ന്യൂദല്‍ഹി: ഒടുവില്‍ കര്‍ണാടകത്തിലെ രാഷ്ട്രീയ സംഭവവികാസങ്ങളെക്കുറിച്ച് പ്രതികരിച്ച് രാഹുല്‍ ഗാന്ധി. ബി.ജെ.പി പണം വാരിയെറിഞ്ഞു സംസ്ഥാന സര്‍ക്കാരുകളെ താഴെവീഴ്ത്തുകയാണെന്നായിരുന്നു രാഹുലിന്റെ പ്രതികരണം.
മാധ്യമങ്ങളോടായിരുന്നു രാഹുല്‍ ഇക്കാര്യം പറഞ്ഞത്. നേരത്തേ വിഷയത്തില്‍ രാഹുല്‍ പ്രതികരിക്കുന്നില്ലെന്നും ഇടപെടുന്നില്ലെന്നും വ്യാപക ആരോപണം വന്നിരുന്നു.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഈ കാഴ്ച കണ്ടതാണ്. അതുതന്നെയാണ് ഇപ്പോഴും തുടരുന്നതെന്നും രാഹുല്‍ പറഞ്ഞു.
എം.എല്‍.എമാരെ മുംബൈയിലേക്കു മാറ്റിയത് ബി.ജെ.പിയാണെന്ന് ആരോപിച്ച കോണ്‍ഗ്രസ്, പാര്‍ലമെന്റിലെ ഗാന്ധി പ്രതിമയ്ക്കു മുന്നില്‍ നടത്തിയ പ്രതിഷേധത്തില്‍ രാഹുല്‍ പങ്കെടുത്തിരുന്നു. ‘സേവ് ഡെമോക്രസി’ എന്നെഴുതിയ ബോര്‍ഡുകള്‍ പിടിച്ചായിരുന്നു പ്രതിഷേധം. കൂടാതെ ബി.ജെ.പി കുതിരക്കച്ചവടം നടത്തുകയാണെന്ന് ആരോപിച്ച് ആനന്ദ് ശര്‍മയുള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ രാജ്യസഭയില്‍ ഈ വിഷയം ഉന്നയിക്കുകയും ചെയ്തിരുന്നു.
കര്‍ണാടക നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി അനുമതി തേടിയിരുന്നു. വിശ്വാസ വോട്ടെടുപ്പിന് താന്‍ തയ്യാറാണെന്നും ഭൂരിപക്ഷം തെളിയിക്കാന്‍ അവസരം നല്‍കണമെന്നും സ്പീക്കറോട് കുമാരസ്വാമി ആവശ്യപ്പെട്ടു.
ഇതിനിടെ കര്‍ണാടകയില്‍ വിമത എം.എല്‍.എമാരുടെ കാര്യത്തില്‍ ചൊവ്വാഴ്ച വരെ തല്‍സ്ഥിതി തുടരാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുണ്ട്. ചൊവ്വാഴ്ച കേസ് സുപ്രീംകോടതി വീണ്ടും പരിഗണിക്കും.
വിമത എം.എല്‍.എമാരുടെ രാജിക്കാര്യത്തിലും ഇവരെ അയോഗ്യരാക്കണമെന്ന ജെ.ഡി.എസ്, കോണ്‍ഗ്രസ് നേതൃത്വങ്ങളുടെ ആവശ്യത്തിലും കര്‍ണാടക സ്പീക്കര്‍ ചൊവ്വാഴ്ച വരെ തീരുമാനമെടുക്കേണ്ടതില്ലെന്ന് സുപ്രീംകോടതി ഉത്തരവിട്ടു.