ന്യൂദല്‍ഹി: രാജസ്ഥാനിലെ ആല്‍വാറില്‍ നടന്ന ആള്‍ക്കൂട്ട കൊലപാതകത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ പ്രതികരണവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്രൂരമായ പുതിയ ഇന്ത്യയാണ് ഇത് എന്നായിരുന്നു രാഹുലിന്റെ പ്രതികരണം. അക്രമത്തില്‍ പരിക്കേറ്റയാളെ ആശുപത്രിയില്‍ എത്തിക്കാന്‍ പൊലീസ് വൈകിയ നടപടിയിലായിരുന്നു രാഹുലിന്റെ പ്രതികരണം. മനസാക്ഷിയ്ക്ക് പകരം വെറുപ്പിനെ പ്രതിഷ്ഠിക്കുകയും ആളുകളെ മരണത്തിലേക്ക് വിടുകയുമാണ് ഇവരെന്നും രാഹുല്‍ ട്വീറ്റില്‍ പറഞ്ഞു.
“” മരിച്ചുകൊണ്ടിരിക്കുന്ന അക്ബറുദ്ദീനെ വെറും ആറ് കിലോമീറ്റര്‍ അകലെയുള്ള ആശുപത്രിയിലെത്തിക്കാന്‍ പൊലീസുകാരന്‍ എടുത്ത സമയം 3 മണിക്കൂര്‍. എന്താണ് കാരണം? അവര്‍ അതിനിടെ ഒരു ചായ കുടിക്കാന്‍ പോയി. ഇതാണ് മോദിയുടെ പുതിയ ക്രൂരമായ പുതിയ ഇന്ത്യ. അവിടെ മനുഷ്യത്വത്തിന് പകരം വെറുപ്പാണ് ഉള്ളത്. ആളുകളെ മരിക്കാനായി വിട്ടേക്കുകയാണ്- ഇങ്ങനെയായിരുന്നു രാഹുലിന്റെ ട്വീറ്റ്.
ആല്‍വറില്‍ ഗോരക്ഷകരുടെ മര്‍ദ്ദനത്തിനിരയായി കൊല്ലപ്പെട്ട അക്ബറുദ്ദീനെ പൊലീസ് ആശുപത്രിയിലെത്തിച്ചത് വളരെ വൈകിയാണെന്ന് നവല്‍ കിഷോര്‍ എന്ന സംഘപരിവാര്‍ പ്രവര്‍ത്തകന്‍ വെളിപ്പെടുത്തിയിരുന്നു.
ആശുപത്രിയിലെത്തിക്കുന്നതിന് മുമ്പ് അക്ബറുദ്ദീനെ പൊലീസ് 4 മണിക്കൂര്‍ കസ്റ്റഡിയില്‍ വെച്ചെന്നും പൊലീസിനെ മുഴുവന്‍ സമയവും അനുഗമിച്ച കിഷോര്‍ എന്‍.ഡി.ടി.വിയോട് വെളിപ്പെടുത്തിയിരുന്നു.
അടിയേറ്റ് നിലത്ത് ചളിയില്‍ കുളിച്ചുകിടന്ന അക്ബറുദ്ദീനെ പൊലീസ് കുളിപ്പിച്ചു. പോകുന്ന വഴിക്ക് പൊലീസ് ആദ്യം കിഷോറിന്റെ വീടിന് സമീപം നിര്‍ത്തി. അക്ബറുദ്ദീന്റെ പശുക്കളെ സമീപത്തുള്ള ഗോശാലയിലേക്ക് കൊണ്ടുപോകാനുള്ള വാഹനം സംഘടിപ്പിക്കാന്‍ വേണ്ടിയായിരുന്നു ഇത്. ഇതിനിടയില്‍ പൊലീസ് വാഹനത്തിനുള്ളില്‍ വെച്ച് അക്ബറുദ്ദീനെ മര്‍ദ്ദിക്കുന്നതും ജീവനുണ്ടോയെന്ന് ചോദിച്ച് തെറിവിളിക്കുന്നതും കണ്ടതായി കിഷോറിന്റെ ബന്ധുവുമായ പറയുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
വാഹനം സംഘടിപ്പിച്ച ശേഷം പൊലീസുകാര്‍ പിന്നെ പോയത് ചായ കുടിക്കാനാണ്. പശുവുമായുള്ള വാഹനം കടന്നു പോയതിന് ശേഷം മാത്രമാണ് പൊലീസ് അവിടെ നിന്നും നീങ്ങിയത്. പിന്നീട് സ്റ്റേഷനിലേക്കാണ് പൊലീസ് അക്ബറുദ്ദീനെ കൊണ്ടുപോയത്. സ്റ്റേഷന് സമീപത്തായിരുന്നു ആശുപത്രിയെങ്കിലും 4 മണിയോടെയാണ് പൊലീസ് അങ്ങോട്ടു പോകാന്‍ തയ്യാറായത്.
