'ഇന്ത്യയിലെ സ്ത്രീകളുടെ വിവേകത്തെ അപമാനിക്കരുത്'; വനിതാ ബില്ലില്‍ രാഹുല്‍ ഗാന്ധി
ന്യൂദല്‍ഹി: വനിതാ സംവരണ ബില്‍ നടപ്പാകുമെന്ന കാര്യത്തില്‍ ഉറപ്പില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സംവരണ ബില്‍ കൊണ്ട് വന്നു എന്ന് പറയുന്നതല്ലാതെ അത് നടപ്പാകാന്‍ പോകുന്നില്ലെന്നും ഇന്ത്യയിലെ സ്ത്രീകളുടെ വിവേകത്തെ അപമാനിക്കരുതെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
‘വനിതാ സംവരണ ബില്‍ നടപ്പിലാക്കുന്നില്ല എന്നതാണ് വിഷയം. കേന്ദ്ര സര്‍ക്കാര്‍ ബില്ല് കൊണ്ടുവന്നെന്ന് പറയുന്നു എന്നാല്‍, അടുത്ത പത്ത് വര്‍ഷത്തേക്ക് നടപ്പിലാക്കാന്‍ പോകുന്നില്ല. എന്താണ് അതിനര്‍ത്ഥം? ഒ.ബി.സി കാസ്റ്റ് സെന്‍സസില്‍ ബില്‍ കൊണ്ടുവന്നിട്ടുണ്ട് എന്നാല്‍ 30 വര്‍ഷം കഴിഞ്ഞിട്ടേ നടപ്പാക്കൂ എന്ന് പ്രധാന മന്ത്രി പറഞ്ഞത് പോലെയാണ് ഇതും.
അതുകൊണ്ട് രണ്ട് ബില്ലും ഇപ്പോള്‍ നടപ്പാക്കുക. ഇന്ത്യയിലെ സ്ത്രീകളുടെ വിവേകത്തെ അപമാനിക്കാന്‍ ശ്രമിക്കരുത്. കാരണം, ഇന്ത്യയിലെ സ്ത്രീകള്‍ക്കറിയാം നിങ്ങളെന്താണ് ചെയ്യാന്‍ പോകുന്നതെന്ന്,’ രാഹുല്‍ ഗാന്ധി പറഞ്ഞു.
വൈകി നടപ്പാക്കാന്‍ വേണ്ടിയാണ് കേന്ദ്ര സര്‍ക്കാര്‍ ബില്ല് ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് ആരോപിച്ച രാഹുല്‍ ഗാന്ധി ഒ.ബി.സി ഉപ സംവരണം വേണമെന്നും പറഞ്ഞു. ഒ.ബി.സി ഉപ സംവരണം ഇല്ലാതെ ബില്ല് അപൂര്‍ണമാണെന്നും ഓര്‍മപ്പെടുത്തി. ഒ.ബി.സി സമുദായം ഇന്ത്യയുടെ നട്ടെല്ലാണെന്നും എന്നാല്‍ ഭരണ സംവിധാനത്തില്‍ ന്യൂനപക്ഷ വിഭാഗത്തിന്റെ സാന്നിധ്യം കുറവാണെന്നും അദ്ദേഹം പറഞ്ഞു.
‘എന്തുകൊണ്ടാണ് 90 സെക്രട്ടറിമാരില്‍ ഒ.ബി.സി വിഭാഗത്തില്‍ നിന്നും മൂന്നുപേര്‍ മാത്രം? ഒ.ബി.സി സമുദായം നമ്മുടെ രാജ്യത്തിന്റെ നട്ടെല്ലാണ്. ഇതിന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമായ മറുപടി നല്‍കണം. ഞാന്‍ ഇത് ചോദിക്കുമ്പോള്‍ അവര്‍ നിന്ന് വിയര്‍ക്കുന്നതാണ് കാണുന്നത്. സത്യാവസ്ഥ എന്താണെന്ന് വെച്ചാല്‍ ഇന്ത്യയിലെ ഒരു വലിയ വിഭാഗം ജനത്തിന് ഇവിടെ ഒരു അധികാരവും ഇല്ല,’ രാഹുല്‍ ഗാന്ധി പറഞ്ഞു.
Content Highlights: Rahul Gandhi on Women Reservation Bill