| Friday, 14th September 2018, 4:35 pm

വിജയ് മല്യയ്‌ക്കെതിരായ ലുക്കൗട്ട് നോട്ടിസ് മാറ്റിയത് മോദി: രാഹുല്‍ ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: വിജയ് മല്യക്ക് രക്ഷപ്പെടാന്‍ അവസരമൊരുക്കിയത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി.
“വിമാനത്താവളത്തില്‍ മല്യയെ അറസ്റ്റ് ചെയ്യുന്നതിനുള്ള ലുക്കൗട്ട് നോട്ടിസ് മാറ്റി, വിവരം അറിയിക്കുക എന്ന നിലയിലുള്ള നോട്ടിസ് ആക്കിയത് സി.ബി.ഐ ആണ്.

പ്രധാനമന്ത്രിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് സി.ബി.ഐ പ്രവര്‍ത്തിക്കുന്നത്. ഇത്തരമൊരു പ്രധാന കേസില്‍ പ്രധാനമന്ത്രിയുടെ അനുമതിയില്ലാതെ സി.ബി.ഐ റിപ്പോര്‍ട്ട് മാറ്റില്ല. വിവാദമായ കേസില്‍ സി.ബി.ഐ ഇതുപോലെ ഒരു ഇടപെടല്‍ നടത്തുമെന്ന കാര്യം വിശ്വസിക്കാനാകുന്നില്ല”. രാഹുല്‍ ഗാന്ധി പറയുന്നു.


ഇന്ത്യ വിടുന്നതിന് മുമ്പ് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയെ കണ്ടെന്ന മല്യയുടെ വെളിപ്പെടുത്തല്‍ വിവാദമായിരുന്നു. കാര്യങ്ങള്‍ നല്ല രീതിയില്‍ പരിഹരിക്കുന്നതിന് തന്റെ നിര്‍ദ്ദേശങ്ങള്‍ ധനകാര്യമന്ത്രിക്ക് മുമ്പില്‍ അറിയിച്ചിരുന്നുവെന്ന് ലണ്ടനില്‍ വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതിക്ക് പുറത്ത് വെച്ച് മാധ്യമങ്ങളോട് വിജയ് മല്യ വെളിപ്പെടുത്തുകയായിരുന്നു. എന്നാല്‍ തന്റെ നിര്‍ദ്ദേശങ്ങള്‍ ബാങ്കുകള്‍ തള്ളുകയായിരുന്നു എന്നും വിജയ് മല്യ കൂട്ടിച്ചേര്‍ത്തു.

വിവിധ ബാങ്കുകളില്‍നിന്നായി 9000 കോടിയുടെ വായ്പയെടുത്ത് രാജ്യം വിട്ട വിജയ് മല്യ കോടതിയില്‍ ഹാജരാകണമെന്ന് മുംബൈയിലെ സാമ്പത്തിക കുറ്റകൃത്യങ്ങളുടെ കോടതി ഉത്തരവിട്ടിരുന്നു. 12,500 കോടി മൂല്യം വരുന്ന മല്യയുടെ സ്വത്തുക്കള്‍ എത്രയും വേഗം കണ്ടുകെട്ടണമെന്ന് കേന്ദ്ര അന്വേഷണ ഏജന്‍സിയും നിര്‍ദേശിച്ചിരുന്നു.

We use cookies to give you the best possible experience. Learn more