| Sunday, 6th February 2022, 8:12 pm

രാജ്യം അപകടത്തിലാണ്, പക്ഷെ രാജാവ് അത് സമ്മതിക്കില്ല | പാര്‍ലമെന്റില്‍ രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗത്തിന്റെ പൂര്‍ണ്ണരൂപം മലയാളത്തില്‍

ഡോ. വിനു ജെ. ജോര്‍ജ്ജ്

പ്രസംഗത്തിനിടെ രാഹുല്‍ ഗാന്ധി

ബഹുമാന്യനായ പ്രസിഡന്റിന്റെ അഭിസംബോധനയ്ക്ക് മറുപടി പറയുന്നതിനായി എന്നെ ക്ഷണിച്ചതിന് സ്പീക്കറിന് നന്ദി.

പ്രസിഡന്റിന്റെ അഭിസംബോധന ഒരു രാജ്യം എന്ന നിലയില്‍ നാം ഇപ്പോള്‍ എവിടെ എത്തി നില്‍ക്കുന്നു, നാം നേരിടുന്ന വെല്ലുവിളികള്‍ എന്തൊക്കെയാണ്, മുന്നോട്ട് നാം എങ്ങനെയാണ് പോകേണ്ടത് എന്നീ വിഷയങ്ങളില്‍ അധിഷ്ഠിതമായ ഒരു പ്രസംഗം ആയിരിക്കും എന്നായിരുന്നു ഞാന്‍ കരുതിയത്. നിര്‍ഭാഗ്യവശാല്‍ ആ പ്രസംഗത്തില്‍ ഇവയൊന്നും സൂചിപ്പിക്കാതെ ഈ സര്‍ക്കാര്‍ ചെയ്തു എന്ന് അവകാശപ്പെടുന്ന കുറെ കാര്യങ്ങളുടെ പട്ടിക അവതരിപ്പിക്കുക മാത്രമായിരുന്നു അദ്ദേഹം ചെയ്തത്.

രാജ്യം നേരിടുന്ന ആഴത്തിലുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് പകരം കുറെ ഉദ്യോഗസ്ഥര്‍ പേപ്പറില്‍ തയ്യാറാക്കിയ വിഷയങ്ങള്‍ ആയിരുന്നു അതിന്റെ ഉള്ളടക്കം. അദ്ദേഹം സൂചിപ്പിക്കുവാന്‍ വിട്ടുപോയ, പറയാതിരുന്ന, ഈ രാജ്യത്തെ മനുഷ്യരില്‍ നിന്നും ഒളിപ്പിച്ചുവെച്ച വളരെ പ്രധാനപ്പെട്ട ചില വിഷയങ്ങള്‍ ഇവിടെ ചര്‍ച്ച ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

ഇവിടെ പ്രധാനമായും മൂന്നു കാര്യങ്ങള്‍ അദ്ദേഹം സംസാരിച്ചില്ല എന്ന് ഞാന്‍ മനസിലാക്കുന്നു. ഒന്നാമതും ഏറ്റവും പ്രധാനപ്പെട്ടതുമായ വിഷയമായി കാണേണ്ടത് ഇവിടെ രണ്ടു രാജ്യങ്ങള്‍ നിര്‍മിക്കപ്പെടുകയാണ് എന്ന വസ്തുതയാണ്.

വലിയ തോതില്‍ പണവും അധികാരവും സ്വാധീനശക്തിയും ഉള്ളവരും തൊഴിലും തൊഴിലവസരങ്ങളും ആവശ്യമില്ലാത്തവരുമായ ഒരു വിഭാഗത്തിന്റെ ഒരു രാജ്യവും അതല്ലാത്ത സാധാരണ മനുഷ്യരുടെ ഒരു രാജ്യവും. പാവങ്ങളുടെ രാജ്യത്തില്‍ അതിജീവനം ഇപ്പോഴും വലിയ വെല്ലുവിളികള്‍ നിറഞ്ഞതാണ്. ഈ രണ്ടു വിഭാഗങ്ങളുടെയും രാജ്യങ്ങള്‍ തമ്മിലുള്ള അന്തരമാകട്ടെ ദിനംപ്രതി വളരുകയാണ്.

പാവങ്ങളുടെ ആ രാജ്യത്ത് തൊഴില്‍രഹിതരായ യുവാക്കളാണ് അധികവും. സംസ്ഥാനം ഏതുമാകട്ടെ തൊഴില്‍രഹിതരുടെ എണ്ണം ദിനംപ്രതി ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. നിര്‍ഭാഗ്യവശാല്‍ രാഷ്ട്രപതിയുടെ പ്രസംഗത്തില്‍ ഈ ദുരവസ്ഥയെ ദൂരീകരിക്കുന്നതിനുള്ള യാതൊരു സൂചനകളും നാം കേട്ടില്ല. ബീഹാറില്‍ എന്താണ് സംഭവിച്ചത് എന്ന് നിങ്ങള്‍ ചര്‍ച്ച ചെയ്തില്ല.

കണക്കുകള്‍ പ്രകാരം 2021ല്‍ മാത്രം മൂന്നു കോടിയില്‍ അധികം യുവാക്കളാണ് ഈ രാജ്യത്ത് തൊഴില്‍രഹിതരായത്. കഴിഞ്ഞ അന്‍പത് വര്‍ഷത്തെ കണക്ക് പരിശോധിച്ചാല്‍ ഏറ്റവും മോശമായ തൊഴിലില്ലായ്മയിലൂടെയാണ് ഭാരതം ഇപ്പോള്‍ കടന്നു പോകുന്നത്. സര്‍ക്കാര്‍ മുന്നോട്ടു വെക്കുന്ന മെയ്ഡ് ഇന്‍ ഇന്ത്യ ആകട്ടെ സ്റ്റാര്‍ട്ട് അപ്പ് പദ്ധതികള്‍ ആകട്ടെ ഒന്നും തന്നെ ഇവിടുത്തെ തൊഴിലില്ലായ്മയെ ദൂരീകരിക്കുന്നില്ല.

സത്യത്തില്‍ നിലവിലുള്ള ജോലികള്‍ കൂടെ ഇല്ലാതാകുക മാത്രമാണ് നിലവില്‍ സംഭവിച്ചിരിക്കുന്നത്. ഇത് സര്‍ക്കാരിന് അറിവില്ലാത്ത കാര്യമല്ല. ഈ ദുരവസ്ഥ അറിയുന്നത് കൊണ്ടുതന്നെയാണ് സര്‍ക്കാര്‍ ആ വിഷയത്തില്‍ യാതൊരു അഭിപ്രായവും ഇതുവരെ പറയാതിരിക്കുന്നത്.

ചെറുകിട വ്യവസായങ്ങള്‍, അസംഘടിത മേഖല തുടങ്ങിയ ഇടങ്ങളില്‍ ഒന്നും തൊഴിലവസരങ്ങള്‍ നിര്‍മിക്കപ്പെടുന്നില്ല. ഈ സാധാരണക്കാര്‍ക്ക് ലഭിക്കേണ്ട പണം ആണ് രാജ്യത്തെ വന്‍കിട മുതലാളിമാര്‍ക്ക് വേണ്ടി വക മാറ്റപ്പെടുന്നത്. കഴിഞ്ഞ ഏഴു വര്‍ഷത്തിനിടെ അസംഘടിത തൊഴില്‍ മേഖലയുടെ മേലും ചെറുകിട വ്യവസായങ്ങളുടെ മേലും ഒന്നിന് പിന്നാലെ ഒന്നായി ആക്രമണങ്ങള്‍ നടത്തുകയല്ലേ സര്‍ക്കാര്‍ ചെയ്തത്. നോട്ട് നിരോധനവും വികലമായ ജി.എസ്.ടി. നിയമങ്ങളും കാരണം തകര്‍ന്നു പോയ ഈ മേഖലയ്ക്ക് കൊറോണയുടെ കാലത്ത് പ്രതീക്ഷിച്ചിരുന്ന ഒരു പിന്തുണയും സര്‍ക്കാര്‍ നല്‍കിയില്ല.

ഇരുപത്തിയേഴു കോടി ജനങ്ങളെ യു.പി.എ. സര്‍ക്കാര്‍ ദാരിദ്ര്യത്തില്‍ നിന്നും കരകയറ്റിയപ്പോള്‍ പിന്നീട് വന്ന ബി.ജെ.പി. സര്‍ക്കാര്‍ ഇരുപത്തി മൂന്നു കോടി ജനങ്ങളെ വീണ്ടും ദാരിദ്ര്യത്തിലേക്ക് തിരികെ തള്ളിയിടുകയാണ് ചെയ്തത്. സംഘടിത മേഖലയില്‍ കുത്തകകള്‍ക്ക് മാത്രമായി അധികാരങ്ങള്‍ നല്‍കി. ഒരേ ഒരു വ്യക്തിക്കാണ് ഭാരതത്തിലെ എല്ലാ തുറമുഖങ്ങളുടെയും വിമാനത്താവളങ്ങളുടെയും അധികാരം നിങ്ങള്‍ നല്‍കിയത്.

വൈദ്യുതി വിതരണം, ഖനനം, ഹരിത ഊര്‍ജ്ജം തുടങ്ങി രാജ്യത്ത് ഏതൊക്കെ വ്യവസായ മേഖലകള്‍ ഉണ്ടോ അവിടെ എല്ലാം അദാനിയെ നമുക്ക് കാണുവാന്‍ സാധിക്കും. മറ്റൊരു വശത്ത് പെട്രോകെമിക്കല്‍, ടെലികോം, ഇ കോമേഴ്‌സ്, റീടെയ്ല്‍ വ്യാപാരം എന്നീ മേഖലകളില്‍ എല്ലാം അംബാനിയാണ് ഉള്ളത്. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ മുഴുവനായി ഇങ്ങനെ സര്‍ക്കാരിന്റെ ചില വേണ്ടപ്പെട്ടവരുടെ കൈകളിലേക്ക് എത്തുകയാണ്.

