'എന്റെ വീഴ്ചകള്‍ അംഗീകരിക്കാതെ മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നതില്‍ അര്‍ത്ഥമില്ല'; രാജിക്കത്ത് ഔദ്യോഗികമായി പുറത്തുവിട്ട് രാഹുല്‍ ഗാന്ധി
ന്യൂദല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ പദവിയില്‍ നിന്നുള്ള രാജി ഔദ്യോഗികമായി പ്രഖ്യാപിച്ച് രാഹുല്‍ ഗാന്ധി. രാജിവെച്ച കാര്യം വ്യക്തമാക്കുന്ന കത്ത് രാഹുല്‍ ട്വിറ്ററിലൂടെ പുറത്തുവിട്ടു.
ലോക്‌സഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തോല്‍വിയുടെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജിയെന്ന് കത്തില്‍ പറയുന്നു. കോണ്‍ഗ്രസ് പാര്‍ട്ടിയെ സേവിക്കുന്നത് തനിക്ക് അംഗീകാരമാണെന്നും രാജ്യത്തോടും തന്റെ പാര്‍ട്ടിയോടും കടപ്പെട്ടിരിക്കുന്നെന്നും രാഹുല്‍ കത്തില്‍ വ്യക്തമാക്കി.
‘കോണ്‍ഗ്രസ് അധ്യക്ഷനെന്ന നിലയില്‍ പരാജയത്തിന്റെ ഉത്തരവാദിത്തം തനിക്കാണ്. തന്റെ വീഴ്ചകള്‍ അംഗീകരിക്കാതെ മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നതില്‍ അര്‍ത്ഥമില്ല. അതുകൊണ്ടാണ് ഞാന്‍ രാജി സമര്‍പ്പിക്കുന്നത്. പുതിയ അധ്യക്ഷനെ നാമനിര്‍ദേശം ചെയ്യണമെന്ന് പല സഹപ്രവര്‍ത്തകരും ആവശ്യപ്പെട്ടിരുന്നു. അത് ശരിയാണെന്ന് ഞാന്‍ കരുതുന്നില്ല. പാര്‍ട്ടി തന്നെ പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കണം’- രാഹുല്‍ പറയുന്നു.
പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ ഉചിതമായ തീരുമാനങ്ങള്‍ കൈക്കൊള്ളുമെന്നും പാര്‍ട്ടിയുടെ ഉന്നതാധികാര സമിതിയായ കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി പുതിയ അധ്യക്ഷനെ തീരുമാനിക്കണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
അതേസമയം, പാര്‍ട്ടിയെക്കാള്‍ തങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കി കോണ്‍ഗ്രസിന്റെ പ്രചാരണത്തെ മുതിര്‍ന്ന നേതാക്കള്‍ ദുര്‍ബലപ്പെടുത്തിയെന്ന് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചിരുന്നു.
എന്‍.ഡി.എ സര്‍ക്കാരിന്റെ വിജയത്തിന്റെ പശ്ചാത്തലത്തില്‍ മെയ് 25 നാണ് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം രാജിവെച്ച് കത്ത് കൈമാറിയത്. രാഹുലിനെ രാജിയില്‍ നിന്ന് പിന്തിരിപ്പാക്കാന്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളടക്കം സമ്മര്‍ദം ചെലുത്തിയിട്ടും ഫലമുണ്ടായില്ല.
രാഹുല്‍ ഗാന്ധി തന്നെ അധ്യക്ഷസ്ഥാനത്ത് തുടരണമെന്ന് ആവശ്യപ്പെട്ട് എ.ഐ.സി.സി ഓഫീസിന് മുന്നിലും കോണ്‍ഗ്രസ് ഓഫീസ് വളപ്പിലുമായി നടന്ന സമരം ഇന്നലെ പ്രവര്‍ത്തകര്‍ അവസാനിപ്പിച്ചിരുന്നു.