| Saturday, 2nd May 2020, 10:31 pm

സ്പ്രിങ്കളറിന് പിന്നാലെ ഡാറ്റ സംരക്ഷണം വീണ്ടും ചര്‍ച്ചയാവുന്നു; കേന്ദ്ര സര്‍ക്കാരിന്റെ ആരോഗ്യ സേതു ആപ്പിനെതിരെ ഗുരുതരമായ ആരോപണമുയര്‍ത്തി രാഹുല്‍ ഗാന്ധി; 'വളരെ ആധുനികമായ നിരീക്ഷണ സംവിധാനം'

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊവിഡ് 19 രോഗവ്യാപനവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ ആരോഗ്യ സേതു ആപ്പിനെതിരെ ആരോപണമുയര്‍ത്തി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. വ്യക്തിയുടെ ഡാറ്റാ സംരക്ഷണവും സ്വകാര്യത സംരക്ഷണവും മുന്‍നിര്‍ത്തിയാണ് രാഹുല്‍ ഗാന്ധിയുടെ ആരോപണം.

ആരോഗ്യ സേതു ആപ്പ് വളരെ ആധുനികമായ നിരീക്ഷണ സംവിധാനമാണ്. വിവരങ്ങള്‍ എല്ലാം സ്വകാര്യ ഓപ്പറേറ്റര്‍ക്കാണ് നല്‍കുന്നത്. ഒരു മേല്‍നോട്ടവുമില്ല. ഡാറ്റ സംരക്ഷണവുമായി ബന്ധപ്പെട്ടും സ്വകാര്യതയുമായി ബന്ധപ്പെട്ടും ഗൗരവമായ സംശയങ്ങളുണ്ട്. ടെക്‌നോളജി നമ്മളെ സംരക്ഷിക്കട്ടെ. പക്ഷെ പൗരന്മാരെ അവരുടെ അനുവാദമില്ലാതെ നിരീക്ഷിക്കുന്നത് ഭയമുണ്ടാക്കുന്ന ഒന്നാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

ആരോഗ്യ സേതു ആപ് മികച്ച ശാസ്ത്രീയ ഉപകരണമാണെന്നും അടുത്ത് ഒരു കൊവിഡ് ബാധിതനുണ്ടെങ്കില്‍ അറിയാമെന്നും സ്വകാര്യതയെ സംബന്ധിച്ച വിഷയങ്ങളെ കുറിച്ച് ആശങ്ക വേണ്ടെന്നും കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞിരുന്നു. അസദ്ദുദ്ദീന്‍ ഉവൈസി ആരോഗ്യ സേതു ആപ്പിനെ കുറിച്ച് വിമര്‍ശനമുന്നയിച്ചപ്പോഴായിരുന്നു കേന്ദ്രമന്ത്രിയുടെ വിശദീകരണം.

നേരത്തെ കേരള സര്‍ക്കാര്‍ കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഡാറ്റ ശേഖരണത്തിന് വേണ്ടി സ്പ്രിങ്കളര്‍ എന്ന സ്വകാര്യ കമ്പനിയുമായി കൈകോര്‍ത്തിരുന്നു. ഇതിനെതിരെ കോണ്‍ഗ്രസ് രംഗത്ത് വന്നിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

We use cookies to give you the best possible experience. Learn more