ന്യൂദല്‍ഹി: കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മതേതര സര്‍ക്കാര്‍ അധികാരത്തില്‍ വരികയാണെങ്കില്‍ നോട്ട് നിരോധനം, സൊഹ്‌റാബുദ്ദീന്‍, ജഡ്ജ് ലോയ കേസുകളില്‍ അന്വേഷണമുണ്ടാവുമെന്ന് സൂചിപ്പിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. എന്‍.ഡി.വിയുടെ രവീഷ്‌കുമാറിന് നല്‍കിയ അഭിമുഖത്തിലാണ് രാഹുലിന്റെ പ്രതികരണം. രാജ്യത്ത് ജുഡീഷ്യറി പ്രതിസന്ധി നേരിടുന്നതായും അദ്ദേഹം പറഞ്ഞു.
മൂന്ന് കാര്യങ്ങള്‍ ഒന്നിച്ച് ചോദിക്കട്ടെ, നോട്ട് നിരോധനം അഴിമതിയാണെങ്കില്‍ അന്വേഷിക്കുമോ ? അതുപോലെ സൊഹ്‌റാബുദ്ദീന്‍, ജഡ്ജ് ലോയ കേസുകളില്‍ മതേതര സര്‍ക്കാര്‍ വരികയാണെങ്കില്‍ അന്വേഷണം ഉണ്ടാവുമോ ?
ഞങ്ങള്‍ക്ക് പകയില്ല. പക്ഷെ നരേന്ദ്രമോദി പ്രവര്‍ത്തിക്കുന്നത് പോലെ ഞങ്ങള്‍ പ്രവര്‍ത്തിക്കില്ല. പക്ഷെ നിയമം ലംഘിച്ചിട്ടുണ്ടെങ്കില്‍ നിയമം അതിന്റെ വഴിയ്ക്ക് നീങ്ങും. നിയമത്തിന് മുകളില്‍ സമ്മര്‍ദ്ദമുണ്ടാവുമെന്നല്ല, നിയമനടപടികളെ അതിന്റെ സ്വാഭാവിക രീതിയില്‍ പോവാന്‍ അനുവദിക്കും.
നിങ്ങള്‍ പറയുന്നത് ജുഡീഷ്യറി സമ്മര്‍ദ്ദത്തിലാണെന്നാണോ ?
നാല് സുപ്രീംകോടതി ജഡ്ജിമാര്‍ പറഞ്ഞില്ലേ. ഞങ്ങളെ ജോലിയെടുക്കാന്‍ അനുവദിക്കുന്നില്ലെന്ന് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വന്നാണ് ജഡ്ജിമാര്‍ പറഞ്ഞത്. ഏത് ശക്തിയാണ് അവരെ ജോലിയെടുക്കാന്‍ അനുവദിക്കാത്തത്. അവര്‍ക്കെതിരെയാണ് ഞങ്ങള്‍ പോരാടിക്കൊണ്ടിരിക്കുന്നത്. താങ്കളും (രവീഷ് കുമാര്‍) ആ ശക്തിയ്‌ക്കെതിരെയാണ് പോരാടുന്നത്. താങ്കള്‍ക്കെതിരെയും വിദ്വേഷം പ്രചരണവും ആക്രമണവും ഉണ്ടാവുന്നുണ്ട്. ഞാന്‍ മനസിലാക്കുന്നുണ്ട്.