം മുഴുവനും പ്രയോജനവും ലഭിക്കുന്നു. നമ്മുടെ വിസിമാരെ നിയമിക്കുന്നത് മെറിറ്റിന്റെ അടിസ്ഥാനത്തിലല്ല, മറിച്ച് അവര്‍ ഒരു പ്രത്യേക സംഘടനയില്‍ പെട്ടവരാണ്. ഈ സംഘടനയും ബി.ജെ.പിയും നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ കടന്നുകയറുകയാണ്,’ എന്ന് രാഹുല്‍ ഗാന്ധി പ്രതികരിച്ചു.

നരേന്ദ്ര മോദി രാജ്യം മുഴുവന്‍ പ്രചരിപ്പിക്കുന്ന വ്യാപം അഴിമതി നടന്നത് മധ്യപ്രദേശില്‍ ആണെന്നും രാഹുല്‍ ഓര്‍മിപ്പിച്ചു. ഇന്ത്യയിലെ മുഴുവന്‍ സംവിധാനങ്ങളെയും ബി.ജെ.പി കൈവശപ്പെടുത്തിയതിനാലാണ് ഇത്തരത്തില്‍ ചോര്‍ച്ച ഉണ്ടാവുന്നതെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി. ഈ കൈവശപ്പെടുത്തല്‍ എന്ത് വിലകൊടുത്തും തടയണമെന്നും രാഹുല്‍ മാധ്യമങ്ങളോട് പറഞ്ഞു.

രാജ്യം നിലവില്‍ നേരിടുന്നത് ദേശീയവും സാമ്പത്തികവും വിദ്യാഭ്യാസപരവും സ്ഥാപനപരവുമായ പ്രതിസന്ധികളാണെന്ന് രാഹുല്‍ ചൂണ്ടിക്കാട്ടി. ബി.ജെ.പിയും അവരുടെ മാതൃസംഘടനയായ ആര്‍.എസ്.എസും രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളെയാണ് ലക്ഷ്യം വെക്കുന്നതെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. പേപ്പര്‍ ചോര്‍ച്ച രാജ്യവിരുദ്ധ പ്രവര്‍ത്തനമാണെന്നും രാഹുല്‍ വ്യക്തമാക്കി. ഈ തെറ്റായ നടപടി രാജ്യത്തെ യുവാക്കളെ നിരന്തരമായി വേദനിപ്പിക്കുകയാണ്. ഇതിന് ഉത്തരവാദികളായവരെ കണ്ടെത്തി ഉടന്‍ നടപടിയെടുക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.

ലോക്‌സഭാ തെരഞ്ഞെടുപ്പ് അവസാനിച്ചതോടെ വോട്ടര്‍മാര്‍ക്ക് മനസിലായിട്ടുണ്ട്, രാജ്യത്തെ ഭൂരിഭാഗം മാധ്യമങ്ങളും സ്ഥാപനങ്ങളും മോദിയുടെയും ബി.ജെ.പിയുടെയും നിയന്ത്രണത്തിലാണെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.

നീറ്റിലെ ക്രമക്കേടിന് പിന്നാലെ ചൊവ്വാഴ്ച നടന്ന യു.ജി.സി-നെറ്റ് പരീക്ഷ കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കി. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി നടത്തിയ പരീക്ഷയില്‍ ഗുരുതര ക്രമക്കേടുകള്‍ കണ്ടെത്തയതിനെ തുടര്‍ന്നായിരുന്നു നടപടി.

പരീക്ഷയുടെ ചോദ്യങ്ങള്‍ ചോര്‍ന്നെന്ന സംശയത്തെ തുടര്‍ന്നാണ് ചൊവ്വാഴ്ച രാത്രിയോടെ നെറ്റ് പരീക്ഷ റദ്ദ് ചെയ്ത് കൊണ്ട് കേന്ദ്രം പ്രസ്താവന ഇറക്കിയത്. അന്വേഷണം സി.ബി.ഐക്ക് ഏല്‍പ്പിച്ചതായും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

Content Highlight: Rahul Gandhi reacted against the central government on the irregularities in the central examinations