| Friday, 29th March 2024, 5:43 pm

ജനാധിപത്യത്തെ നശിപ്പിക്കുന്നവര്‍ക്ക് സർക്കാർ മാറിയാൽ ശക്തമായ മറുപടി; നികുതി വകുപ്പിന്റെ നടപടിക്കെതിരെ രാഹുൽ ​

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരായ ആദായനികുതി വകുപ്പിന്റെ നടപടിയില്‍ പ്രതികരിച്ച് രാഹുല്‍ ഗാന്ധി. ജനാധിപത്യത്തെ നശിപ്പിക്കുന്നവര്‍ക്കെതിരെ സർക്കാർ മാറിയാൽ ശക്തമായ നടപടി ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. എക്‌സിലൂടെ ആയിരുന്നു അദ്ദേഹത്തിന്‍രെ പ്രതികരണം.

‘സര്‍ക്കാര്‍ മാറിയാല്‍ ജനാധിപത്യം തകര്‍ക്കുന്നവര്‍ക്കെതിരെ തീര്‍ച്ചയായും നടപടിയെടുക്കും. ഇനി ഇത്തരത്തിലുള്ള കാര്യങ്ങള്‍ ചെയ്യാന്‍ ആര്‍ക്കും ധൈര്യം വരാത്ത വിധത്തിലായിരിക്കും നടപടി. ഇത് എന്റെ ഗ്യാരന്റിയാണ്,’ രാഹുല്‍ ഗാന്ധി പറഞ്ഞു.
ആദായനികുതി വകുപ്പ് ഉള്‍പ്പെടെയുള്ളവ ബി.ജെ.പിയുടെ നിര്‍ദേശപ്രകാരമാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

1,700 കോടി രൂപ പിഴ അടക്കണമെന്ന് ആവശ്യപ്പെട്ട് കോൺ​ഗ്രസിന് ആദായനികുതി വകുപ്പിന്റെ നോട്ടീസ് ലഭിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. 2017-18 സാമ്പത്തിക വർഷം മുതൽ, 2020-21 സാമ്പത്തിക വർഷം വരെയുള്ള പിഴയും പലിശയും അടക്കം 1,700 കോടി രൂപ അടക്കാനാണ് കോൺ​ഗ്രസിനെ അറിയിച്ചത്.

നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺ​ഗ്രസ് രം​ഗത്തെത്തിയിരുന്നു. ഇതിനെതിരെ അടുത്ത ആഴ്ച സുപ്രീം കോടതിയെ സമീപക്കുമെന്ന് നേതാക്കൾ വ്യക്തമാക്കി.

കഴിഞ്ഞ ഏഴ് വർഷത്തെ ബി.ജെ.പി നൽകിയ കണക്കുകളിൽ അവർ നടത്തിയ നിയമലംഘനം വ്യക്തമാണ്. കോൺഗ്രസിന് പിഴ ചുമത്തിയ മാനദണ്ഡം കണക്കാക്കിയാൽ ബി.ജെ.പിക്ക് 4,600 കോടി രൂപ പിഴ ചുമത്തണമെന്നും ജയറാം രമേശ് ഉൾപ്പെടയുള്ള നേതാക്കൾ ആരോപിച്ചിരുന്നു.

അതിനിടെ, 11 കോടി രൂപ തിരിച്ചടക്കണമെന്ന് ചൂണ്ടിക്കാട്ടി സി.പി.ഐക്കും ആദായനികുതി വകുപ്പ് വെള്ളിയാഴ്ച നോട്ടീസ് അയച്ചു. പാൻ കാർഡ് തെറ്റായി രേഖപ്പെടുത്തിയെന്ന് ആരോപിച്ചാണ് പിഴ ചുമത്തിയത്. ആദായനികുതി തിരിച്ചടക്കുന്ന സമയത്ത് പഴയ പാൻ കാർഡിലെ വിവരങ്ങൾ സി.പി.ഐ ഉപയോഗിച്ചെന്നാണ് ആരോപണം.

ഇതിന് പിന്നാലെയാണ് 11 കോടി രൂപ തിരിച്ചടക്കാൻ ആദായനികുതി വകുപ്പ് ആവശ്യപ്പെട്ടത്. എന്നാൽ ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സി.പി.ഐ അറിയിച്ചിട്ടുണ്ട്. മുതിർന്ന അഭിഭാഷകരുമായി ചർച്ച നടത്തിയെന്നും ഉടൻ തന്നെ നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്നും നേതാക്കൾ അറിയിച്ചു.

Content Highlight: Rahul Gandhi promised the party will take action against those who have destroyed democracy

We use cookies to give you the best possible experience. Learn more