| Saturday, 14th July 2018, 11:32 pm

'എന്റെ അച്ഛന്‍ ജീവിച്ചതും മരിച്ചതും രാജ്യത്തിനുവേണ്ടിയാണ്'; സേക്രഡ് ഗെയിംസ് വിവാദത്തില്‍ പ്രതികരണവുമായി രാഹുല്‍ ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ബി.ജെ.പിയെപ്പോലെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുമേല്‍ കത്തിവെക്കണമെന്ന അഭിപ്രായം തനിക്കില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. നെറ്റ്ഫ്‌ളിക്‌സ് സീരിസായ സേക്രഡ് ഗെയിംസില്‍ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്കെതിരെ മോശം പരാമര്‍ശങ്ങള്‍ നടത്തിയെന്നാരോപിച്ച് നെറ്റ്ഫ്‌ളിക്‌സിനും “സേക്രഡ് ഗെയിംസ്” എന്ന വെബ് സീരീസിനെതിരെ നടക്കുന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് രാഹുലിന്റെ പ്രതികരണം.

” എന്റെ പിതാവ് രാജ്യത്തിന് വേണ്ടി ജീവിക്കുകയും രാജ്യത്തിന് വേണ്ടി മരിക്കുകയും ചെയ്തയാളാണ്. ഒരു വെബ് സീരീസിലുളള കെട്ടുകഥാപാത്രത്തിന്റെ കാഴ്ച്ചപ്പാട് കാരണം അതില്‍ മാറ്റം ഉണ്ടാകില്ല”

നെറ്റ് ഫ്‌ളിക്‌സിലെ വെബ് സീരീസ് സംപ്രേഷണം ചെയ്തതിന് പിന്നാലെ ബി.ജെ.പി ഐ.ടി സെല്ലും നേതാക്കളും പരിഹാസം ഉയര്‍ത്തി രംഗത്തെത്തിയിരുന്നു. ഇതിനിടയില്‍ ബംഗാള്‍ കോണ്‍ഗ്രസ് നേതാവായ രാജീവ് സിന്‍ഹ നടനും നിര്‍മാതാക്കള്‍ക്കുമെതിരെ പൊലീസില്‍ പരാതി നല്‍കുകുയും ചെയ്തു.

ALSO READ: ഏകദിന പരമ്പരയില്‍ ‘റൂട്ട്’ ഉറപ്പിച്ച് ഇംഗ്ലണ്ട്; ഇന്ത്യയ്ക്ക് തോല്‍വി

നവാസുദ്ദീന്‍ സിദ്ദിഖിയുടെ ഗണേഷ് എന്ന കഥാപാത്രം മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ “ഫട്ടു” എന്നു വിളിക്കുന്നുവെന്നും ഇത് സബ് ടൈറ്റിലില്‍ pu*** എന്നാണ് എഴുതികാണിക്കുന്നതെന്നും കാണിച്ചാണ് പരാതി നല്‍കിയിരുന്നത്. ചരിത്രസംഭവങ്ങളെ വളച്ചൊടിച്ചുകൊണ്ട് രാജീവ് ഗാന്ധിയെ അപമാനിക്കുന്നുവെന്നും പരാതിയില്‍ പറയുന്നു.

സംവിധായകരായ അനുരാഗ് കശ്യപും വിക്രമാദിത്യ മോട്വാനിയും ചേര്‍ന്നൊരുക്കിയിരിക്കുന്ന സേക്രഡ് ഗെയിംസ് കഴിഞ്ഞ ആഴ്ചയാണ് പ്രദര്‍ശനം ആരംഭിച്ചത്. വിക്രം ചന്ദ്ര എഴുതിയ അതേ പേരിലുള്ള നോവലിനെ ആസ്പദമാക്കിയാണ് സിരീസ് ചെയ്തിരിക്കുന്നത്.

We use cookies to give you the best possible experience. Learn more