ന്യൂദല്‍ഹി: മണിപ്പൂര്‍ അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മോദി വിചാരിക്കുന്നത് മണിപ്പൂര്‍ ഇന്ത്യയിലല്ലെന്നാണെന്നും പ്രധാനമന്ത്രി ഇതുവരെ മണിപ്പൂര്‍ സന്ദര്‍ശിക്കാന്‍ തയ്യാറായിട്ടില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.
മണിപ്പൂര്‍ ഇപ്പോള്‍ രണ്ടായിരിക്കുകയാണെന്നും ബി.ജെ.പി രാജ്യസ്‌നേഹികളല്ല രാജ്യദ്രോഹികളാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
‘മണിപ്പൂര്‍ ഇപ്പോള്‍ രണ്ടായിരിക്കുകയാണ്. താന്‍ മണിപ്പൂര്‍ സന്ദര്‍ശിക്കുകയും ജനങ്ങളുമായി സംസാരിക്കുകയും ചെയ്തു. പ്രധാനമന്ത്രി മണിപ്പൂരില്‍ പോയോ? അദ്ദേഹം മണിപ്പൂരിലുള്ളവരോട് സംസാരിക്കാന്‍ തയ്യാറാകുന്നില്ല. മണിപ്പൂരില്‍ കൊല്ലപ്പെട്ടത് ഭാരത മാതാവാണ്. ഇന്ത്യയുടെ ശബ്ദം കേട്ടില്ലെങ്കില്‍ മോദി പിന്നെ ആരെ കേള്‍ക്കും,’ രാഹുല്‍ ഗാന്ധി പറഞ്ഞു.
പ്രധാന മന്ത്രി രാവണനെ പോലെയാണെന്നും അദ്ദേഹം കേള്‍ക്കുന്നത് അമിത് ഷായെയും ഗൗതം അദാനിയെയുമാണ്, ഭാരതത്തെയല്ലെന്നും രാഹുല്‍ കുറ്റപ്പെടുത്തി. രാവണനും അതുപോലെയായിരുന്നു വിഭീഷണനെയും മേഖനാഥനെയും മാത്രമായിരുന്നു കേട്ടിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
എം.പി സ്ഥാനം തിരിച്ച് നല്‍കിയതിന് നന്ദിയെന്ന് പറഞ്ഞുകൊണ്ടാണ് രാഹുല്‍ ഗാന്ധി സംസാരം തുടങ്ങിയത്. രാഹുല്‍ ഗാന്ധി സംസാരിക്കുന്നതിനിടെ ക്വിറ്റ് ഇന്ത്യ മുദ്രാവാക്യം ഉയര്‍ത്തി ഭരണപക്ഷ എ.പിമാര്‍ ബഹളം വെച്ചു. എന്നാല്‍ താന്‍ അദാനിയെ കുറിച്ച് ഒന്നും പറയില്ലെന്നും പേടിക്കേണ്ടെന്നും പറഞ്ഞാണ് രാഹുല്‍ ഇതിനെ പരിഹസിച്ചത്.
ഹൃദത്തില്‍ നിന്ന് വരുന്ന കാര്യങ്ങളാണ് പറയാന്‍ പോകുന്നതെന്നും പ്രതിപക്ഷത്തോട് രാഹുല്‍ പറഞ്ഞു. ഭാരത് ജോഡോ യാത്രയെ കുറിച്ചും രാഹുല്‍ ഗാന്ധി സംസാരിച്ചു. യാത്ര അവസാനിച്ചിട്ടില്ലെന്നും അതിപ്പോഴും നടന്നുകൊണ്ടിരിക്കുകയാണെന്നും രാഹുല്‍ പറഞ്ഞു.
അതേസമയം, അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ ഇന്നലെ രാഹുല്‍ ഗാന്ധി സംസാരിച്ചിരുന്നില്ല. പ്രതിപക്ഷത്തിന് വേണ്ടി രാഹുല്‍ ഗാന്ധിയായിരിക്കും അവിശ്വാസ പ്രമേയ ചര്‍ച്ചക്ക് തുടക്കമിടുകയെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍, കോണ്‍ഗ്രസ് സഭാകക്ഷി ഉപനേതാവും ആസാമില്‍ നിന്നുള്ള എം.പിയുമായ ഗൗരവ് ഗൊഗോയ് ആയിരുന്നു ഇന്നലെ പ്രതിപക്ഷ വാദങ്ങള്‍ സഭയില്‍ അവതരിപ്പിച്ചത്.
രാവിലെ എഴുന്നേല്‍ക്കാന്‍ വൈകിയതുകൊണ്ടാണോ രാഹുല്‍ ഗാന്ധി സംസാരിക്കാത്തതെന്നായിരുന്നു ബി.ജെ.പി എം.പി നിഷികാന്ത് ദുബെ രാഹുലിനെ പരിഹസിച്ചത്.
Content Highlights: Rahul gandhi on no confidence motion