Advertisement
national news
സാമ്പത്തിക പാക്കേജ് അപര്യാപ്തം, ജനങ്ങളുടെ കൈവശം നേരിട്ട് പണമെത്തിക്കൂ; കേന്ദ്ര സർക്കാരിനോട് രാഹുൽ ​ഗാന്ധി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 May 16, 07:16 am
Saturday, 16th May 2020, 12:46 pm

ന്യൂദൽഹി: കേന്ദ്രസർക്കാരിന്റെ സാമ്പത്തിക പാക്കേജ് അപര്യാപ്തമെന്ന് കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി. ജനങ്ങളുടെ കൈവശം നേരിട്ട് പണമെത്തിക്കുകയാണ് കേന്ദ്ര സർക്കാർ ഈ ഘട്ടത്തിൽ ചെയ്യേണ്ടതെന്ന് രാഹുൽ ​ഗാന്ധി പറഞ്ഞു. തനിക്ക് ഈ ഘട്ടത്തിൽ രാഷ്ട്രീയം കളിക്കാൻ താത്പര്യമില്ലെന്ന് പറഞ്ഞ രാഹുൽ ​ഗാന്ധി രാജ്യത്തെ കർഷക തൊഴിലാളികളെയും അതിഥി തൊഴിലാളികളെയും  കൈവിടാൻ സാധിക്കില്ലെന്നും കൂട്ടിച്ചേർത്തു.

“ഇന്ന് നമ്മുടെ ജനങ്ങൾക്ക് ആവശ്യം പണമാണ് അതാണ് അവരുടെ കൈയ്യിൽ ഇപ്പോൾ ഇല്ലാത്തതും. അതുകൊണ്ട് ഞാൻ സ്നേഹപൂർവ്വം നരേന്ദ്ര മോദിയോട് പറയുകയാണ് ജനങ്ങളുടെ കയ്യിൽ നേരിട്ട് പണമെത്തിക്കണം. ഇന്ത്യ ഒരു വലിയ പ്രതിസന്ധിയിലാണ് ഇപ്പോഴുള്ളത്. കർഷകരും തൊഴിലാളികളും എല്ലാവരും പ്രതിസന്ധിയിലാണ്. എനിക്ക് ഈ സമയത്ത് രാഷ്ട്രീയം കളിക്കാൻ താത്പര്യമില്ല. പക്ഷേ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച പാക്കേജ് തീർത്തും അപര്യപ്തമാണ്. തീർച്ചയായും സർക്കാർ പാക്കേജ് പ്രഖ്യാപിച്ചു എന്നത് നല്ലത് തന്നെ. അത് മികച്ച ഒരു തീരുമാനം തന്നെയായിരുന്നു. പക്ഷേ ഇപ്പോൾ ഏറ്റവും അത്യാവശ്യം ആളുകളുടെ കൈവശം പണം എത്തിക്കുക എന്നതാണ്. നമ്മുടെ ഒരു കുട്ടിക്ക് ആക്സിഡന്റ് പറ്റിയാൽ നമ്മൾ എന്ത് വിലകൊടുത്തും സംരക്ഷിക്കില്ലേ. അത് തന്നെയാണ് കേന്ദ്ര സർക്കാർ ഇപ്പോൾ ചെയ്യണ്ടത്”. രാഹുൽ പറഞ്ഞു.

നമ്മുട കർഷക തൊഴിലാളികളെയും അതിഥി തൊഴിലാളികളെയുമൊന്നും ഈ ഘട്ടത്തിൽ സംരക്ഷിച്ചില്ലെങ്കിൽ നമ്മുടെ സമ്പദ് മേഖല പ്രവർത്തിക്കില്ല. അങ്ങനെയൊരു സാഹചര്യമുണ്ടായാൽ റേറ്റിങ്ങിനെ കുറിച്ച് ചിന്തിക്കേണ്ട അവസ്ഥ പോലും ഉണ്ടാകില്ല. ലോക്ക് ഡൗൺ നീക്കേണ്ട സമയം കഴിഞ്ഞു. ശ്രദ്ധാപൂർവ്വം കരുതലോടെ രാജ്യം തുറന്ന് പ്രവർത്തിക്കണം. ​ദുർബല വിഭാ​ഗങ്ങളെ കൈവിടാൻ നമുക്ക് സാധിക്കില്ലല്ലോ. രാഹുൽ ​ഗാന്ധി കൂട്ടിച്ചേർത്തു.