മുകേഷ് അംബാനിയും ഗൗതം അദാനിയും

രാജ്യത്തെ ചെറുകിട വ്യവസായ മേഖലയെയും അസംഘടിത മേഖലയെയും അപ്പാടെ നിങ്ങള്‍ നാശോന്മുഖമാക്കുകയാണ് ചെയ്തത്. അവര്‍ക്ക് സഹായങ്ങള്‍ എത്തിക്കുവാന്‍ സര്‍ക്കാര്‍ ഒരിക്കലും തുനിഞ്ഞില്ല. ഒരുപക്ഷെ ആ സഹായങ്ങള്‍ ലഭിച്ചിരുന്നു എങ്കില്‍ നമ്മുടെ ഉത്പാദന മേഖല ഇത്ര വലിയ പ്രതിസന്ധി നേരിടുകയില്ലായിരുന്നു. നിങ്ങള്‍ നാള്‍തോറും പ്രഘോഷിക്കുന്ന മെയ്ഡ് ഇന്‍ ഇന്ത്യയ്ക്ക് പിന്നില്‍ ഉണ്ടാകേണ്ടത് ഈ അസംഘടിത മേഖലയും ചെറുകിട വ്യവസായികളും ആയിരുന്നു. അവരെ ഇല്ലാതാക്കുക വഴി നിങ്ങള്‍ മെയ്ഡ് ഇന്‍ ഇന്ത്യ എന്ന മുദ്രാവാക്യത്തെ അര്‍ത്ഥശൂന്യമാക്കുകയാണ് ചെയ്തിരിക്കുന്നത്.

കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ 46 ശതമാനം ജോലികളുടെ നഷ്ടമാണ് ഉത്പാദന മേഖലയില്‍ സംഭവിച്ചത്. നിങ്ങളുടെ ശ്രദ്ധ മുഴുവന്‍ നിങ്ങളുടെ പ്രിയപ്പെട്ടവരായ ചുരുക്കം ചില മുതലാളിമാരുടെ താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതിലാണ്.

വലിയ വ്യവസായങ്ങള്‍ വേണ്ടാ എന്നല്ല ഞാന്‍ ഈ പറയുന്നതിനര്‍ത്ഥം. അവര്‍ക്ക് ഇത്രമാത്രം തൊഴിലവസരങ്ങള്‍ ഉണ്ടാക്കുവാന്‍ സാധിക്കില്ല എന്നതാണ് അതിലെ പ്രശ്നം. ചെറുകിട വ്യവസായങ്ങള്‍ക്ക് മാത്രമേ നമ്മുടെ രാജ്യത്തെ ലക്ഷോപലക്ഷം വരുന്ന തൊഴില്‍രഹിതരായ യുവാക്കള്‍ക്ക് തൊഴില്‍ ഉറപ്പു നല്‍കുവാന്‍ സാധിക്കൂ. പുതിയ ഭാരതം എന്നത് നിര്‍ഭാഗ്യവശാല്‍ ചില മുതലാളിമാരുടെ മാത്രം താല്പര്യങ്ങള്‍ സംരക്ഷിക്കപ്പെടുന്ന ഭാരതം ആയിരിക്കുകയാണ്. രാജ്യം എക്കാലവും ഇതിനൊക്കെ നിശബ്ദമായി സാക്ഷ്യം വഹിക്കും എന്ന് നിങ്ങള്‍ കരുതേണ്ട.

ഭാരതത്തിന്റെ 40 ശതമാനം ധനവും സര്‍ക്കാരിന് പ്രിയപ്പെട്ട പത്തോളം വരുന്ന മുതലാളിമാരുടെ കൈകളിലാണ് എന്ന് മനസിലാക്കുക. ഇതാണ് നരേന്ദ്ര മോദിയുടെ രാജ്യത്തിനായുള്ള സംഭാവന. ഇനിയെങ്കിലും നിങ്ങള്‍ അസംഘടിത മേഖലയെ കൂടി ഒപ്പം നിര്‍ത്തുവാനുള്ള നടപടികള്‍ സ്വീകരിക്കൂ. ലക്ഷക്കണക്കിന് വരുന്ന തൊഴില്‍ അന്വേഷകര്‍ക്ക് ആശ്വാസം നല്‍കുവാന്‍ അങ്ങനെയേ സാധിക്കൂ.

നിങ്ങള്‍ നിര്‍ബന്ധമായും ഭാരതത്തിന്റെ ഭരണഘടന വായിക്കേണ്ടതുണ്ട്. അതില്‍ സുവ്യക്തമായി പറഞ്ഞിട്ടുണ്ട് ഭാരതം സംസ്ഥാനങ്ങളുടെ ഒരു യൂണിയനാണെന്ന്. ഭാരതത്തിലെ ഓരോ സംസ്ഥാനങ്ങളില്‍ നിന്നും വരുന്ന ഓരോ വ്യക്തിക്കും ഒരേ അവകാശങ്ങളും അധികാരങ്ങളുമാണ് ഭരണഘടയില്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്. അത് കൊണ്ട് തന്നെ തമിഴ്നാട്ടില്‍നിന്നും ഉത്തര്‍പ്രദേശില്‍ നിന്നും ജമ്മുകാശ്മിരില്‍ നിന്നും നാഗാലാന്‍ഡില്‍ നിന്നും മണിപ്പൂരില്‍ നിന്നുമുള്ള ഓരോ വ്യക്തിയും ഈ രാജ്യത്ത് തുല്യ അവകാശങ്ങള്‍ ഉള്ളവരാണ്.