ആശുപത്രിയിലെത്തും മുന്‍പ് അക്ബറുദ്ദീന്‍ മരിച്ചതായി ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. എഫ്.ഐ.ആര്‍ റിപ്പോര്‍ട്ടില്‍ പറയുന്നത് പ്രകാരം 12.41ന് പൊലീസിന് മര്‍ദ്ദനം നടക്കുന്നതായി വിവരം ലഭിച്ചിരുന്നെന്നാണ്. 1.15നും 1.20നും ഇടയിലായി പൊലീസ് സംഭവസ്ഥലത്തെത്തിയെന്ന് നവല്‍ കിഷോറും പറയുന്നു.
ഗോരക്ഷകര്‍ തങ്ങളെ ആക്രമിക്കാനെത്തിയത് തോക്കുകളും വടികളും കൊണ്ടെന്ന് രക്ഷപ്പെട്ട അസ്ലം വെളിപ്പെടുത്തിയിട്ടുണ്ട്. കൊല്ലപ്പെട്ട അക്ബര്‍ ഖാനും അസ്ലമും പശുക്കളെ തെളിച്ചുകൊണ്ടു പോകുമ്പോഴായിരുന്നു ആക്രമണം.
” അക്ബര്‍ ഖാന്‍ പശുക്കളെ തെളിച്ച് റോഡിലേക്ക് കയറ്റുകയായിരുന്നു, ഞാനദ്ദേഹത്തിന്റെ തൊട്ടു പുറകിലുണ്ടായിരുന്നു. അപ്പോഴാണ് ആകാശത്തേക്ക് വെടിവെച്ച് അക്രമിസംഘമെത്തിയത്. രണ്ടു പേര്‍ എന്റെ നേര്‍ക്ക് ഓടി, മറ്റുള്ളവര്‍ അക്ബര്‍ ഖാനെ പിടികൂടി” ഗോരക്ഷകരുടെ കൈകളില്‍പ്പെടാതെ വയലില്‍ ഒളിക്കാന്‍ കഴിഞ്ഞത് കൊണ്ടാണ് രക്ഷപ്പെടാന്‍ കഴിഞ്ഞതെന്ന് അസ്ലം പറയുന്നു.
“അക്ബര്‍ കരയുന്ന ശബ്ദം കേട്ടെങ്കിലും പുറത്തുവരാന്‍ കഴിഞ്ഞില്ല, അക്ബറിനെ തല്ലാന്‍ ഗോരക്ഷകര്‍ പരസ്പരം ആക്രോശിക്കുന്നത് കേട്ടിരുന്നു, വിജയ് അവന്റെ കാലുകള്‍ തല്ലിയൊടിക്ക്, ധര്‍മേന്ദര്‍ അവന്റെ തലതല്ലിപ്പൊളിയ്ക്ക്, നരേഷ് അവന്റെ കൈയ്യൊടിക്ക്. ഇങ്ങനെയാണ് അവര്‍ പരസ്പരം സംസാരിച്ചത്. ഏഴു പേരുണ്ടായിരുന്നു സംഘത്തില്‍ ഇതില്‍ അഞ്ച് പേരുടെ പേരുകള്‍ എനിക്ക് ഓര്‍ത്തെടുക്കാന്‍ സാധിക്കും. അസ്ലം പറയുന്നു.”