| Monday, 30th May 2022, 7:24 pm

'അച്ഛേ ദിന്‍ സുഹൃത്തുക്കള്‍ക്ക് മാത്രം'; മോദിയുടെ എട്ട് വര്‍ഷ ഭരണത്തിന്റെ ''റിപ്പോര്‍ട്ട് കാര്‍ഡ്' പങ്കുവെച്ച് രാഹുല്‍ ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മോദി ഭരണം എട്ട് വര്‍ഷക്കാലം പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ മോദി സര്‍ക്കാരിന്റെ ‘റിപ്പോര്‍ട്ട് കാര്‍ഡ്’ പുറത്തിറക്കി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ബി.ജെ.പി ഭരണത്തിന്റെ എട്ട് ‘സവിഷേശത’കളെ അക്കിമിട്ടാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. ഫേസ്ബുക്കില്‍ കുറിച്ച കുറിപ്പിലാണ് രാഹുല്‍ ഇക്കാര്യം വ്യക്തമാക്കുന്നത്.

നല്ല ദിവസങ്ങള്‍ സുഹൃത്തുക്കള്‍ക്ക് മാത്രം, കൊവിഡ് മൂലം 40 ലക്ഷം പേര്‍ മരണപ്പെട്ടു, രാജ്യത്ത് വര്‍ഗീയത പാരമ്യത്തിലെത്തി, കാര്‍ഷിക നിയമം എന്ന കരിനിയമത്തിന്റെ പേരില്‍ 700 കര്‍ഷകര്‍ക്ക് ജീവന്‍ നഷ്ടമായി, 45 വര്‍ഷത്തിനിടെയിലെ ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്ക്, അരുണാചല്‍ പ്രദേശില്‍ ചൈനയുടെ കടന്നുകയറ്റം, രാജ്യത്തെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ആര്‍.എസ്.എസ്‌കാരുടെ കടന്നുകയറ്റം, ഇന്ധനത്തിനും ദൈനംദിന വസ്തുക്കള്‍ക്കുമുണ്ടായ വന്‍ വിലക്കയറ്റം തുടങ്ങി എട്ട് കാരണങ്ങളാണ് രാഹുല്‍ തന്റെ കുറിപ്പില്‍ പരാമര്‍ശിച്ചത്.

നേരത്തെ മോദി സര്‍ക്കാരിന്റെ എട്ട് തോല്‍വികള്‍ എണ്ണിപ്പറഞ്ഞ് എന്‍.സി.പി നേതാവ് മഹേഷ് തപ്‌സെ രംഗത്തെത്തിയിരുന്നു.

വര്‍ധിച്ചുവരുന്ന പണപ്പെരുപ്പം, ഉയര്‍ന്ന തൊഴിലില്ലായ്മ, ദേശീയ സുരക്ഷ സംരക്ഷിക്കുന്നതിലെ പരാജയം, വിദ്വേഷ രാഷ്ട്രീയം, രൂപയുടെ മൂല്യത്തിലുണ്ടായതകര്‍ച്ച, സാമ്പത്തിക തകര്‍ച്ച, സാമൂഹിക ഘടനയുടെ തകര്‍ച്ച, ജനാധിപത്യത്തെ അടിച്ചമര്‍ത്തല്‍ തുടങ്ങിയ എട്ട് കാര്യങ്ങള്‍ നിരത്തിയായിരുന്നു തപ്‌സെയുടെ പരാമര്‍ശം.

ഈ എട്ട് വര്‍ഷത്തെ മോദിയുടെ ദുര്‍ഭരണത്തില്‍ രാജ്യത്തിന് ഒരുപാട് കാര്യങ്ങള്‍ നഷ്ടമായെന്നും ആര്‍.എസ്.എസ് ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ വേണ്ടി സര്‍ക്കാര്‍ രാജ്യത്തിന്റെ സാമുദായിക സൗഹൃദം തകര്‍ത്തുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു.

Content Highlight: Rahul Gandhi point outs the eight problems during Modi reign

We use cookies to give you the best possible experience. Learn more