ഭരണഘടനയില്‍ രണ്ടു പ്രധാന ദര്‍ശനങ്ങളാണുള്ളത്. അതില്‍ ഒന്നാമത്തേത് നാം സംസ്ഥാനങ്ങളാല്‍ നിര്‍മിതമായ ഒരു യൂണിയനാണ് എന്നതാണ്. യഥാര്‍ത്ഥത്തില്‍ അതുവഴി മനുഷ്യരുടെ സാധാരണ സംഭാഷണം പോലെ ലളിതമായ ബന്ധമാണ് വ്യക്തമാക്കപ്പെടുന്നത്. ഇതൊരു രാജാധികാര പ്രയോഗമാകാന്‍ പാടില്ല. നിങ്ങള്‍ ഏത് ഭാവനാലോകത്ത് നിന്നാലും ശരി നിങ്ങള്‍ക്ക് ഒരിക്കലും ഭാരതത്തിലെ സംസ്ഥാനങ്ങളുടെ അധികാരം കവര്‍ന്നുകൊണ്ട് അവരെ ഭരിക്കാന്‍ സാധിക്കുകയില്ല. ആയിരക്കണക്കിന് വര്‍ഷങ്ങളായി ആരും ചെയ്യാത്തതും ആര്‍ക്കും സാധിക്കാത്തതുമായ കാര്യമാണത്. ഭാരതത്തിലെ മഹാന്‍മാരായ എല്ലാ ചക്രവര്‍ത്തിമാരും സമവായത്തിലൂടെയും ചര്‍ച്ചകളിലൂടെയുമായിരുന്നു ഭരണനിര്‍വഹണം നടത്തിയിരുന്നത് എന്നത് ചരിത്രം പരിശോധിച്ചാല്‍ നിങ്ങള്‍ക്ക് മനസ്സിലാക്കാവുന്നതേയൊള്ളു.

ഇപ്പോഴുള്ള പ്രശ്നം നിങ്ങള്‍ വലിയ ആശയക്കുഴപ്പത്തില്‍ ആയിരിക്കുകയാണ് എന്നതാണ്. ഭാരതത്തിലെ ബഹുസ്വരതയുടെ ശബ്ദങ്ങളെ അധികാരം കൊണ്ട് നിങ്ങള്‍ക്ക് അടിച്ചമര്‍ത്താന്‍ സാധിക്കുമെന്നാണ് നിങ്ങള്‍ കരുതുന്നത്. ചരിത്രബോധം നിങ്ങള്‍ക്കില്ല എന്നത് തന്നെയാണ് അതിന് കാരണം.

ഉദാഹരണത്തിന് തമിഴ് മക്കളുടെ ഹൃദയത്തില്‍ തമിഴ് സംസ്‌കാരത്തിന്റെയും ഭാഷയുടെയും സ്വത്വത്തിന്റെയും ആശയം നിശ്ചയമായും ഉണ്ടാകും. ആ ആശയത്തില്‍ ഭാരതത്തിന്റെ ആശയവും ഉള്‍ക്കൊള്ളുന്നുവെന്ന് നിങ്ങള്‍ മനസ്സിലാക്കുന്നില്ല. ഭാരതത്തിന്റെ ഓരോ സംസ്ഥാനങ്ങള്‍ക്കും ഈ ആശയങ്ങളാല്‍ നിര്‍മിതമായ സ്വത്വം ഉണ്ട്. ഇതാണ് നമ്മുടെ ശക്തി.

കേന്ദ്രീകൃത ഭരണം എന്ന വടിയുമായി രാജ്യം മുഴുവന്‍ ഭരിക്കുവാന്‍ സാധിക്കും എന്നാണ് നിങ്ങളുടെ ധാരണ. വികലമായ ചരിത്രബോധവും രാജ്യത്തെക്കുറിച്ചുള്ള അബദ്ധധാരണയുമാണ് നിങ്ങള്‍ക്ക് അങ്ങനെ ചിന്തിക്കുവാന്‍ പ്രേരണയാകുന്നത്. എന്നൊക്കെ ആ ശ്രമങ്ങള്‍ നടന്നിട്ടുണ്ടോ അന്നെല്ലാം രാജ്യം അതിനെ എതിര്‍ത്തു തോല്‍പ്പിച്ചിട്ടുണ്ട് എന്ന് കൂടി നിങ്ങള്‍ മനസ്സിലാക്കണം.

കോണ്‍ഗ്രസ് പാര്‍ട്ടി 1947ല്‍ ഇല്ലാതാക്കിയ രാജഭരണമാണ് നിങ്ങള്‍ ഇപ്പോള്‍ തിരികെ കൊണ്ടുവരാന്‍ ശ്രമിക്കുന്നത്. ഒരു ഏകാധിപതിയായ രാജാവിനെ പോലെ നിങ്ങള്‍ രാജ്യത്തെ ബഹുസ്വരതയെ ആക്രമിക്കുകയാണ്.

