വയനാട്: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എം.പിയുടെ ഓഫീസ് ആക്രമണവുമായി ബന്ധപ്പെട്ട് പിരിച്ചുവിട്ട എസ്.എഫ്.ഐ വയനാട് ജില്ലാ കമ്മിറ്റി പുനഃസംഘടിപ്പിച്ചു.
പിരിച്ചുവിട്ട എസ്.എഫ്.ഐ ജില്ല കമ്മിറ്റി നേതൃനിരയില്‍ മാറ്റങ്ങളില്ലാതെയാണ് പുനഃസംഘാടനം. രാഹുല്‍ ഗാന്ധിയുടെ ഓഫീസിലേക്ക് നടത്തിയ പ്രതിഷധത്തിന് മുന്നിലുണ്ടായിരുന്നവര്‍ തന്നെയാണ് പുതിയ കമ്മിറ്റിയിലും ഭാരവാഹികള്‍.
എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോയുടെ സാന്നിധ്യത്തില്‍ എസ്.എഫ്.ഐ ജില്ലാ കമ്മിറ്റി ഓഫീസില്‍ നടന്ന യോഗത്തിലാണ് ജില്ലാ ഘടകം പുനഃസംഘടിപ്പിച്ചത്.
രാഹുല്‍ ഗാന്ധിയുടെ എം.പി ഓഫീസ് ആക്രമണം വിവാദമായതോടെ എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി ജില്ല നേതൃത്വത്തെ തള്ളിപ്പറയുകയും ജില്ലയിലെത്തി അന്വേഷണം നടത്തുകയും ചെയ്തിരുന്നു. ജില്ലാ കമ്മിറ്റിക്ക് ഗുരുതര വീഴ്ച സംഭവിച്ചുവെന്ന് എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് കെ. അനുശ്രീ അന്ന് സമ്മതിച്ചിരുന്നു. കമ്മിറ്റി പിരിച്ചുവിട്ട് ജില്ലാ ജോയിന്റ് സെക്രട്ടറി എല്‍ദോസ് മത്തായി കണ്‍വീനറായി ഏഴംഗ അഡ്‌ഹോക്ക് കമ്മിറ്റിക്ക് സംസ്ഥാന നേതൃത്വം ചുമതല നല്‍കുകയായിരുന്നു.
കമ്മിറ്റി പുനഃസംഘടിപ്പിച്ചത് സംഘടന പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ എടുത്ത തീരുമാനമാണെന്ന് എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് കെ. അനുശ്രീ മാധ്യമങ്ങളോട് പറഞ്ഞു. വീഴ്ച സംഭവിച്ചുവെന്ന് വ്യക്തമായതുകൊണ്ടാണ് അന്ന് നടപടിയെടുത്തത്. അതിന്റെ അര്‍ഥം അവരെ പൂര്‍ണമായി എസ്.എഫ്.ഐയില്‍നിന്ന് മാറ്റിനിര്‍ത്തി എന്നല്ല. അവരെ തിരിച്ചുകൊണ്ടുവരാനുള്ള മാര്‍ഗങ്ങളുടെ ഭാഗമായാണ് അഡ്‌ഹോക് കമ്മിറ്റി രൂപവത്കരിച്ചതെന്നും അനുശ്രീ പറഞ്ഞു.
അതേസമയം, എം.പി ഓഫീസ് ആക്രമണത്തിനിടെ ഗാന്ധി ചിത്രം തകര്‍ക്കപ്പെട്ട സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഓഗസ്റ്റ് 19ന് അറസ്റ്റ് ചെയ്തിരുന്നു. എസ്.എഫ്.ഐ പ്രതിഷേധത്തിന് ശേഷമാണ് ഇവര്‍ ഗാന്ധി ചിത്രം തകര്‍ത്തതെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തുകയായിരുന്നു.
ജിഷ്ണു ഷാജിയെ എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയായും ജോയല്‍ ജോസഫിനെ പ്രസിഡന്റായുമാണ് വീണ്ടും തെരഞ്ഞെടുത്തത്. സ്റ്റാലിന്‍ ജോഷി, എല്‍ദോസ് മത്തായി, സാന്ദ്ര രവീന്ദ്രന്‍ എന്നിവരാണ് ജോ. സെക്രട്ടറിമാര്‍. അപര്‍ണ ഗൗരി, എം.എസ്. ആദര്‍ശ്, അശ്വിന്‍ ഹാഷ്മി എന്നിവരെ വൈസ് പ്രസിഡന്റുമാരായും തെരഞ്ഞെടുത്തു.