ന്യൂദല്‍ഹി: കര്‍ണാടക വിഷയത്തില്‍ ലോക്‌സഭയില്‍ ബി.ജെ.പിക്കെതിരെ മുദ്രാവാക്യം വിളിച്ച് രാഹുല്‍ ഗാന്ധി.
കര്‍ണാടകത്തിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ക്ക് ഉത്തരവാദി ബി.ജെ.പിയാണെന്ന് ആരോപിച്ചായിരുന്നു സഭയില്‍ കോണ്‍ഗ്രസ് രംഗത്തെത്തിയത്.
17 ാമത് ലോക്‌സഭയില്‍ ആദ്യമായാണ് രാഹുല്‍ ബി.ജെ.പിക്കെതിരെ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചത്. ഉച്ചയ്ക്ക് ശേഷമായിരുന്നു രാഹുല്‍ സഭയിലെത്തിയത്.
ആ സമയം കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി കര്‍ണാടക വിഷയം സഭയില്‍ ഉന്നയിക്കുകയായിരുന്നു. കര്‍ണാടകയിലെ കോണ്‍ഗ്രസ് എം.എല്‍.എമാരെ ബി.ജെ.പിക്കാര്‍ വേട്ടയാടിയെന്നും കുതിരക്കച്ചവടമാണ് ബി.ജെ.പി നടത്തുന്നതെന്നും രഞ്ജന്‍ ചൗധരി ആരോപിച്ചു.
എന്നാല്‍ വിഷയം തിങ്കളാഴ്ച സഭ ചര്‍ച്ച ചെയ്യാമെന്നും രാജ്‌നാഥ് സിങ് വിഷയത്തില്‍ മറുപടി നല്‍കുമെന്നും സ്പീക്കര്‍ ഓം ബിര്‍ള പറഞ്ഞു.
എന്നാല്‍ ജനാധിപത്യം സംരക്ഷിക്കുക എന്നത് താങ്കളുടെ കടമയാണെന്ന് കോണ്‍ഗ്രസ് പറഞ്ഞു. സ്പീക്കറുടെ പ്രതികരണത്തില്‍ പ്രതിഷേധിച്ച് ചൗധരി വീണ്ടും വിഷയം ഉന്നയിച്ചു.
എന്നാല്‍ സ്പീക്കര്‍ വിഷയം പരിഗണനക്കെടുതിരുന്നതോടെ ചൗധരി മുദ്രാവാക്യം വിളിച്ചു തുടങ്ങി. സ്വേച്ഛാധിപത്യം തുലയട്ടെ, വേട്ടയാടല്‍ രാഷ്ട്രീയം അവസാനിപ്പിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളായിരുന്നു ഉയര്‍ത്തിയത്. ഇതോടെ രാഹുല്‍ ഗാന്ധി അടക്കമുള്ള കോണ്‍ഗ്രസ് അംഗങ്ങള്‍ മുദ്രാവാക്യം വിളിച്ചുതുടങ്ങി.