നീണ്ട ഒരു വര്‍ഷമാണ് നമ്മുടെ കര്‍ഷകസുഹൃത്തുക്കള്‍ ഈ കൊറോണ കാലത്തു തെരുവുകളില്‍ സമരം നടത്തിയത്. അവരില്‍ എത്രയോ പേര്‍ മരണപ്പെട്ടു. ഇതൊന്നും നിങ്ങള്‍ക്ക് പ്രശ്നമല്ല എന്ന മട്ടിലാണ് ഭരണം. രാജാവ് അത് അംഗീകരിക്കില്ല എന്നതായിരുന്നു അവരെ നിരാകരിക്കുവാന്‍ നിങ്ങള്‍ക്ക് മുന്നിലുണ്ടായിരുന്ന കാരണം.

നിങ്ങള്‍ ആരെയും കേള്‍ക്കുവാന്‍ മനസ്സ് കാട്ടുന്നില്ല. ദളിത് വിഷയങ്ങളിലെ കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് എത്രയോ പ്രതിലോമകരമാണ്. അത് നന്നായി അറിയുന്ന ആളാണല്ലോ എന്റെ സുഹൃത്തായ ശ്രീ. കമലേഷ് പാസ്വാന്‍. അദ്ദേഹത്തിനറിവുള്ളതല്ലേ വര്‍ഷങ്ങളായി ദളിതരെ അടിച്ചമര്‍ത്തുന്നത് ഏതു ശക്തികളായിരുന്നു എന്ന്. അദ്ദേഹത്തിന് പ്രതികരിക്കുവാനാകുന്നില്ല, കാരണം അദ്ദേഹം തെറ്റായ ഒരു പാര്‍ട്ടിയിലാണ് ഇപ്പോള്‍ ഉള്ളത്.

ഭാരതത്തെക്കുറിച്ചുള്ള നിങ്ങളുടെ തികച്ചും തെറ്റായ ധാരണകള്‍ ഗുരുതരമായ പ്രശ്നങ്ങളാണ് ഈ രാജ്യത്ത് നിലവില്‍ സൃഷ്ടിക്കുന്നത്. ഉദാഹരണത്തിന് നമ്മുടെ ജുഡീഷ്യല്‍ സ്ഥാപനങ്ങള്‍, തെരഞ്ഞെടുപ്പ് കമ്മിഷന്‍, പെഗാസസ് എന്നിവയെല്ലാം ബഹുജന ശബ്ദങ്ങളെയും വിമര്‍ശനങ്ങളെയും നശിപ്പിക്കുവാന്‍ നിങ്ങള്‍ ഉപയോഗിക്കുന്ന ഉപാധികള്‍ ആണ്.

നിങ്ങള്‍ പെഗാസസ് ഉപയോഗിച്ച് ഇന്ത്യയിലെ ഒരു പൊതുപ്രവര്‍ത്തകനെ നിരീക്ഷിക്കുവാന്‍ തീരുമാനിക്കുമ്പോള്‍, പ്രധാനമന്ത്രി നേരിട്ട് ഇസ്രാഈലില്‍ പോയി പെഗസാസിന്റെ ഉപയോഗത്തിന് അംഗീകാരം കൊടുക്കുമ്പോള്‍ നിങ്ങള്‍ ആക്രമിക്കുന്നത് ഭാരതത്തിലെ വിവിധങ്ങളായ ശബ്ദങ്ങളെ ആണ്, വിവിധങ്ങളായ സംസ്ഥാനങ്ങളുടെ വികാരഭേദങ്ങളെയാണ്. നിങ്ങള്‍ക്ക് ഇതിനെല്ലാം പ്രതികരണം ലഭിക്കുക തന്നെ ചെയ്യും. ഈ രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തില്‍ നടത്തുന്ന കടന്നുകയറ്റത്തിനെല്ലാം നിങ്ങള്‍ക്ക് ഇന്ത്യന്‍ യൂണിയനിലെ സംസ്ഥാനങ്ങളില്‍ നിന്ന് തന്നെ മറുപടി ലഭിക്കുമെന്നുറപ്പാണ്.

നിങ്ങള്‍ക്കെല്ലാം നിസാരമായ വിഷയങ്ങളായിരിക്കാം. നിങ്ങള്‍ക്കറിവുള്ളതാണല്ലോ എന്റെ മുതുമുത്തശ്ശന്‍ ഈ രാഷ്ട്ര നിര്‍മാണവേളയില്‍ പതിനഞ്ച് വര്‍ഷം ജയില്‍വാസം അനുഭവിച്ച ഒരു വ്യക്തിയാണ്. എന്റെ മുത്തശ്ശി 32 വെടിയുണ്ടകള്‍ ഏറ്റുവാങ്ങിയാണ് കൊല്ലപ്പെട്ടത്. എന്റെ പിതാവ് ബോംബ് സ്‌ഫോടനത്തില്‍ ചിതറിത്തെറിക്കുകയായിരുന്നു.

