ന്യൂദല്‍ഹി: ജാതി സെന്‍സസ് എന്തുകൊണ്ട് വേണമെന്നതിനെക്കുറിച്ച് സംസാരിക്കവെ വാര്‍ത്താസമ്മേളനത്തിനെത്തിയ മാധ്യമപ്രവര്‍ത്തകരിലേക്ക് ചൂണ്ടി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ദല്‍ഹിയിലെ എ.ഐ.സി.സി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തവരില്‍ എത്ര ദളിതുകളുണ്ടെന്നും ഒ.ബി.സിക്കാര്‍ എത്രയുണ്ടെന്നുമായിരുന്നു രാഹുലിന്റെ ചോദ്യം.
ഈ മുറിയില്‍ എത്ര ദളിതരുണ്ടെന്ന ചോദ്യത്തിന് ആരുമില്ലെന്നായിരുന്നു സദസില്‍ നിന്നുള്ള മറുപടി. അടുത്തതായി, ഒ.ബി.സിക്കാര്‍ എത്രയുണ്ടെന്ന ചോദ്യത്തിന് ക്യാമറപേഴ്‌സണ്‍ കൈപൊക്കിയപ്പോള്‍, നിങ്ങളല്ല, ജേര്‍ണലിസ്റ്റുകളായി എത്ര പേരുണ്ടെന്ന് രാഹുല്‍ മറിപടി നല്‍കി. അതുകൊണ്ടാണ് ജാതി സെന്‍സസ് വേണമെന്ന് പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ജാതി സെന്‍സസ് നടത്താനുള്ള നടപടികളില്‍ തീരുമാനമായെന്ന് രാഹുല്‍ ഗാന്ധി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി(സി.ഡബ്ല്യൂ.സി) യോഗത്തില്‍ നാല് മണിക്കൂര്‍ ജാതി സെന്‍സസിനെ കുറിച്ച് ചര്‍ച്ച ചെയ്തതായും രാഹുല്‍ വാര്‍ത്താ സമ്മേളനത്തില്‍ കൂട്ടിച്ചേര്‍ത്തു.
‘സി.ഡബ്ല്യൂ.സി കൂട്ടായി ഒരു ചരിത്ര തീരുമാനമെടുത്തു. ഹിമാചല്‍പ്രദേശ്, രാജസ്ഥാന്‍, കര്‍ണാടക, ഛത്തീസ്ഗഢ് എന്നിവിടങ്ങളില്‍ ജാതി സെന്‍സസ് നടത്താന്‍ നമ്മുടെ മുഖ്യമന്ത്രിമാര്‍ക്ക് നിര്‍ദേശം നല്‍കി,’ രാഹുല്‍ ഗാന്ധി പറഞ്ഞു.
ജാതി സെന്‍സസ് ഇന്ത്യക്ക് പുതിയ ഒരു വികസന മാതൃക ഒരുക്കും. രാജ്യത്തെ പാവപെട്ട ജനങ്ങളുടെ വിമോചനത്തിനായുള്ള പുരോഗമനപരമായ തീരുമാനമാനമാണിതെന്നും, ജാതിയുടെയോ മതത്തിന്റെയോ പരിഗണനകള്‍ ഇല്ലാതെ തന്നെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ജനങ്ങളെ മുന്നോട്ട് കൊണ്ടുവരാന്‍ ഇതിലൂടെ സാധിക്കുമെന്ന് രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
Content Highlight: Rahul Gandhi pointed at the journalists who had come to the press conference, While talking about the need for caste census