| Thursday, 27th April 2023, 6:15 pm

ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് ആത്മഹത്യയിലൂടെ മക്കളെ നഷ്ടപ്പെടുമ്പോള്‍, മോദി ആത്മഹത്യാക്കുറിപ്പിനെപ്പറ്റി തമാശ പറയുന്നു: രാഹുല്‍ ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ആത്മഹത്യയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ബുധനാഴ്ച ഒരു മീഡിയ കോണ്‍ക്ലേവില്‍ സംസാരിക്കവെയാണ് ആത്മഹത്യാക്കുറിപ്പുമായി ബന്ധപ്പെട്ട് മോദി വിവാദ പരാമര്‍ശം നടത്തിയത്.

ഒരു പ്രൊഫസര്‍ക്ക് തന്റെ മകളുടെ ആത്മഹത്യാക്കുറിപ്പ് കിട്ടിയപ്പോള്‍ അതിലെ അക്ഷരത്തെറ്റ് കണ്ട് അദ്ദേഹം നിരാശനായി എന്നാണ് മോദി ‘തമാശ’ പറഞ്ഞത്. ഇതിനെതിരെയാണ് പ്രിയങ്ക ഗാന്ധിയും രാഹുല്‍ ഗാന്ധിയും രംഗത്ത് വന്നത്. ട്വിറ്ററിലൂടെയായിരുന്നു ഇരുവരുടെയും പ്രതികരണം.

‘ആയിരക്കണക്കിന് കുടുംബങ്ങള്‍ക്കാണ് ആത്മഹത്യയിലൂടെ സ്വന്തം മക്കളെ നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നത്. പ്രധാനമന്ത്രി അതില്‍ തമാശ കണ്ടെത്താന്‍ ശ്രമിക്കരുത്,’ രാഹുല്‍ പറഞ്ഞു.

നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്ക് പ്രകാരം 2021ല്‍ 1,64,033 പേരാണ് രാജ്യത്ത് ആത്മഹത്യ ചെയ്തതെന്നും അതില്‍ വലിയൊരു ശതമാനവും 30 വയസിന് താഴെയുള്ളവരായിരുന്നെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. യുവജനങ്ങള്‍ക്കിടയിലെ വിഷാദവും ആത്മഹത്യയും ഒരു ദുരന്തമാണെന്നും അല്ലാതെ ചിരിച്ച് തള്ളാനുള്ള വിഷയമല്ലെന്നും പ്രിയങ്ക പറഞ്ഞു.

‘യുവജനങ്ങള്‍ക്കിടയിലെ വിഷാദവും ആത്മഹത്യയും ചിരിച്ച് തള്ളിക്കളയാനുള്ള വിഷയമല്ല. നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്ക് പ്രകാരം 2021ല്‍ 1,64,033 പേരാണ് രാജ്യത്ത് ആത്മഹത്യ ചെയ്തത്, അതില്‍ വലിയൊരു ശതമാനവും 30 വയസിന് താഴെയുള്ളവരായിരുന്നു. ഇതൊരു ദുരന്തമാണ്, തമാശയല്ല. പ്രധാനമന്ത്രിയും, മോദിയുടെ തമാശ കേട്ട് ഹൃദയം തുറന്ന് ചിരിച്ചവരും വിഷാദമുള്‍പ്പെടെയുള്ള മാനസിക പ്രശ്‌നങ്ങളെ നിര്‍വികാരമായി പരിഹസിക്കുന്നതിന് പകരം പ്രസ്തുത പ്രശ്‌നങ്ങളെക്കുറിച്ച് ഗൗരവതരമായി പഠിക്കാനും സ്വയം അവബോധം സൃഷ്ടിക്കാനും ശ്രമിക്കണം,’ പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്തു.

മോദിയുടെ വീഡിയോ പങ്ക് വെച്ച് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസും തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ പ്രധാനമന്ത്രിക്കെതിരെ രംഗത്ത് വന്നിരുന്നു.

‘പ്രധാനമന്ത്രി ‘ആത്മഹത്യ’യെക്കുറിച്ച് ‘തമാശ’ പറയുകയാണ്. ഒരാള്‍ക്കെങ്ങനെയാണ് ആത്മഹത്യയെക്കുറിച്ച് ഇത്ര നിര്‍വികാരമായി സംസാരിക്കാന്‍ കഴിയുന്നത്. 1.64 ലക്ഷം പേര്‍ 2021ല്‍ ആത്മഹത്യ ചെയ്‌തെന്നാണ് ഗവണ്‍മെന്റിന്റെ കണക്കുകള്‍ പറയുന്നത്. ഓരോ ദിവസവും 450 പേര്‍ രാജ്യത്ത് ആത്മഹത്യ ചെയ്യുമ്പോള്‍, പ്രധാനമന്ത്രിക്ക് അത് തമാശയാണ്,’ കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു.

Content Highlights: Rahul gandhi on narendra modi’s ramarks about suicide

We use cookies to give you the best possible experience. Learn more