അതുകൊണ്ട് തന്നെ ഞാന്‍ പറയുന്നു എനിക്ക് അല്‍പം കൂടി അധികം മനസ്സിലാകും ഈ രാഷ്ട്രം എന്താണ് എന്ന്. എന്റെ മുതുമുത്തശ്ശന്റെയും മുത്തശ്ശിയുടെയും പിതാവിന്റെയും ത്യാഗത്തില്‍ എന്റെ രക്തവുമുണ്ടായിരുന്നു എന്നുതന്നെ പറയാം.

നിങ്ങള്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുകയാണ്. നാഗാലാന്റിലും തമിഴ്നാട്ടിലും ജമ്മു കശ്മീരിലും നിങ്ങള്‍ തുടങ്ങി കഴിഞ്ഞു. ഞാന്‍ വീണ്ടും പറയുന്നു നിങ്ങള്‍ ലഘുവായി കാണുന്നത് യഥാര്‍ത്ഥത്തില്‍ അതീവ ഗുരുതരമായ വിഷയങ്ങളെ ആണ്. നിങ്ങള്‍ ഇതൊക്കെ നിര്‍ത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഭാരതത്തിന്റെ ചരിത്രത്തെക്കുറിച്ച് യാതൊരു ധാരണയും ഇല്ലാത്തതുകൊണ്ടാണ് നിങ്ങള്‍ ഇതെല്ലാം ചെയ്തു കൂട്ടുന്നത്.

നിങ്ങള്‍ സ്വയം പഠിക്കൂ. ഭാരതത്തിലെ എല്ലാ സാമ്ര്യാജ്യങ്ങളും കാലങ്ങള്‍ക്ക് മുന്നേ തന്നെ രാഷ്ട്രങ്ങളുടെ യൂണിയന്‍ ആയിരുന്നു. അശോക ചക്രവര്‍ത്തി തന്റെ സാമ്രാജ്യത്തിലെ വിവിധ സ്ഥലങ്ങളില്‍ സ്തൂപങ്ങള്‍ സ്ഥാപിച്ചത് ആ രാഷ്ട്രങ്ങളോടുള്ള ആദരവ് കൊണ്ടായിരുന്നു.

നിങ്ങള്‍ ഈ രാജ്യത്തെ മനുഷ്യരോട് അനാദരവ് കാട്ടുകയാണ്. ഈ സഭയ്ക്ക് മുന്നില്‍ ഞാനൊരു ഉദാഹരണം പറയാം. കഴിഞ്ഞ ദിവസം എന്നെ സന്ദര്‍ശിക്കുവാന്‍ മണിപ്പൂരില്‍ നിന്നും ചില നേതാക്കള്‍ എത്തിയിരുന്നു. മണിപ്പൂര്‍ സംസ്ഥാനത്തെ ചില പ്രശ്നങ്ങള്‍ പറയുവാന്‍ അവര്‍ അടുത്തിടെ കേന്ദ്രആഭ്യന്തര മന്ത്രി ശ്രീ. അമിത് ഷായുടെ വസതിയില്‍ പോയപ്പോള്‍ വീടിനു പുറത്തായി അവരുടെ ഷൂസ് ഊരി വെയ്ക്കുവാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ വീടിനുള്ളില്‍ ചെന്നപ്പോള്‍ ഷൂസ് ധരിച്ചിരിക്കുന്ന ആഭ്യന്തര മന്ത്രിയെയാണ് അവര്‍ കണ്ടത്. രാജ്യത്തിന്റെ ആഭ്യന്തര മന്ത്രിയുടെ വസതിയില്‍ ആ രാജ്യത്തെ ഒരു സംസ്ഥാനത്തെ പൊതുപ്രവര്‍ത്തകര്‍ക്ക് ഷൂസ് ധരിച്ചു കയറുവാന്‍ സാധിക്കില്ല!

ഇങ്ങനെയാകരുത് ഭാരതത്തിലെ മനുഷ്യരെ നിങ്ങള്‍ കാണേണ്ടത്. ഞങ്ങള്‍ നിങ്ങളേക്കാള്‍ വളരെ ഉയര്‍ന്ന നിലയിലുള്ളവരാണ് എന്ന സന്ദേശമാണ് ഇത് വഴി നിങ്ങള്‍ മറ്റുള്ളവര്‍ക്ക് നല്‍കുന്നത്. തികച്ചും തെറ്റാണത്.

ഞാന്‍ എന്റെ പ്രസംഗത്തിന്റെ അവസാന ഭാഗത്തേക്ക് വരട്ടെ. സംഘപരിവാരവും ബി.ജെ.പിയും ഈ രാഷ്ട്രത്തിന്റെ അടിസ്ഥാന ഘടനയെയാണ് അക്രമിക്കുന്നത്. ഈ രാജ്യത്തെ മനുഷ്യര്‍ തമ്മിലുള്ള ബന്ധത്തെയാണ് അവര്‍ ശിഥിലീകരിക്കുവാന്‍ ശ്രമിക്കുന്നത്. നമ്മുടെ രാജ്യത്തെ ഭാഷകള്‍ തമ്മിലുള്ള ബന്ധം വിച്ഛേദിക്കുവാന്‍ ശ്രമിക്കുകയാണവര്‍.

