ന്യൂദല്‍ഹി: കോണ്‍ഗ്രസിന്റെ നേതൃസ്ഥാനത്തേക്ക് രാഹുല്‍ ഗാന്ധിയുടെ പേര് സജീവമാക്കി വീണ്ടും ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍. കോണ്‍ഗ്രസിന്റെ അധ്യക്ഷപദവി കൈകാര്യം ചെയ്യാന്‍ കഴിയുന്ന ഏക നേതാവ് രാഹുലാണെന്ന് ബാഗല്‍ പറഞ്ഞു.
‘എല്ലാ പ്രശ്‌നങ്ങളിലും വ്യക്തമായ നിലപാടെടുക്കാന്‍ അദ്ദേഹത്തിനേ സാധിക്കൂ. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കാന്‍ രാഹുലിനാകും’, ബാഗല്‍ പറഞ്ഞു.
നേരത്തെ രാഹുല്‍ ഗാന്ധിയെ വീണ്ടും കോണ്‍ഗ്രസ് അധ്യക്ഷനാക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ട്ടിയുടെ ദല്‍ഹി ഘടകം പ്രമേയം പാസാക്കിയിരുന്നു. ദല്‍ഹി പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി (ഡി.പി.സി.സി) അധ്യക്ഷന്‍ അനില്‍ കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് പ്രമേയം പാസാക്കിയത്.
മുതിര്‍ന്ന നേതാക്കള്‍ പങ്കെടുത്ത യോഗം നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ വിലയിരുത്തി. തുടര്‍ന്നാണ് രാഹുല്‍ വീണ്ടും പാര്‍ട്ടി അധ്യക്ഷ സ്ഥാനത്ത് എത്തണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം പാസാക്കിയത്.
മോദി സര്‍ക്കാരിന്റെ ദുഷ്ചെയ്തികള്‍ക്കെതിരെ സന്ധിയില്ലാത്ത പോരാട്ടമാണ് രാഹുല്‍ നടത്തുന്നതെന്ന് ഡി.പി.സി.സി അധ്യക്ഷന്‍ പറഞ്ഞു. സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആത്മവീര്യം വര്‍ധിപ്പിക്കാന്‍ അദ്ദേഹം പാര്‍ട്ടിയെ അധ്യക്ഷ സ്ഥാനത്തുനിന്ന് നയിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പശ്ചിമ ബംഗാള്‍, തമിഴ്നാട് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകള്‍ക്ക് ശേഷം ജൂണില്‍ സംഘടനാ തെരഞ്ഞെടുപ്പ് നടത്തുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പാര്‍ട്ടി ദല്‍ഹി ഘടകം രാഹുലിനുവേണ്ടി പ്രമേയം പാസാക്കിയിട്ടുള്ളത്. ദല്‍ഹി ഘടകത്തെ പിന്തുടര്‍ന്ന് മറ്റുസംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് ഘടകങ്ങളും സമാനമായ പ്രമേയങ്ങള്‍ പാസാക്കാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ദയനീയ പരാജയം നേരിടേണ്ടിവന്നതിന് പിന്നാലെയാണ് രാഹുല്‍ പര്‍ട്ടി അധ്യക്ഷസ്ഥാനം രാജിവച്ചത്. തല്‍സ്ഥാനത്തേക്ക് തിരിച്ചെത്തില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് അദ്ദേഹം.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക