|

അരീക്കോട് ബാഡ്മിന്റന്‍ കളിച്ച് രാഹുല്‍ ഗാന്ധി; പഞ്ചാബിലും ഗോവയിലും കോണ്‍ഗ്രസിന് നാളെ നിര്‍ണായകം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിന്റെ തലേദിവസം കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ചെലവഴിച്ചത് കേരളത്തില്‍. തന്റെ ലോകസഭാ മണ്ഡലമായ വയനാട്ടിലെ വിവിധ പ്രാദേശിക പരിപാടികളില്‍ അദ്ദേഹം പങ്കെടുത്തു.

അരീക്കോട് സുല്ലമുസ്സലാം ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജിലെ ഇന്‍ഡോര്‍ സ്റ്റേഡിയം ഉദ്ഘാടനം ചെയ്തതിന് ശേഷം രാഹുല്‍ ഗാന്ധി ബാഡ്മിന്റന്‍ കളിക്കുന്നതിന്റെ വീഡിയോ മുന്‍ മന്ത്രിയും വണ്ടൂര്‍ എം.എല്‍.എയുമായ എ.പി. അനില്‍കുമാര്‍ ഫേസ്ബുക്കിലൂടെ പങ്കുവെച്ചു.

കല്‍പ്പറ്റ എം.എല്‍.എ ടി. സിദ്ദീഖിന്റെ എം.എല്‍.എ ഓഫീസും രാഹുല്‍ ഗാന്ധി ഇന്ന് ഉദ്ഘാടനം ചെയ്തു. ഇതിന്റെ ചിത്രങ്ങളും ടി. സിദ്ദീഖ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചിട്ടുണ്ട്.

അതേസമയം, നാളെ തെരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ കൂറുമാറ്റം ഭയന്ന് ഗോവയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ റിസോര്‍ട്ടിലേക്ക് മാറ്റിയിരിക്കുകയാണ്.

ഇവര്‍ക്ക് വേണ്ട സുരക്ഷ ഒരുക്കുന്നതിന് കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാവ് ഡി.കെ. ശിവകുമാറിനെ പാര്‍ട്ടി ചുമതലപ്പെടുത്തിയിട്ടുണ്ട്. ശിവകുമാര്‍ ഇന്ന് പനാജിയില്‍ എത്തിയിട്ടുണ്ട്.

കോണ്‍ഗ്രസും ബി.ജെ.പിയും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു ഗോവയില്‍ നടന്നത്. എന്നാല്‍ ഇരു പാര്‍ട്ടികള്‍ക്കും മുന്‍തൂക്കം നല്‍കുന്ന രീതിയിലാണ് തെരഞ്ഞെടുപ്പിന് ശേഷം പുറത്തുവന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ നല്‍കുന്ന സൂചന. ഇതോടെയാണ് കോണ്‍ഗ്രസ് പാളയത്തില്‍ ആശങ്ക ഉടലെടുത്തത്.

രാവിലെ എട്ട് മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും. കനത്ത പോരാട്ടം നടന്ന ഉത്തര്‍പ്രദേശ്, ഗോവ, പഞ്ചാബ് സംസ്ഥാനങ്ങളുടെ ജനവിധി തന്നെയാണ് ഇക്കുറി രാജ്യം ഉറ്റുനോക്കുന്നത്. പഞ്ചാബിലും കോണ്‍ഗ്രസിന് നിര്‍ണായകമാണ്.


Content Highlight: Rahul Gandhi playing badminton in Areekode