രാജ്യത്തെ യുവതയ്ക്ക് തൊഴിലിനുള്ള അവസരങ്ങള്‍ നിഷേധിക്കുന്നത് വഴിയും നിങ്ങള്‍ ലക്ഷ്യമാക്കുന്നത് നമ്മുടെ രാജ്യത്തിന്റെ ശക്തി ക്ഷയിപ്പിക്കുക എന്നതാണ്. കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായുള്ള അവസ്ഥ പരിശോധിച്ചാല്‍ മനസ്സിലാകും ഇപ്പോള്‍ ഒരു രാജ്യം എന്ന നിലയില്‍ നാം വലിയ പ്രതിസന്ധി നേരിട്ട് കൊണ്ടിരിക്കുന്നു എന്ന കാര്യം.

എന്തുകൊണ്ട് നിങ്ങള്‍ക്ക് റിപ്പബ്ലിക്ക് ദിനത്തില്‍ ഒരു അതിഥിയെ ലഭിച്ചില്ല എന്ന് നിങ്ങള്‍ സ്വയം ചോദിക്കൂ. ഇവിടെ എന്താണ് സംഭവിക്കുന്നത് ?

ഭാരതം പൂര്‍ണമായും ഒറ്റപ്പെട്ടിരിക്കുന്നു. നമ്മള്‍ ചുറ്റപ്പെടുകയാണ്. ശ്രീലങ്ക, നേപ്പാള്‍, ബര്‍മ, പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ചൈന എന്നീ രാജ്യങ്ങളില്‍ എല്ലാം നാം ഒറ്റപ്പെട്ടിരിക്കുകയാണ്. നമ്മള്‍ അശക്തരാക്കപ്പെട്ടിരിക്കുകയാണ്.

എന്തൊക്കെ ചെയ്യണം, എങ്ങനെ ചെയ്യണം എന്നീ കാര്യങ്ങളിലെല്ലാം ചൈനയ്ക്ക് വളരെ കൃത്യമായ കാഴ്ചപ്പാടുണ്ട്. ഇന്ത്യയുടെ വിദേശ നയത്തിന്റെ ഏറ്റവും തന്ത്രപരമായ ലക്ഷ്യങ്ങളിലൊന്ന് പാകിസ്ഥാനെയും ചൈനയെയും ഒന്നിപ്പിക്കാതെ നിര്‍ത്തുക എന്നതായിരുന്നു. നിങ്ങള്‍ എന്താണ് ചെയ്തിരിക്കുന്നത്. അവരെ നിങ്ങള്‍ ഒരുമിപ്പിച്ചിരിക്കുന്നു. നിങ്ങള്‍ക്ക് മുന്നില്‍ നില്‍ക്കുന്ന ശത്രുവിന്റെ ശക്തിയെ ഒരിക്കലും വില കുറച്ചു കാണരുത്. പാകിസ്ഥാനെയും ചൈനയെയും ഒരുമിപ്പിച്ചത് നിങ്ങള്‍ ഈ രാജ്യത്തോട് ചെയ്ത ഏറ്റവും വലിയ അപരാധം ആണ്.

യാതൊരു സംശയവുമില്ലാതെ എനിക്ക് പറയുവാന്‍ സാധിക്കും ചൈനയ്ക്ക് വളരെ കൃത്യമായ ഒരു പദ്ധതി ഉണ്ട്. ധോക്ലാമിലും ലഡാക്കിലും ആ പദ്ധതിയുടെ അടിത്തറ അവര്‍ സ്ഥാപിച്ചു കഴിഞ്ഞു. ഇത് ഭാരതത്തിന് മുന്നില്‍ നില്‍ക്കുന്ന വളരെ സങ്കീര്‍ണമായ ഒരു ഭീഷണിയാണ്.

നമ്മള്‍ അങ്ങേയറ്റം ഗുരുതരമായ തെറ്റുകള്‍ ജമ്മു കാശ്മീരില്‍ ചെയ്തു കഴിഞ്ഞു. വിദേശനയത്തില്‍ അടുത്തിടെ നമ്മള്‍ വരുത്തിയ തെറ്റുകള്‍ അടിയന്തര പ്രാധാന്യത്തോടെ തിരുത്തേണ്ടതാണ്.

പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും ചെെനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്ങും

ചൈനയും പാകിസ്ഥാനും കൃത്യമായ പദ്ധതിയുമായാണ് മുന്നോട്ടു പോകുന്നത് എന്ന് നിങ്ങള്‍ക്കെന്താണ് മനസ്സിലാകാത്തത്. അവര്‍ സ്വരുക്കൂട്ടുന്ന ആയുധങ്ങള്‍ നിങ്ങള്‍ കാണൂ, അവര്‍ തമ്മിലുള്ള ആശയവിനിമയങ്ങള്‍ നിങ്ങള്‍ ശ്രദ്ധിക്കൂ. അവര്‍ ആരോടൊക്കെ സംസാരിക്കുന്നു എന്ന് നിങ്ങള്‍ ശ്രദ്ധിക്കൂ.

