| Wednesday, 14th September 2022, 8:57 pm

കേരള ജനതയാണ് ഗള്‍ഫ് നഗരങ്ങള്‍ പടുത്തുയര്‍ത്തിയത്, വിദ്യാഭ്യാസ മേഖലയിലെ കേരളത്തിന്റെ മികവ് മാന്ത്രിക വിദ്യയല്ല; ജോഡോ യാത്രക്കിടെ കേരളത്തെ പുകഴ്ത്തി രാഹുല്‍ ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്ലം: ഭാരത് ജോഡോ യാത്രക്കിടെ കേരളത്തെ പ്രശംസിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കേരള ജനതയാണ് ഗള്‍ഫ് നഗരങ്ങള്‍ പടുത്തുയര്‍ത്തിയതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. കേരളത്തിലെ വിദ്യാഭ്യാസ മേഖലയിലെ മികവ് മാന്ത്രിക വിദ്യ കൊണ്ട് ഉണ്ടായതല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഭാരത് ജോഡോ യാത്രയുടെ ഭാഗമായി കൊല്ലം ചാത്തന്നൂരില്‍ നടന്ന പൊതുയോഗത്തിലായിരുന്നു രാഹുല്‍ ഗാന്ധി ഇക്കാര്യം പറഞ്ഞത്.

തന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കേരളത്തിലെ ജനങ്ങള്‍ ശക്തി പകരുന്നു. കേരളത്തോട് വളരെയധികം അടുപ്പമാണുള്ളത്. എന്നാല്‍ ഇന്ന് രാജ്യത്ത് എവിടെയും വെറുപ്പും വിദ്വേഷവുമാണ് കാണാന്‍ കഴിയുന്നത്. പരസ്പരം സഹോദരന്മാരായി ആരും കാണുന്നില്ല. വിഭാഗീയതയുടെയും വിഭജനത്തിന്റെയും വെറുപ്പിന്റെയും പ്രത്യശാസ്ത്രമാണ് ബി.ജെ.പിയുടെത്.

വിരോധികളോട് പോലും സഹോദര്യം പുലര്‍ത്തുന്നതാണ് ഇന്ത്യയുടെ വികാരം. ഗാന്ധിജിയുടെ പോരാട്ടമാണ് ഇന്ത്യയുടെയും കേരളത്തിന്റെയും ശരിയായ വികാരം. ആര്‍.എസ്.എസിനെയും ബി.ജെ.പിയുടെയും വികാരം രാജ്യത്തെ സമാധാനത്തെ തകര്‍ക്കുന്നു.

ഇന്ന് കശുവണ്ടി തൊഴിലാളികളെയും നേതാക്കന്മാരെയും കണ്ടു അവര്‍ക്ക് ഭാവിയിലേക്ക് നോക്കാന്‍ കഴിയുന്നില്ല. ഇന്ത്യക്കാര്‍ തന്നെ ഇന്ത്യക്കകത്ത് മത്സരിച്ചുകൊണ്ടിരിക്കുന്ന സമയത്ത് അവര്‍ക്ക് പ്രതീക്ഷയോടെ നോക്കാന്‍ കഴിയുന്നില്ല. എളുപ്പത്തില്‍ വിദ്വേഷം പ്രകടിപ്പിക്കാന്‍ കഴിയും.

എന്നാല്‍ ജനങ്ങളെ ഒന്നിപ്പിക്കുക പ്രയാസകരമായ കാര്യമാണ്. കേരളത്തിലെ ജനങ്ങള്‍ക്ക് ഇതിനെ ചെറുത്ത് തോല്‍പ്പിക്കാന്‍ കഴിയും. എല്ലാ പുതിയ പ്രത്യയശാസ്ത്രങ്ങളെയും ആശയങ്ങളെയും കേരളം പ്രോത്സാഹിപ്പിക്കുന്നു. എല്ലാ പ്രത്യയശാസ്ത്രത്തെയും സഹോദര്യത്തോടെ കാണുന്നുവെന്നും രാഹുല്‍ പറഞ്ഞു.

ശ്രീനാരായണ ഗുരുവില്‍ വിശ്വാസമില്ലാതെ ഗുരുദേവന്റെ പ്രതിമ സ്ഥാപിച്ചത് കൊണ്ട് ഒരു കാര്യവുമില്ല. അത് ശ്രീനാരായണ ഗുരുവിനോട് ഉള്ള അനാദരവാണ്. ആദ്യം ഗുരുദേവന്റെ ആശയങ്ങളും പ്രത്യയശാസ്ത്രങ്ങളും പിന്‍പറ്റി ജീവിക്കണം. രാജ്യത്തിന്റെ ഒരുമയാണ് ഭാരത് ജോഡോ യാത്രയിലൂടെ ലക്ഷ്യമിടുന്നത്. കേരളത്തില്‍ യാത്രയിലൂടെ ലഭിച്ച ആദരവ് ജീവിത കാലം മുഴുവന്‍ ഓര്‍മിക്കുമെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

അതേസമയം, രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കൊല്ലം ജില്ലയില്‍ പര്യടനം ആരംഭിച്ചു. ജില്ലാ അതിര്‍ത്തിയായ പാരിപ്പള്ളി മുക്കടയില്‍ കെ.പി.സി.സി, ഡി.സി.സി ഭാരഹികള്‍ ചേര്‍ന്നാണ് ജാഥയെ സ്വീകരിച്ചത്. കൊടിക്കുന്നില്‍ സുരേഷ്, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, എന്‍.കെ. പ്രേമചന്ദ്രന്‍, കെ. മുരളീധരന്‍ എന്നിവര്‍ കൊല്ലത്ത് നിന്ന് പദയാത്രയെ അനുഗമിച്ചു.

Content Highlight: Rahul Gandhi Praises Kerala People during Bharat Jodo Yatra

We use cookies to give you the best possible experience. Learn more