ഞാന്‍ വളരെ വ്യക്തമായി ഈ സഭയില്‍ പറയുന്നു. നമ്മള്‍ അതീവ ഗുരുതരമായ അബദ്ധങ്ങള്‍ ചെയ്തു കൂട്ടിയിരിക്കുന്നു. ചൈനയുടെ നീക്കങ്ങളെ പ്രതിരോധിക്കുവാനുള്ള നടപടികള്‍ നാം നിര്‍ബന്ധമായും നടത്തണമെന്ന് ഈ അവസരത്തില്‍ ഞാന്‍ ആവശ്യപ്പെടുകയാണ്. ചൈന അടുത്ത നടപടികളുമായി മുന്നോട്ടു പോകും എന്നുറപ്പാണ്. ഓര്‍ക്കുക നിങ്ങള്‍ മാത്രമായിരിക്കും അതിനുത്തരവാദികള്‍.

ഈ ഒരു സാഹചര്യത്തില്‍ ഞാന്‍ ആവശ്യപ്പെടുന്നു ഒരു രാഷ്ട്രം എന്ന നിലയില്‍ നാം ഈ വിഷയം ചര്‍ച്ച ചെയ്യേണ്ടത് അനിവാര്യമാണ്. ഞങ്ങള്‍ പറയുന്നത് നിങ്ങള്‍ ശ്രദ്ധിക്കുക തന്നെ ചെയ്യണം. കാരണം ഞങ്ങള്‍ക്ക് അനുഭവസമ്പത്തുണ്ട്. ഈ വിഷയങ്ങളെക്കുറിച്ചെല്ലാം വ്യക്തമായ ധാരണകള്‍ ഉണ്ട്. ഈ കാര്യങ്ങളെല്ലാം മനസ്സിലാകുന്ന, അറിവുള്ള നിരവധി പേര്‍ ഞങ്ങള്‍ക്കൊപ്പം ഉണ്ട് എന്ന് നിങ്ങള്‍ മനസ്സിലാക്കുക. ഞങ്ങളെയും നിങ്ങള്‍ക്ക് ഉപയോഗിക്കാം. ഞാന്‍ പറയുന്നത് നിങ്ങളില്‍ ചിലര്‍ക്കെങ്കിലും മനസ്സിലാകുന്നുണ്ട് എന്നതില്‍ എനിക്ക് സന്തോഷമുണ്ട്.

ഈ മൂന്നു കാര്യങ്ങളാണ് എനിക്ക് ഇന്ന് ഇവിടെ പറയുവാന്‍ ഉണ്ടായിരുന്നത്. നമ്മുടെ രാജ്യം ഒരു പ്രതിസന്ധി നേരിടുകയാണ്. നമ്മുടെ രാജ്യം പുറത്തുനിന്നും അകത്തു നിന്നും ഭീഷണികള്‍ നേരിടുന്ന ഒരു സാഹചര്യമാണ് നിലവിലുള്ളത്. എന്റെ പ്രിയപ്പെട്ട രാജ്യത്തിന്റെ ഇപ്പോഴത്തെ അവസ്ഥ കണ്ടു നില്‍ക്കുവാന്‍ എനിക്കാവുന്നില്ല. ഞാന്‍ അതില്‍ വലിയ ആശങ്കാകുലനാണ്. പുറമെ നിന്നും വളരെ അധികം ഒറ്റപ്പെട്ടിരിക്കുകയാണ് നമ്മള്‍. രാജ്യത്തിനുള്ളിലും കലഹങ്ങളണ്. ഇതൊക്ക എന്നെ വല്ലാതെ പേടിപ്പെടുത്തുന്നു. അതുകൊണ്ടാണ് ഈ പ്രധാനപ്പെട്ട കാര്യങ്ങള്‍ ഇന്ന് സംസാരിക്കാം എന്ന് ഞാന്‍ കരുതിയത്.

നിങ്ങളില്‍ പലരും പതിവ് പോലെ ഈ പറഞ്ഞതിനെയൊക്കെ കളിയാക്കുമായിരിക്കും. അതുമാത്രം ചെയ്യുവാനാണല്ലോ നിങ്ങളോട് അവര്‍ പറഞ്ഞിരിക്കുന്നത്. നിങ്ങള്‍ അങ്ങനെ ചെയ്തു കൊള്ളൂ. പക്ഷെ ഓര്‍ക്കുക, നിങ്ങള്‍ ഈ മഹത്തായ രാജ്യത്തെ വലിയ അപകടത്തിലാക്കുകയാണ്.

പരിഭാഷ : ഡോ. വിനു ജെ. ജോര്‍ജ്ജ്


Content Highlight: Rahul Gandhi’s speech in Parliament|in Malayalam

ഡോ. വിനു ജെ. ജോര്‍ജ്ജ്

സംസ്ഥാന കോര്‍ഡിനേറ്റര്‍, എ.ഐ.സി.സി. റിസര്‍ച്ച് ഡിപ്പാര്‍ട്മെന്റ് പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസ്സര്‍, കെ. ഇ. കോളേജ്, മാന്നാനം

We use cookies to give you the best possible experience. Learn more